ആപ്പിൾ ടിവി സീരീസ് 'പ്ലൂരിബസ്' Source: X
OTT

'പ്ലൂരിബസി'ന്റെ അഞ്ചാം എപ്പിസോഡ് നേരത്തെ എത്തും; സമയമാറ്റ അറിയിപ്പുമായി ആപ്പിൾ ടിവി

'പ്ലൂരിബസ്' വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നതിനിടെയാണ് ആപ്പിള്‍ ടിവിയുടെ സമയമാറ്റ അറിയിപ്പ്

Author : ന്യൂസ് ഡെസ്ക്

ആപ്പിള്‍ ടിവി സീരീസ് 'പ്ലൂരിബസി'ന്റെ അഞ്ചാം എപ്പിസോഡ് നേരത്തെ എത്തും. മുമ്പ് പ്രഖ്യാപിച്ചതില്‍ നിന്ന് വ്യത്യസ്തമായി രണ്ട് ദിവസം മുമ്പേ, നാളെ പുതിയ എപ്പിസോഡ് എത്തുമെന്നാണ് ആപ്പിള്‍ ടിവി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും ഓരോ എപ്പിസോഡ് വീതം വരുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. ബ്രേക്കിങ് ബാഡ്, ബെറ്റര്‍ കോള്‍ സോള്‍ എന്നീ ഹിറ്റ് സീരീസുകളുടെ സംവിധായകനായ വിന്‍സ് ഗില്ലിഗന്‍ ഒരുക്കുന്ന 'പ്ലൂരിബസ്' വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നതിനിടെയാണ് ആപ്പിള്‍ ടിവിയുടെ സമയമാറ്റ അറിയിപ്പ് .

സൈ ഫൈ മിസ്റ്ററി ഴോണറിലാണ് വിൻസ് ഗില്ലിഗൻ 'പ്ലൂരിബസ്' അണയിച്ചൊരുക്കിയിരിക്കുന്നത്. സീരീസിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 'ബെറ്റർ കോൾ സോളി'ലൂടെ പ്രശസ്തയായ റെയ സീഹോണ്‍ ആണ്. ഒരു ഏലിയൻ വൈറസ് ഭൂമിയിലുള്ള സകല മനുഷ്യരേയും ബാധിക്കുന്നതും ഒരു ഹൈവ് കോണ്‍ഷ്യസ്‌നെസ് ഉടലെടുക്കുന്നതുമാണ് സീരീസിന്റെ ഇതിവൃത്തം.

വിൻസ് ഗില്ലിഗന്റെ ഈ പുതിയ ആപ്പിൾ ടിവി ഷോ കണ്ടവർ മറ്റൊരു രസകരമായ കാര്യം കൂടി ശ്രദ്ധിച്ചിരിക്കാം. 'പ്ലൂരിബസി'ന്റെ എന്‍ഡ് ക്രെഡിറ്റ്‌‌സിലെ വിന്‍സിന്റെ സന്ദേശം. 'ദിസ് ഷോ വാസ് മേഡ് ബൈ ഹ്യൂമന്‍സ്' എന്ന വരി പ്രത്യക്ഷത്തില്‍ തന്നെ സർഗാത്മക മേഖലയിലെ എഐയുടെ കടന്നുവരവിനെ വിമർശിക്കുന്നതാണ്.

നൂറോളം ടൈറ്റിലുകളിൽ നിന്നാണ് 'പ്ലൂരിബസ്' എന്ന പേരിലേക്ക് എത്തിയത് എന്നാണ് ഷോ ക്രിയേറ്റർ വിൻസ് ഗില്ലിഗൻ പറയുന്നത്. 'പലരിൽ നിന്ന്, ഒന്ന്' എന്ന അർഥം വരുന്ന ലാറ്റിൻ വാക്കാണ് ഇത്. "E Pluribus Unum" എന്ന വാക്യം യുഎസിൽ പ്രസിദ്ധമാണ്. 1956 ൽ "In God We Trust" എന്ന ആപ്തവാക്യം ഔദ്യോഗികമാകുന്നതിന് മുമ്പ് ഈ വാചകമാണ് യുഎസിന്റെ അനൗദ്യോഗിക മുദ്രാവാക്യമായി കണക്കാക്കപ്പെട്ടിരുന്നത്. ഇപ്പോഴും യുഎസ് കറൻസിയിലും പാസ്‌പോർട്ടുകളിലും ഗ്രേറ്റ് സീലിലും ഈ വാക്കുകൾ കാണാം. എന്നാൽ ദേശീയതയുമായി സീരീസിന്റെ ടൈറ്റിലിന് ബന്ധമില്ലെന്നാണ് വിൻസ് ഗില്ലിഗൻ പറയുന്നത്. സീരീസിന്റെ പ്രമേയവുമായി തത്വചിന്താപരമായി ചേർന്നുനിൽക്കുന്ന പദമാണിതെന്നും വിൻസ് കൂട്ടിച്ചേർക്കുന്നു.

SCROLL FOR NEXT