മറ്റൊരു സ്പൂക്കി സീസണുമായി ആഡംസ് ഫാമിലി തിരിച്ചെത്താന്‍ ഒരുങ്ങുകയാണ്. നെറ്റ്ഫ്‌ലിക്‌സ് വെനസ്‌ഡേ സീസണ്‍ 2ന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടു. നെവര്‍മോര്‍ അക്കാഡമിയിലേക്ക് എത്തുന്ന പഴയ കഥാപാത്രങ്ങളുടെയും ഈ സീസണിലെ പുതിയ കഥാപാത്രങ്ങളുടെയും പോസ്റ്ററുകള്‍ പങ്കുവെച്ചിട്ടുണ്ട്.
2022ല്‍ ആദ്യ സീസണ്‍ പ്രീമിയര്‍ ചെയ്ത് മൂന്ന് വര്‍ഷത്തിന് ശേഷമാണ് സീസണ്‍ 2 പ്രേക്ഷകരിലേക്ക് എത്തുന്നത്. സീസണ്‍ 2ന്റെ ആദ്യ ഭാഗം ആഗസ്റ്റ് 6നും തുടര്‍ന്ന് രണ്ടാം ഭാഗം സെപ്റ്റംബര്‍ 3നും പ്രീമിയര്‍ ആരംഭിക്കും. പഴയ സീസണില്‍ പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും വെനസ്‌ഡേ ആഡംസിന്റെ നെവര്‍മോര്‍ അക്കാഡമിയിലേക്കുള്ള മടങ്ങി വരവ് തന്നെയാണ് സീസണ്‍ 2.
വെനസ്‌ഡേയായി തിരിച്ചെത്തുന്ന ജെന ഓര്‍ട്ടേഗ, എമ മയേഴ്‌സ് എന്നിവരുടെ പോസ്റ്ററുകള്‍ പങ്കുവെച്ചിട്ടുണ്ട്. ക്യാരക്ടര്‍ പോസ്റ്ററില്‍ സ്റ്റീവ് ബുസെമിയെ പ്രിന്‍സിപ്പല്‍ ഡോര്‍ട്ടായി പരിചയപ്പെടുത്തുന്നു. നെവര്‍മോര്‍ അക്കാദമിയുടെ പുതിയ തലവനായി ലാരിസ വീംസിന്റെയും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.
സീസണ്‍ 2 ല്‍ മുത്തശ്ശി ഹെസ്റ്റര്‍ ഫ്രമ്പ് ആയി ജോവാന ലംലി, ലര്‍ച്ചായി ജൂനാസ് സുവോട്ടമോ, അങ്കിള്‍ ഫെസ്റ്ററായി ഫ്രെഡ് ആര്‍മിസെന്‍, ഇസഡോറ കാപ്രി ആയി ബില്ലി പൈപ്പര്‍, പ്രൊഫസര്‍ ഓര്‍ലോഫായി ക്രിസ്റ്റഫര്‍ ലോയ്ഡ്, ഷെരീഫ് റിച്ചി സാന്റിയാഗോ ആയി ലുയാന്‍ഡ ഉനാറ്റി ലൂയിസ്-ന്യാവോ, ജൂഡിയായി ഹീതര്‍ മാറ്റരാസോ എന്നിവരും ഉണ്ടാകും.
കൂടാതെ അമേരിക്കന്‍ ഗായിക ലേഡി ഗാഗയും സീസണ്‍ 2ന്റെ ഭാഗമാണ്. നെവര്‍മോര്‍ അക്കാഡമിയിലെ റോസ്ലിന്‍ റോട്ട് വുഡ് എന്ന അധ്യാപിക കഥാപാത്രമായാണ് താരം എത്തുന്നത്. ഇതുവരെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്്റ്റര്‍ നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടിട്ടില്ല.