ബോളിവുഡ് താരം പരിണീതി ചോപ്ര നായികയാകുന്ന ആദ്യ വെബ് സീരീസ് എത്തുന്നു. നെറ്റ്‌ഫ്ലിക്സ് സ്ട്രീം ചെയ്യുന്ന 'ഷഖ്: ട്രസ്റ്റ് നോ വൺ' എന്ന മിസ്റ്ററി ത്രില്ലർ സീരീസിലാണ് നടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരീസ് സെപ്റ്റംബർ 24ന് പ്രീമിയർ ചെയ്യുമെന്നാണ് നെറ്റ്ഫ്ലിക്സ് അറിയിച്ചിരിക്കുന്നത്.
റെൻസിൽ ഡി സിൽവ, സിദ്ധാർഥ് പി മൽഹോത്ര എന്നിവർ ചേർന്നാണ് 'ഷഖി'ന്റെ സ്രഷ്ടാക്കൾ. റെൻസിൽ ആണ് സംവിധാനം. നെറ്റ്ഫ്ലിക്സുമായി ചേർന്ന് ആൽക്കമി ഫിലിംസിന്റെ ബാനറിൽ സപ്ന മൽഹോത്ര, സിദ്ധാർഥ് പി മൽഹോത്ര എന്നിവർ ചേർന്നാണ് സീരീസിന്റെ നിർമാണം.
സോണി ഫസ്ദാൻ, അനുപ് സോണി, ജെന്നിഫർ വിംഗെറ്റ്, താഹിർ രാജ് ഭാസിൻ, ഹർലീൻ സേത്തി, ധ്രുവ് ചൗധരി, സുമിത് വ്യാസ് എന്നിവരാണ് സീരീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇംതിയാസ് അലിയുടെ 'അമർ സിംഗ് ചംകീല' എന്ന ചിത്രത്തിലാണ് പരിണീതി അവസാനം അഭിനയിച്ചത്. ദിൽജിത് ദോസഞ്ച് ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. പ്രശസ്ത പഞ്ചാബി ഗായകൻ ചംകീലയുടെ വിവാദങ്ങളും സംഘർഷങ്ങളും നിറഞ്ഞ ജീവിതകഥ പറഞ്ഞ ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും ഗായികയുമായ അമർജോത് കൗറിന്റെ വേഷത്തിലാണ് പരിണീതി എത്തിയത്. മികച്ച അഭിപ്രായമാണ് നടിയുടെ പ്രകടനത്തിന് ലഭിച്ചത്.