രുപാലി ഗാംഗുലി Source : X
OTT

"ഞങ്ങളും കഠിനാധ്വാനം ചെയ്യുന്നില്ലേ?"; ടെലിവിഷന്‍ താരങ്ങള്‍ക്കും ദേശീയ അവാര്‍ഡ് വേണമെന്ന് നടി രൂപാലി ഗാംഗുലി

71-ാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് രൂപാലിയുടെ പ്രതികരണം.

Author : ന്യൂസ് ഡെസ്ക്

അനുപമ എന്ന ഹിന്ദി സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി രൂപാലി ഗാംഗുലി ടെലിവിഷന്‍ താരങ്ങള്‍ക്കും ദേശീയ പുരസ്‌കാരം വേണമെന്ന ആവശ്യം ഉന്നയിച്ചു. അടുത്തിടെ മുംബൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. 71-ാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് രൂപാലിയുടെ പ്രതികരണം.

"സിനിമാ താരങ്ങള്‍ മുതല്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സ് വരെ എല്ലാവര്‍ക്കും ദേശീയ പുരസ്‌കാരമുണ്ട്. എന്നാല്‍ ടിവി ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒന്നുമില്ല. കോവിഡ് മഹാമാരി സമയത്ത് പോലും മറ്റുള്ളവര്‍ ഷൂട്ടിംഗ് ഷെഡ്യൂള്‍ മാറ്റി വെച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ ജോലി തുടര്‍ന്നു. ഒരു സിനിമാ താരം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുമ്പോള്‍ അത് വാര്‍ത്തകളില്‍ ഇടം നേടുന്നു. എന്നാല്‍ കൊവിഡ് സമയത്ത് ഞങ്ങള്‍ ടിവി ആര്‍ട്ടിസ്റ്റുകള്‍ രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് വരെ എങ്ങനെയാണ് തുടര്‍ച്ചയായി പ്രവര്‍ത്തിച്ചതെന്ന് ആരും സംസാരിച്ചില്ല. ഞങ്ങളെയും പരിഗണിക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ വളരെ അധികം കഠിനാധ്വാനം ചെയ്യുന്നവരാണ്", രൂപാലി മാധ്യമങ്ങളോട് പറഞ്ഞു.

ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായ രൂപാലി ക്യൂംകി സാസ് ഭി കഭി ബഹു ധി എന്ന പുതിയ പരമ്പരയിലൂടെ തിരിച്ചുവരവ് നടത്തിയ സ്മൃതി ഇറാനിക്കെതിരെ സംസാരിച്ചത് സമൂഹമാധ്യമത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് രൂപാലി മാധ്യമങ്ങളോട് സ്മൃതി ഇറാനി തിരിച്ചെത്തിയതില്‍ സന്തോഷം അറിയിച്ചു. "ക്യൂംകി സാസ് ഭി കഭി ബഹു ധിയുടെ പുതിയ പതിപ്പിലൂടെ സ്മൃതി ഇറാനി ടിവിയിലേക്ക് തിരിച്ചെത്തിയത്, എന്റെ ഷോയുടെ അതേ ചാനലിലാണ് സംപ്രേഷണം ചെയ്യുന്നത്. സ്മൃതി ജി ടിവിയിലേക്ക് തിരിച്ചെത്തിയതില്‍ എനിക്ക് വളരെ അഭിമാനമുണ്ട്. അത് വലിയൊരു മാറ്റമുണ്ടാക്കുകയും ആളുകളുടെ ശ്രദ്ധ ടിവിയിലേക്ക് തിരിച്ചുകൊണ്ടുവരുകയും ചെയ്യും", എന്നാണ് രൂപാലി പറഞ്ഞത്.

രൂപാലി ഗാംഗുലിയുടെ അനുപമ എന്ന സീരിയല്‍ പ്രശസ്ത ബംഗാളി സീരിയലായ ശ്രീമോയിയുടെ ഹിന്ദി റീമേക്കാണ്. രാജന്‍ ഷാഹിയാണ് അനുപമയുടെ നിര്‍മാതാവ്.

SCROLL FOR NEXT