

കൊച്ചി: ഇന്ത്യൻ സിനിമയിൽ വിശേഷപ്പെട്ട സ്ഥാനമുള്ള ചിത്രമാണ് 1997ൽ റിലീസ് ആയ 'ബോർഡർ'. ജെ.പി. ദത്ത സംവിധാനം ചെയ്ത ചിത്രത്തിൽ സണ്ണി ഡിയോൾ, അക്ഷയ് ഖന്ന, ജാക്കി ഷ്റോഫ് എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരന്നത്. സണ്ണിക്കൊപ്പം യുവതാരനിര അണിനിരന്ന സിനിമയുടെ രണ്ടാം ഭാഗത്തിനും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. ആദ്യ ഷോകൾ അവസാനിക്കുമ്പോൾ മികച്ച പ്രതികരണമാണ് 'ബോർഡർ 2'ന് ലഭിക്കുന്നത്.
സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ നിരവധി ട്രോളുകളും വിമർശനങ്ങളും വന്നിരുന്നു. ഒരു ക്ലാസിക് ചിത്രത്തെ നശിപ്പിക്കുകയാണോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന ചോദ്യം. എന്നാൽ, റിലീസ് ആയതിന് പിന്നാലെ മികച്ച അഭിപ്രായമാണ് 'ബോർഡർ 2' നേടിയെടുക്കുന്നത്. വമ്പൻ ആദ്യ ദിന കളക്ഷൻ ആണ് സിനിമ സ്വന്തമാക്കിയത്.
ബോക്സ് ഓഫീസ് ട്രാക്കറായ സാക്നിൽക് റിപ്പോർട്ട് പ്രകാരം, സിനിമ ഇന്ത്യയിൽ നിന്ന് മാത്രം ആദ്യദിനം 30 കോടി രൂപയാണ് നേടിയത്. ഇതോടെ, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രൺവീർ സിംഗിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ധുരന്ധർ' ആദ്യദിനം നേടിയ 28 കോടി രൂപ എന്ന റെക്കോർഡ് 'ബോർഡർ 2' മറികടന്നു. സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയ വരുൺ ധവാൻ, ദിൽജിത് ദോസഞ്ച്, അഹാൻ ഷെട്ടി എന്നിവരുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് ആണിത്.
റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിങ്ങിലൂടെ 12.5 കോടി രൂപ ചിത്രം സ്വന്തമാക്കിയിരുന്നു. ഏകദേശം നാല് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ആദ്യദിനം വിറ്റുപോയത്. റിപ്പബ്ലിക് ദിന അവധിക്കാലം മുന്നിൽ നിൽക്കുന്നതിനാൽ ആദ്യ വാരാന്ത്യത്തിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
അനുരാഗ് സിംഗ് ആണ് 'ബോർഡർ 2'ന്റെ സംവിധാനം. ജെ.പി. ദത്തയും നിധി ദത്തയും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. സോനം ബജ്‌വയും മോണ സിംഗുമാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.