ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണ് ‘ഓപ്പറേഷൻ ത്രാൽ'. സിനിമയുടെ ടീസർ സൗണ്ട് ഡിസൈൻ വീഡിയോയ്ക്ക് താഴെ സൗണ്ട് ഡിസൈനർ അജയൻ അടാട്ട് ഇട്ട കമന്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. അജയൻ അടാട്ടിനെതിരെ രതീഷ് വേഗ, എം.ആർ. രാജാകൃഷ്ണൻ എന്നിവർ രംഗത്തെത്തി. ഒരേ ഇൻഡസ്ട്രിയിൽ തന്നെ വർക്ക് ചെയ്യുന്ന ഒരാളുടെ ഇത്തരത്തിലുള്ള കമന്റ് ഏറെ വിഷമിപ്പിച്ചുവെന്നാണ് രതീഷ് വേഗ ഈ കമന്റിനുള്ള മറുപടിയായി കുറിച്ചത്.
'ഓപ്പറേഷൻ ത്രാലി'ന്റെ സൗണ്ട് ഡിസൈനറായ ആർ.എസ് വിക്കി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ടീസർ സൗണ്ട് ഡിസൈൻ ഗ്ലിംപ്സ് വീഡിയോയ്ക്ക് താഴെയാണ് അജയൻ അടാട്ട് കമന്റ് ചെയ്തത്. . ചിത്രം ആർഎസ്എസ് അനുഭാവ ചിത്രമാണെന്ന രീതിയിലാണ് അജയൻ പങ്കുവച്ച കമന്റ്.
"ഒരേ ഇൻഡസ്ട്രിയിൽ തന്നെ വർക്ക് ചെയ്യുന്ന ഒരാളിൽ നിന്ന് ഇങ്ങനെയൊരു കമന്റ് കാണുമ്പോൾ വലിയ വിഷമം തോന്നുന്നു. ഒരു പ്രോജക്റ്റ് ചെയ്തെടുക്കാൻ എത്രത്തോളം കഷ്ടപ്പാടും അധ്വാനവും വേണമെന്ന് നിങ്ങൾക്ക് നന്നായി അറിയാവുന്നതല്ലേ. വിമർശനങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു, പക്ഷേ സഹപ്രവർത്തകരായ ക്രിയേറ്റേഴ്സിനോട് കുറച്ചുകൂടി ബഹുമാനം കാണിക്കാമായിരുന്നു എന്ന് വിശ്വസിക്കുന്നു. ഇത് കാണുമ്പോൾ ശരിക്കും സങ്കടമുണ്ട്," എന്നാണ് രതീഷ് വേഗ കമന്റിന് മറുപടിയായി കുറിച്ചിരിക്കുന്നത്.
"നിങ്ങളിൽ നിന്ന് ഇത് കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി, ഈ ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച ഒരു ടെക്നീഷ്യനിൽ നിന്ന് ഇങ്ങനെയാണോ ഒരു പ്രതികരണം ഉണ്ടാകേണ്ടത്?.. ഇതിന് പിന്നിലെ കാരണം എന്താണെന്ന് എനിക്ക് അറിയണം," എന്നാണ് അജയൻ അടാട്ടിന്റെ കമന്റിനെതിരെ സൗണ്ട് ഡിസൈനറും റീ-റെക്കോർഡിങ് മിക്സറുമായ എം. ആർ. രാജാകൃഷ്ണൻ പ്രതികരിച്ചിരിക്കുന്നത്. "മോനെ വളരെ മോശം" എന്നാണ് നിർമാതാവ് ജോബി ജോർജ് തടത്തിൽ ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്. "നിങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വർക്കിന് മറുപടി നൽകുന്നത് ഇങ്ങനെയാണോ?'' എന്നാണ് ആർ.എസ്. വിക്കിയുടെ മറുപടി.
ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഓപ്പറേഷൻ ത്രാലി'ൽ മുരളി ശർമ, റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ദിഖ്, സായ് കുമാർ, സിറാജുദ്ദീൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. എൻഐഎ ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ ജയസൂര്യ വേഷമിടുന്നത്. പാൻ-ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുന്നത്. രചനയും സംവിധാനവും നിർവഹിക്കുന്നതിനൊപ്പം ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് രതീഷ് വേഗ തന്നെയാണ്.