ആഗോളതലത്തിൽ തരംഗമായി മാറിയ നെറ്റ്‌ഫ്ലിക്സ് സീരീസ് ആണ് 'ബീഫ്'. നെറ്റ്ഫ്ലിക്സിന്റെ ഗ്ലോബൽ ടോപ്പ് 10 പട്ടികയിൽ തുടർച്ചയായി അഞ്ച് ആഴ്ചകളോളം ഈ പരമ്പര സ്ഥാനം പിടിച്ചിരുന്നു. 87 രാജ്യങ്ങളിലാണ് സീരീസ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. എമ്മി പുരസ്കാരം ലഭിച്ച ഈ ഹിറ്റ് സീരീസിന്റെ രണ്ടാം സീസണുമായി എത്തുകയാണ് നെറ്റ്‌ഫ്ലിക്സ്. പുതിയ താരനിരയും പുതിയൊരു തർക്കവുമായാണ് രണ്ടാം സീസൺ എത്തുന്നത്.
ഒരു കൺട്രി ക്ലബ്ബിനെ ചുറ്റിപ്പറ്റിയാണ് ഇത്തവണ 'ബീഫ്' കഥ പറയുന്നത്. ഈ ക്ലബിന്റെ ജനറൽ മാനേജറായ ജോഷ്വ മാർട്ടിനും ഭാര്യ ലിൻഡ്സെ ക്രെയിൻ-മാർട്ടിനും ഇടയിൽ ചില അസ്വാരസ്യങ്ങളുണ്ട്. ഇതിനിടയിലേക്ക് അവരുടെ കീഴിൽ ജോലി ചെയ്യുന്ന ആഷ്ലിയും പങ്കാളി ഓസ്റ്റിനും ചെന്നുപെടുന്നു. ഈ ദമ്പതികൾക്കിടയിലെ പ്രശ്നങ്ങളും ക്ലബിന്റെ ശതകോടീശ്വരിയായ ഉടമസ്ഥയുടെ പ്രീതി പിടിച്ചുപറ്റാൻ ഇവർ നടത്തുന്ന ശ്രമങ്ങളിലൂടെയുമാണ് സീരീസ് പുരോഗമിക്കുന്നത്. അതെ, മില്ലേനിയൽ - ജെൻ സി ദമ്പതികൾക്കിടയിലെ 'തർക്കം' ആണ് ഇത്തവണ 'ബീഫ്' പ്രമേയമാക്കുന്നത്.
'ബീഫ് സീസൺ 2'വിന്റെ ക്രിയേറ്റർ, ഷോ റണ്ണർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്നീ ചുമതലകൾ വഹിക്കുന്നത് ലീ സങ് ജിൻ ആണ്. ആദ്യ ഭാഗം ഒരുക്കിയതും ലീ ആയിരുന്നു. അക്കാദമി, ഗ്രാമി പുരസ്കാര ജേതാവായ ഫിനിയാസ് ഒ'കോണൽ ആണ് ഈ സീസണിനായി സംഗീതം ഒരുക്കുന്നത്.
ഓസ്കാർ ഐസക്, കാരി മുള്ളിഗൻ, ചാൾസ് മെൽട്ടൺ, കെയ്‌ലി സ്പെയ്‌നി, യൂൻ യു-ജങ്, സോങ് കാങ്-ഹോ, സിയോയോൺ ജാങ്, വില്യം ഫിച്ച്‌നർ, മികേല ഹൂവർ, സംഗീതജ്ഞൻ ബി.എം. എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിൽ 16ന് സീരീസ് നെറ്റ്‌ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. എട്ട് എപ്പിസോഡുകളാണ് ഈ സീസണിലുള്ളത്.