'ഹഖ്' സിനിമയിൽ യാമി ​ഗൗതം 
OTT

പാകിസ്ഥാനിലും നൈജീരിയയിലും ട്രെൻഡിങ്ങായി 'ഹഖ്'; സിനിമയ്ക്ക് അപ്രതീക്ഷിത സ്വീകാര്യത

സിനിമ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തതിന് പിന്നാലെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: യാമി ​ഗൗതം, ഇമ്രാൻ ഹാഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുപർൺ വർമ അണിയിച്ചൊരുക്കിയ കോർട്ട് റൂം ഡ്രാമയാണ് 'ഹഖ്'. വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് ജീവനാംശത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി സമ്പാദിച്ച ഷാബാനു ബീഗത്തിന്റെ ജീവിതത്തെയും നിയമപോരാട്ടത്തെയും ആസ്പദമാക്കിയതാണ് 'ഹഖ്' അണയിച്ചൊരുക്കിയത്. സിനിമ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തതിന് പിന്നാലെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ജനുവരി രണ്ടിനാണ് 'ഹഖ്' ഒടിടി സ്ട്രീമിങ് ആരംഭിച്ചത്. ഇന്ത്യൻ അതിർത്തിക്ക് പുറത്ത് സിനിമ വലിയ ചർച്ചയായത് ഡിജിറ്റൽ സ്ട്രീമിങ് ആരംഭിച്ചതോടെയാണ്. ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെ പാകിസ്ഥാനിലും നൈജീരിയയിലും സിനിമ ട്രെൻഡിങ്ങായി. നെറ്റ്‌ഫ്ലിക്സിലെ ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ് സിനിമ.

ഒടിടിയിൽ എത്തിയതിന് പിന്നാലെ പാകിസ്ഥാനിലെ പ്രമുഖ നടികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും ചിത്രത്തെ വാനോളം പുകഴ്ത്തി. സിനിമ ഇസ്ലാമിക നിയമങ്ങളേയും കുടുംബ ബന്ധങ്ങളേയും വളരെ കൃത്യമായി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും പാകിസ്ഥാൻ സിനിമകളേക്കാൾ വ്യക്തമായി കാര്യങ്ങൾ പ്രതിപാദിക്കുന്നുണ്ടെന്നുമാണ് പല പ്രമുഖരും അഭിപ്രായപ്പെടുന്നത്. നടിയും എഴുത്തുകാരിയുമായ ഫസീല ഖാസി, നടിയും ഇൻഫ്ലുവൻസറുമായ മറിയം നൂർ, തിരക്കഥാകൃത്ത് യാസിർ ഹുസൈൻ തുടങ്ങിയ പാകിസ്ഥാനിലെ പ്രമുഖർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി.

'എന്ത് മനോഹരമായ ചിത്രം' എന്നാണ് യാസിർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. 'ഇന്ത്യയിലെ ഹിന്ദുക്കൾ നിർമിച്ച ചിത്രം ഖുറാനേയും കുടുംബ വ്യവസ്ഥയേയും വിവാഹ മോചനത്തേയും തങ്ങളുടെ സിനിമകളേക്കാൾ കൃത്യതയോടെ അവതരിപ്പിച്ചു' എന്നാണ് മറിയം നൂർ അഭിപ്രായപ്പെട്ടത്. സിനിമയുടെ വൈകാരികമായ ആഴം തന്നെ കരയിപ്പിച്ചു എന്ന് ഫസീല ഖാസിയും കുറിച്ചു.

നൈജീരിയയിലും 'ഹഖ്' സ്ട്രീമിങ്ങിൽ ഒന്നാം സ്ഥാനത്താണ്. രാജ്യത്തെ 50 ശതമാനത്തിലധികം വരുന്ന മുസ്ലീം ജനസംഖ്യയും പൈതൃക നിയമങ്ങളും സിനിമയിലെ പ്രമേയവുമായി അടുത്തു നിൽക്കുന്നതാണ് ഈ സ്വീകാര്യതയ്ക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്. സ്വന്തം കുട്ടികളുടെ സംരക്ഷണത്തിനായി ഒരു സ്ത്രീക്ക് കോടതി കയറേണ്ടി വരുന്ന സാഹചര്യം നൈജീരിയൻ പ്രേക്ഷകർക്കിടയിൽ വലിയ വികാരമാണ് ഉണ്ടാക്കിയത്.

സുപർൺ വർമ സംവിധാനം ചെയ്ത ചിത്രത്തിൽ ഷാസിയ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യാമി ഗൗതം ആണ്. ഇമ്രാൻ ഹാഷ്മിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. അനാവശ്യ നാടകീയത ഒഴിവാക്കി ഷാസിയയുടെ നിയമപോരാട്ടം പച്ചയായി അവതരിപ്പിച്ചു എന്നതാണ് സിനിമയുടെ പ്രത്യേകത.

SCROLL FOR NEXT