'പേട്രിയറ്റ്' ലെജൻഡ്‌സ് ഹാങ്ഔട്ട് Source: Screenshot / Youtube / JioHotstar
ENTERTAINMENT

"ചാക്കോച്ചനും ഫഹദിനും 'പേട്രിയറ്റി'ൽ സ്പേസ് കുറഞ്ഞുപോയോ?" പ്രകാശ് വർമയുടെ സംശയം തീർത്ത് മോഹൻലാലും മമ്മൂട്ടിയും

'പേട്രിയറ്റ്' ടീമിന്റെ എക്സ്ക്ലൂസീവ് അഭിമുഖത്തിന്റെ സ്ട്രീമിങ് ആരംഭിച്ചു

Author : ന്യൂസ് ഡെസ്ക്

"പേട്രിയറ്റ് സിനിമയിൽ കുഞ്ചാക്കോ ബോബന്റെയും ഫഹദ് ഫാസിലിന്റെയും ഭാഗങ്ങൾ കുറഞ്ഞു പോയോ?" - പരസ്യചിത്ര സംവിധായകനും നടനുമായ പ്രകാശ് വർമയുടെ സംശയമാണ്. ഈ സംശയം സിനിമയിലെ താരങ്ങളും സംവിധായകനും തീർത്തു കൊടുത്തു. ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന 'പേട്രിയറ്റ് ലെജൻഡ്‌‍സ് ഹാങ്ഔട്ട്' എന്ന എക്സ്ക്ലൂസീവ് അഭിമുഖം തുടങ്ങുന്നത് ഇങ്ങനെയാണ്. ഇത്തരം രസകരമായ മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ഈ ചാറ്റ്‌ ഷോ.

ഹഫദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, മോഹൻലാൽ, മമ്മൂട്ടി, മഹേഷ് നാരായണൻ, സുഷിൻ ശ്യാം എന്നിവരാണ് ഈ അഭിമുഖ പരിപാടിയിൽ പങ്കെടുക്കുന്നത്. ചോദ്യങ്ങളുമായി പ്രകാശ് വർമയും. ഒരു 'ഏണി'യായി പ്രകാശിനെ അവതരിപ്പിച്ചുകൊണ്ടാണ് ഈ അഭിമുഖം ആരംഭിക്കുന്നത്. സോഷ്യൽ മീഡിയ ഗോസിപ്പുകളുമായി അഭിനേതാക്കളുടെ അടുത്തേക്കെത്തുന്ന പ്രകാശിന് താരങ്ങൾ വ്യക്തമായ മറുപടി നൽകുന്നു. മമ്മൂട്ടി- മോഹൻലാൽ പടമാണ് 'പേട്രിയറ്റ്' എന്ന ആഖ്യാനം പൊളിക്കുന്നു. ഇതിനിടെയിൽ സിനിമ കണ്ടു എന്ന പ്രകാശ് വർമയുടെ 'അവകാശവാദവും' പൊളിയുന്നു.

"ഈ സിനിമയിൽ നാല് ഹീറോസ് ഇല്ല. രണ്ട് ഹീറോസ് ആണുള്ളത്," മമ്മൂട്ടി പറഞ്ഞു. "അത് ഞങ്ങൾ രണ്ടുപേരുമല്ല", എന്നായി മോഹൻലാൽ. "സാധാരണ ഒരു ഹീറോ എന്തൊക്കെയാണ് ഒരു പടത്തിൽ ചെയ്യുന്നത്? സോങ് ഉണ്ട്, റൊമാൻസ് ഉണ്ട്, ഫൈറ്റുണ്ട്. അതൊക്കെ ആരാണ് ഈ പടത്തിൽ ചെയ്യുന്നത്?, മമ്മൂട്ടി എല്ലാവരോടുമായി ചോദിച്ചു. "ചാക്കോച്ചൻ," എന്ന് പ്രകാശ് വർമ. "നല്ല തട്ടുപൊളിപ്പൻ ഡയലോഗുകൾ പറയുന്നത് ആരാണ്?" എന്നായിരുന്നു മമ്മൂട്ടിയുടെ അടുത്ത ചോദ്യം. "ഫഹദ്," എന്ന് എല്ലാവരും സമ്മതിച്ചു.

"ഈ പടത്തിൽ ഞങ്ങൾക്ക് റൊമാൻസ് ഇല്ല, പാട്ടില്ല, പടപടപ്പൻ ഡയലോഗുകളുമില്ല. ആക്ഷൻ മാത്രമേയുള്ളൂ, മമ്മൂട്ടി വ്യക്തമാക്കി. "എന്റേതാണ് ഏറ്റവും ചെറിയ റോൾ," എന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു. അതൊടെ പ്രശ്നത്തിന് പരിഹാരമായി.

സിനിമയിൽ എല്ലാ അഭിനേതാക്കൾക്കും ഒരേ പ്രാധാന്യമാണുള്ളതെന്ന് രസകരമായി അവതരിപ്പിക്കുകയായിരുന്നു താരങ്ങൾ. മെയ് ഒന്നിനാണ് മഹേഷ് നാരായണൻ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഡോ. ഡാനിയൽ ജെയിംസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. കേണൽ റഹിം നായിക് എന്ന വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

SCROLL FOR NEXT