ഇസ്ലാമാബാദ്: ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത സംപ്രേഷണം ചെയ്ത വാർത്താ ചാനലിന് നോട്ടീസ് അയച്ച് പാകിസ്ഥാൻ അധികൃതർ. പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (PEMRA) ആണ് ജിയോ ന്യൂസ് എന്ന ചാനലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മാർച്ച് 12നാണ് ആശാ ഭോസ്‌ലെ അന്തരിച്ചത്.
ഗായികയുടെ മരണ വാർത്തയ്ക്ക് ഒപ്പം ഇന്ത്യൻ സിനിമകളുടെയും ഗാനങ്ങളുടെയും ദൃശ്യങ്ങൾ ജിയോ ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. ഇതിലാണ് PEMRAയുടെ നടപടി. 2018 മുതൽ ഇന്ത്യൻ ഉള്ളടക്കങ്ങൾക്ക് പാകിസ്ഥാനിൽ വിലക്കുണ്ട്. പാക് സുപ്രീം കോടതിയുടെ ഈ വിലക്കിനെ മറികടന്ന ചാനൽ നടപടി 'ബോധപൂർവമുള്ള ധിക്കാരം' ആണെന്നാണ് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ നിരീക്ഷണം.
2009ലെ PEMRA റൂൾ 15(1), 2012ലെ റെഗുലേഷൻ 18 (1) (ജി) PEMRA (ടെലിവിഷൻ ബ്രോഡ്കാസ്റ്റ് സ്റ്റേഷൻ ഓപ്പറേഷൻസ്) റെഗുലേഷൻസ്, 2015ലെ ഇലക്ട്രോണിക് മീഡിയ (പ്രോഗ്രാംസ് ആൻഡ് അഡ്വർടൈസ്‌മെൻറ്സ്) പെരുമാറ്റച്ചട്ടം എന്നിവ ചാനൽ ലംഘിച്ചുവെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജിയോ ന്യൂസിന്റെ ഉടമസ്ഥരായ ഇൻഡിപെൻഡന്റ് മീഡിയ കോർപ്പറേഷന്റെ സിഇഒയോട് ഏപ്രിൽ 27ന് അധികൃതർക്ക് മുമ്പാകെ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. രേഖാമൂലമുള്ള മറുപടി സമർപ്പിക്കാനും ചാനലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2023ൽ ഭേദഗതി വരുത്തിയ PEMRA ഓർഡിനൻസ് 2002ലെ വ്യവസ്ഥകൾ പ്രകാരം പിഴ, സംപ്രേഷണം താൽക്കാലികമായി നിർത്തിവയ്ക്കൽ, അല്ലെങ്കിൽ ചാനലിന്റെ ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികൾ വരെ ഉണ്ടായേക്കാമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
അതേസമയം, എഡിറ്റോറിയൽ തീരുമാനത്തെ പ്രതിരോധിച്ച് ജിയോ ന്യൂസ് മാനേജിങ് ഡയറക്ടർ അസ്ഹർ അബ്ബാസ് രംഗത്തെത്തി. ഒരു ആർട്ടിസ്റ്റിനെപ്പറ്റി റിപ്പോർട്ട് ചെയ്യുമ്പോൾ അവരുടെ സൃഷ്ടികളും അതിൽ പ്രധാന ഘടകമാണെന്നായിരുന്നു അസ്ഹർ അബ്ബാസിന്റെ പ്രതികരണം. പാകിസ്ഥാനിലെ ഇതിഹാസ ഗായിക നൂർ ജഹാനെ ആശാ ഭോസ്‌ലെ 'മൂത്ത സഹോദരി' എന്നാണ് വിളിച്ചിരുന്നത്. അവർ നസ്രത്ത് ഫത്തേ അലി ഖാനുമായി ചേർന്ന് പ്രവർത്തിക്കുകയും നസീർ കാസ്മി തുടങ്ങിയ മികച്ച ഉറുദു കവികളുടെ കവിതകൾക്ക് ജീവൻ നൽകുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
PEMRAയും ഈ നടപടിക്കെതിരെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. പിപിപി (പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി) സെനറ്റർ ഷെറി റഹ്മാൻ അധികൃതരുടെ സമീപനത്തെ ചോദ്യം ചെയ്തതായാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.