എച്ച്ബിഒയുടെ പുതിയ ഹാരി പോട്ടര്‍ സീരീസില്‍ ടൈറ്റില്‍ കഥാപാത്രമായി അഭിനയിക്കുന്നത് ഡൊമിനിക് മക്ലാഫ്‌ളിന്‍ ആണ്. ഹാരി പോട്ടര്‍ എന്ന കഥാപാത്രമായി അഭിനയിക്കുന്നതിനെ കുറിച്ച് ഡൊമിനിക് ആദ്യമായി തുറന്ന് സംസാരിച്ചിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ ഗ്രോയുടെ പ്രമോഷനിടെ ബിബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് യുവ നടന്‍ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചത്.
"സത്യം പറഞ്ഞാല്‍ ഇത് അവിശ്വസനീയമാണ്. കാരണം ചെറുപ്പത്തില്‍ ഞാന്‍ ഒരു വലിയ ഹാരി പോട്ടര്‍ ആരാധകനായിരുന്നു. തീര്‍ച്ചയായും ഇത് എന്റെ ഡ്രീം റോളാണ്. അതിനാല്‍ ഹാരി പോട്ടറായി അഭിനയിക്കാന്‍ കഴിയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്", എന്നാണ് ഡൊമിനിക് പറഞ്ഞത്.
ദി ഹാരി പോട്ടര്‍ സീരീസിന്റെ ചിത്രീകരണം നിലവില്‍ യുകെയില്‍ പുരോഗമിക്കുകയാണ്. 2026ലായിരിക്കും ചിത്രീകരണം അവസാനിക്കുക. ഹാരി പോട്ടറായ മക്ലാഫ്‌ളിനൊപ്പം ഹെര്‍മാണി ഗ്രെന്‍ഞ്ചര്‍ ആയി അറബെല്ല സ്റ്റാന്റണും റോണ്‍ വീസ്ലിയായി അലസ്‌റ്റെയര്‍ സ്റ്റൗട്ടും അഭിനയിക്കുന്നു.
എച്ച്ബിഒ സീരീസായ ഹാരി പോട്ടര്‍ 2027ലാണ് എച്ച്ബിഒ, എച്ച്ബിഒ മാക്‌സ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീമിംഗ് ആരംഭിക്കുക. മാര്‍ക്ക് മൈലോഡാണ് സീരീസ് സംവിധാനം. ഫ്രാഞ്ചെസ്‌ക ഗാര്‍ഡിനറാണ് സീരീസ് ക്രിയേറ്റര്‍. ബ്രോന്റെ ഫിലിം ആന്‍ഡ് ടിവിയും വാര്‍ണര്‍ ബ്രോസ് ടെലിവിഷനും ചേര്‍ന്നാണ് എച്ച്ബിഒയ്ക്ക് വേണ്ടി സീരീസ് നിര്‍മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹാരി പോട്ടര്‍ നോവല്‍ രചിച്ച ജെ.കെ. റൗളിങാണ്.
2001 മുതല്‍ 2011 വരെ നോവലിന്റെ ഏഴു ഭാഗങ്ങള്‍ സിനിമകളായിരുന്നു. ഡാനിയേല്‍ റാഡ്ക്ലിഫ്, എമ്മാ വാട്സണ്‍, റൂപര്‍ട് ഗ്രിന്റ് എന്നിവരാണ് ഹാരി പോട്ടര്‍ സിനിമയിലെ പ്രധാന മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.