ആമിർ ഖാൻ, ആമസോൺ പ്രൈം വീഡിയോ ലോഗോ 
OTT

സിത്താരേ സമീന്‍ പറിന് ആമസോണ്‍ പ്രൈം വാഗ്ദാനം ചെയ്തത് 120 കോടി; ഓഫര്‍ നിരസിച്ച് ആമിര്‍ ഖാന്‍

നേരത്തെ നെറ്റ്ഫ്‌ളിക്‌സും സിത്താരേ സമീന്‍ പറിന്റെ റൈറ്റ്‌സ് സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ആമിർ ഖാൻ ഇത് നിരസിക്കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് സിത്താരേ സമീന്‍ പര്‍. ഒരു കോമഡി ചിത്രമാണ് ഒരുങ്ങുന്നതെന്ന് നേരത്തെ തന്നെ ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു.

സിത്താരേ സമീന്‍ പര്‍ 2007ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ പ്രീക്വല്‍ ആണെന്നും ചിത്രത്തിലെ തന്റെ കഥാപാത്രം പൊളിറ്റിക്കലി ഇന്‍കറക്ട് ആണെന്നും ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു. ജൂണ്‍ 20ന് തിയേറ്ററുകൡലേക്കാത്തിനിരിക്കെ ആമസോണ്‍ പ്രൈം വീഡിയോയുടെ ഓഫര്‍ ആമിര്‍ ഖാന്‍ നിരസിച്ചുവെന്ന വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്തുവരികയാണ്.

120 കോടിയാണ് ആമസോണ്‍ പ്രൈം വാഗ്ദാനം ചെയ്തിരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്ത ഉടനെ തന്നെ ഒടിടികളിലേക്ക് സിനിമ എത്തുന്ന ട്രെന്‍ഡിനെ പ്രോത്സാഹിപ്പിക്കുന്നതിനോട് ആമിര്‍ ഖാന് താത്പര്യമില്ലെന്നാണ് ട്രേഡ് അനലിസ്റ്റായ കോമള്‍ നാഹ്ത പറയുന്നത്.

കാണികളെ തീയേറ്ററുകളിലേക്കെത്തിക്കാന്‍ എട്ട് ആഴ്ചയോളമെങ്കിലും ഒടിടി റിലീസ് തടയണമെന്നാണ് ആമിര്‍ ഖാന്‍ താത്പര്യപ്പെടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത് ആദ്യമായല്ല ആമിര്‍ ഖാന്‍ ഓഫര്‍ നിരസിക്കുന്നത്. നേരത്തെ നെറ്റ്ഫ്‌ളിക്‌സും സിത്താരേ സമീന്‍ പറിന്റെ റൈറ്റ്‌സ് സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ആമിര്‍ ഖാന്‍ ഇത് നിരസിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യില്ലെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു. തിയേറ്ററുകളിലും കാണികളിലും തനിക്ക് വിശ്വാസമുണ്ടെന്നായിരുന്നു ആമിര്‍ ഖാന്‍ പറഞ്ഞത്. നല്ല സിനിമകള്‍ നിര്‍മിച്ചാല്‍ ആളുകള്‍ ബിഗ് സ്‌ക്രീനിലേക്ക് എത്തുമെന്നും നടന്‍ അന്ന് പറഞ്ഞിരുന്നു.

ഭിന്ന ശേഷിക്കാരെക്കുറിച്ചുള്ള ചിത്രമാണ് സിത്താരേ സമീന്‍ പര്‍. സ്‌നേഹത്തെയും സൗഹൃദത്തെയും ജീവിതത്തെയും കുറിച്ചുള്ള സിനിമയാണത്. താരെ സമീന്‍ പര്‍ നിങ്ങളെ കരയിപ്പിച്ച സിനിമയാണ്. എന്നാല്‍, സിത്താരെ സമീന്‍ പര്‍ നിങ്ങളെ ചിരിപ്പിക്കും. താരെ സമീന്‍ പറിന്റെ പ്രമേയമാണ്, എന്നാല്‍, ഇതൊരു കോമഡി സിനിമയാണെന്നും ആമിര്‍ ഖാന്‍ അഭിമുഖത്തില്‍ പറയുന്നു.

താരെ സമീന്‍ പറിലെ നികുംബ് എന്ന തന്റെ കഥാപാത്രം വളരെ സെന്‍സിറ്റീവായിരുന്നു. എന്നാല്‍, സിത്താരെ സമീന്‍ പറിലെ ബാസ്‌കറ്റ് ബോള്‍ കോച്ചായെത്തുന്ന തന്റെ ഗുല്‍ഷന്‍ എന്ന കഥാപാത്രം പൊളിറ്റിക്കലി ഇന്‍കറക്ടാണ്. ഒട്ടും സെന്‍സിറ്റീവല്ലാത്ത, പരുക്കന്‍ സ്വഭാവമുള്ള, എല്ലാവരെയും അപമാനിക്കുന്ന കഥാപാത്രമാണ്. ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന കഥാപാത്രത്തിന്റെ പരിണാമമാണ് ചിത്രത്തിന്റെ പ്രമേയമെന്നും ആമിര്‍ ഖാന്‍ പറയുന്നു. സ്പാനിഷ് ചിത്രം ചാംപ്യന്‍സിന്റെ റീമേക്കാണ് ചിത്രമെന്നും ആമിര്‍ ഖാന്‍ അറിയിച്ചു.

ആര്‍ എസ് പ്രസന്ന സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആമിര്‍ ഖാനും കിരണ്‍ റാവുവും ചേര്‍ന്നാണ്. സിത്താരെ സമീന്‍ പറില്‍ ജെനീലിയയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

SCROLL FOR NEXT