ടെഡ് സരണ്ടോസ്, അനുരാഗ് കശ്യപ്  Source : Instagram
OTT

"നെറ്റ്ഫ്ലിക്സ് സിഇഒ വിഡ്ഢി"; ടെഡ് സരണ്ടോസിനെ വിമര്‍ശിച്ച് അനുരാഗ് കശ്യപ്

നെറ്റ്ഫ്ലിക്സ് കോ സിഇഒ ആയ ടെഡ് സരണ്ടോസ് തങ്ങളുടെ ആദ്യ ഇന്ത്യന്‍ ഒറിജിനലായി 'സേക്രഡ് ഗെയിംസ്' തിരഞ്ഞെടുത്തത് തെറ്റായി തോന്നുന്നു എന്നാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

വിക്രം ചന്ദ്രയുടെ നോവലിനെ ആസ്പദമാക്കി വിക്രമാദിത്യ മോട്‌വാനെയും അനുരാഗ് കശ്യപും സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് സീരീസാണ് 'സേക്രഡ് ഗെയിംസ്'. ഇത് നെറ്റ്ഫ്ലിക്സിന്റെ ആദ്യ ഇന്ത്യന്‍ ഒറിജിനല്‍ പ്രൊഡക്ഷന്‍ ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ ആരാധകര്‍ വളരെ ആവേശത്തോടെയാണ് സീരീസിനെ വരവേറ്റത്. എന്നാല്‍ നെറ്റ്ഫ്ലിക്സ് കോ - സിഇഒ ആയ ടെഡ് സരണ്ടോസ് തങ്ങളുടെ ആദ്യ ഇന്ത്യന്‍ ഒറിജിനലായി 'സേക്രഡ് ഗെയിംസ്' തിരഞ്ഞെടുത്തത് തെറ്റായി തോന്നുന്നുവെന്നാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഈ പ്രസ്താവനയില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് സന്തുഷ്ടനല്ല. അതിനാല്‍ അനുരാഗ് അദ്ദേഹത്തെ 'വിഡ്ഢി' എന്ന് വിളിച്ചുകൊണ്ട് വിമര്‍ശിച്ചിരിക്കുകയാണ്.

നിഖില്‍ കാമത്തിന്റെ പോഡ്കാസ്റ്റിലാണ് സരണ്ടോസ് ഇക്കാര്യം പങ്കുവെച്ചത്. ഒരു പക്ഷെ വീണ്ടും പഴയ കാലത്തേക്ക് മടങ്ങി പോവുകയാണെങ്കില്‍ 'സേക്രഡ് ഗെയിംസ്' റിലീസ് ചെയ്യാന്‍ രണ്ട് വര്‍ഷം കൂടി കാത്തിരിക്കുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് കൂടതല്‍ ജനപ്രിയവും കാണാന്‍ എളുപ്പവുമായ ഷോ തിരഞ്ഞെടുക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അനുരാഗ് കശ്യപ് അതിന് മറുപടി പറഞ്ഞത്, 'സാസ് ബഹു' എന്ന പരിപാടിയിലൂടെ നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഒറിജിനല്‍ ആരംഭിക്കണമായിരുന്നു എന്നാണ് പറഞ്ഞത്. അത് കഴിഞ്ഞ ദിവസം പുറത്തുവന്ന ഏക്ത കപൂറുമായുള്ള നെറ്റ്ഫ്ലിക്സിൻ്റെ പുതിയ കരാറിനെ പരിഹസിച്ചു കൊണ്ടുള്ള കമന്റാണെന്നും സംശയമുണ്ട്.

"കഥ പറയുന്നതില്‍ ടെക്‌നോളജി അറിയുന്നവര്‍ വിഡ്ഢികളാണെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാല്‍ ടെഡ് സരണ്ടോസ് വിഡ്ഢി എന്നതിന്റെ നിര്‍വചനമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. അത് കണ്ടെത്തിയതില്‍ സന്തോഷം. ഇപ്പോള്‍ എല്ലാം വ്യക്തമാണ്", എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്.

അതേസമയം, വിക്രം ചന്ദ്രയുടെ നോവലിനെ ആസ്പദമാക്കിയുള്ള ഒരു ക്രൈം ത്രില്ലറാണ് 'സേക്രഡ് ഗെയിംസ്'. സെയ്ഫ് അലി ഖാന്‍ അവതരിപ്പിക്കുന്ന സര്‍താജ് സിംഗ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ നവാസുദ്ദീന്‍ സിദ്ദിഖി അവതരിപ്പിക്കുന്ന ഗുണ്ടാസംഘം ഗണേഷ് ഗെയ്തോണ്ടെയെ കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് കഥ. 25 ദിവസത്തിനുള്ളില്‍ മുംബൈയെ നശിപ്പിക്കുമെന്ന് ഗെയ്തോണ്ടെ ഭീഷണിപ്പെടുത്തി. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് കഥ.

രാധികാ ആപ്തെ, സുര്‍വീന്‍ ചൗള, കല്‍ക്കി കോച്ച്ലിന്‍, രണ്‍വീര്‍ ഷോറി, പങ്കജ് ത്രിപാഠി, അമൃത സുഭാഷ്, എല്‍നാസ് നൊറൂസി, രാജശ്രീ ദേശ്പാണ്ഡെ, നീരജ് കബി, കുബ്ര സെയ്ത്, അമേ വാഗ് തുടങ്ങി നിരവധി പ്രതിഭകള്‍ ഈ പരമ്പരയില്‍ ഉണ്ടായിരുന്നു.

SCROLL FOR NEXT