വിന്‍സ് ഗില്ലിഗന്റെ 'പ്ലുറിബസ്' Source: X
OTT

സൈ-ഫൈ ത്രില്ലറുമായി 'ബ്രേക്കിങ് ബാഡ്' ക്രിയേറ്റർ; 'പ്ലുറിബസ്' എന്‍ഡ് ക്രെഡിറ്റിലെ എഐ വിരുദ്ധ സന്ദേശം എത്രപേർ ശ്രദ്ധിച്ചു?

നിർമിത ബുദ്ധിക്ക് എതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് വിന്‍സ് ഗില്ലിഗൻ

Author : ന്യൂസ് ഡെസ്ക്

ബ്രേക്കിങ് ബാഡ്, ബെറ്റർ കോൾ സോൾ എന്നീ ഹിറ്റ് സീരീസുകൾക്ക് ശേഷം മറ്റൊരു വ്യത്യസ്തമായ ഷോയുമായി എത്തിയിരിക്കുകയാണ് വിന്‍സ് ഗില്ലിഗൻ- 'പ്ലുറിബസ്'. ആദ്യ രണ്ട് എപ്പിസോഡുകള്‍ റിലീസ് ആകുമ്പോഴേക്കും ഈ പരമ്പര സിനിഫൈൽസിന് ഇടയിൽ ചർച്ചയാകുകയാണ്. 'ബെറ്റര്‍ കോള്‍ സോളി'ലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ റെയ സീഹോണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'പ്ലുറിബസ്' സയൻസ് ഫിക്ഷൻ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്.

പെട്ടെന്ന് ഒരുനാള്‍ ചുറ്റുമുള്ള മനുഷ്യർ ഒരൊറ്റ യൂണറ്റായി മാറുകയും നിങ്ങൾ ഒരു അനോമലി (Anomaly) ആയി തീരുകയും ചെയ്താൽ എന്താകും നിങ്ങളുടെ അവസ്ഥ? പെട്ടെന്ന് ജോർജ് ഓർവലിന്റെ ആനിമൽ ഫാം എന്ന നോവലിന് ഉള്ളിലേക്ക് നിങ്ങൾ വീണുപോയാലോ? 'പ്ലുറിബസി'ന്റെ പ്ലോട്ട് ഇത്തമൊരു ആശയക്കുഴപ്പത്തിന്റെ സമ്മിശ്രരൂപമാണ്. ഒരു ഏലിയൻ വൈറസ് മനുഷ്യരുടെ ആകെ മനസിനെ ഒറ്റ ബോധത്തിലേക്ക് എത്തിക്കുന്നതാണ് സീരീസിന്റെ ഇതിവൃത്തം. ഇപ്പോൽ പുറത്തിറങ്ങിയിട്ടുള്ള വി ഈസ് അസ്, പൈറേറ്റ് ലേഡി എന്നീ എപ്പിസോഡുകളിലെ റെയ സീഹോണിന്റെ പ്രകടനവും വിന്‍സ് ഗില്ലിഗന്റെ എഴുത്തും സീരീസില്‍ വലിയ പ്രതീക്ഷ വയ്ക്കാൻ പ്രേരിപ്പിക്കുന്നതാണ്.

വിൻസ് ഗില്ലിഗന്റെ ഈ പുതിയ ആപ്പിൾ ടിവി ഷോ കണ്ടവർ മറ്റൊരു രസകരമായ കാര്യം കൂടി ശ്രദ്ധിച്ചിരിക്കാം. 'പ്ലുറിബസി'ന്റെ എന്‍ഡ് ക്രെഡിറ്റ്‌‌സിലെ വിന്‍സിന്റെ സന്ദേശം. 'ദിസ് ഷോ വാസ് മേഡ് ബൈ ഹ്യൂമന്‍സ്' എന്ന വരി പ്രത്യക്ഷത്തില്‍ തന്നെ സർഗാത്മക മേഖലയിലെ എഐയുടെ കടന്നുവരവിനെ വിമർശിക്കുന്നതാണ്.

ഇപ്പോഴിതാ നിർമിത ബുദ്ധിക്ക് എതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് വിന്‍സ് ഗില്ലിഗൻ. 'അനന്തമായി ഉരുണ്ടുകൂടുന്ന അസംബന്ധങ്ങളുടെ ലൂപ്പ്' എന്നാണ് എഐ മെറ്റീരിയലുകളെ വിന്‍സ് വിശേഷിപ്പിച്ചത്. വെറൈറ്റിക്ക് നൽകിയ അഭിമുഖത്തിൽ തനിക്ക് എഐയോട് വെറുപ്പാണ് എന്ന് 'പ്ലുറിബസ്' ക്രിയേറ്റർ തുറന്നടിച്ചു. "ലോകത്തിലെ ഏറ്റവും ചെലവേറിയ കോപ്പിയടി മെഷീന്‍" ആണ് എഐ എന്നാണ് വിന്‍സ് ഗില്ലിഗന്റെ വിദീകരണം.

'പ്ലുറിബസ്' ക്രിയേറ്റർ മാത്രമല്ല എഐ വിരുദ്ധ സന്ദേശം പങ്കുവയ്ക്കുന്നതിൽ സന്തോഷിക്കുന്നത്. സീരിസിലെ നായിക റെയ സീഹോണും നിർമിത ബുദ്ധിക്ക് എതിരെ രംഗത്തെത്തി. എഐ നിർമത 'നടി' (എഐ ചാറ്റ്ബോട്ട്) ടില്ലി നോർവുഡിനെ ഉദാഹരിച്ചാണ് ഈ സാങ്കേതിക വിദ്യയെ നടി കടന്നാക്രമിച്ചത്. ആ 'എഐ നടി'യെ ഒരു ഏജൻസിയും പ്രതിനിധീകരിക്കരുതെന്ന് റിയ അഭിപ്രായപ്പെട്ടു. നടിയും സാങ്കേതിക വിദഗ്ധയുമായ എലൈൻ വാൻ ഡെർ വെൽഡെയുടെ എഐ ടാലന്റ് സ്റ്റുഡിയോയായ സിക്കോയ ആണ് ടില്ലി നോർവുഡിന്റെ സ്രഷ്ടാക്കൾ.

SCROLL FOR NEXT