ജനപ്രിയ ഹിന്ദി വെബ് സീരീസ് 'പഞ്ചായത്ത്' അഞ്ചാം സീസൺ ചിത്രീകരണം ആരംഭിച്ചതായി അണിയറപ്രവർത്തകർ. സീരീസിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
ഷോയുടെ സ്റ്റില്ലുകളും അണിയറദൃശ്യങ്ങളുമാണ് വാർഷികത്തോട് അനുബന്ധിച്ച് അണിയറ പ്രവർത്തകർ പങ്കുവച്ചത്. "ഫുലേരയിൽ എത്തിയിട്ട് ആറ് വർഷം തികയുന്നു, ഇവിടം വിട്ടുപോകാൻ തോന്നുന്നില്ല. പഞ്ചായത്ത് പുതിയ സീസൺ ഷൂട്ടിങ് ആരംഭിച്ചു," എന്നാണ് പോസ്റ്റിന് ക്യാപ്ഷനായി കുറിച്ചിരുന്നത്.
'പഞ്ചായത്ത്' അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകർ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ കോമഡി-ഡ്രാമ സീരീസിന്റെ മുൻ സീസണുകൾ ലളിതമായ ആഖ്യാനം കൊണ്ടും മികച്ച പ്രകടനങ്ങൾ കൊണ്ടും വലിയ ജനപ്രീതിയാണ് നേടിയത്. ഫുലേര ഗ്രാമത്തിലെ അഭിഷേക് ത്രിപാഠിയുടെയും ഗ്രാമവാസികളുടെയും രസകരമായ പുതിയ കഥാമുഹൂർത്തങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. വരും മാസങ്ങളിൽ സീസൺ 5ന്റെ റിലീസ് തീയതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിതേന്ദ്ര കുമാർ, നീന ഗുപ്ത, രഘുബീർ യാദവ്, ഫൈസൽ മാലിക്ക്, ചന്ദൻ റോയ്, സാൻവിക, ദുർഗേഷ് കുമാർ, സുനിത രാജ്‌വർ, പങ്കജ് ഝാ തുടങ്ങിയവരാണ് വെബ് സീരീസിലെ പ്രധാന താരങ്ങൾ. ഇവർ ഈ സീസണിലും തുടരും. ദ വൈറൽ ഫീവർ (ടിവിഎഫ്) നിർമിക്കുന്ന 'പഞ്ചായത്ത് സീസൺ 5' ദീപക് കുമാർ മിശ്രയും ചന്ദൻ കുമാറും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. ആമസോൺ പ്രൈം വീഡിയോയിലാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.