പേളി മാണി, ഡൽഹി വിദ്യാർഥി പ്രക്ഷോഭം Source: Instagram / pearlemaany, ANI
ENTERTAINMENT

"ജീവനേക്കാൾ വലുതല്ല ലക്ഷ്യം, വീട്ടിലേക്ക് മടങ്ങൂ"; വിദ്യാർഥി പ്രക്ഷോഭത്തിൽ പേളി മാണിയുടെ പോസ്റ്റിന് വിമർശനം, കമന്റ് ബോക്സ് പൂട്ടി താരം

ഓരോ വിദ്യാർഥിയുടെയും ഉദ്യോഗസ്ഥന്റെയും പൗരന്റെയും സുരക്ഷയ്ക്കായി താൻ പ്രാർഥിക്കുന്നുവെന്നും പേളി മാണി

Author : ന്യൂസ് ഡെസ്ക്

അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പേളി മാണിക്കെതിരെ വ്യാപക വിമർശനം. നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രക്ഷോഭങ്ങളിൽ പേളി തന്റെ അഭിപ്രായം വ്യക്തമാക്കിയതിന് പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ദീർഘമായ ഒരു കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളോട് സുരക്ഷിതരായിരിക്കാനും ജീവന്‍ അപകടത്തിലാക്കാതെ വീട്ടിലേക്ക് മടങ്ങാനും പറഞ്ഞുകൊണ്ടായിരുന്നു പേളി മാണിയുടെ പോസ്റ്റ്.

"വേദനാജനകമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങൾ. നമ്മളെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കാൻ അവ നിർബന്ധിതരാക്കിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തെ യുവതലമുറയുടെ കരുത്തിനും ഐക്യത്തിനും നിശ്ചയദാർഢ്യത്തിനും നാം സാക്ഷ്യം വഹിച്ചു.

വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും പരിക്കേറ്റ സംഘർഷങ്ങളുടെ ഹൃദയഭേദകമായ ചിത്രങ്ങളും വീഡിയോകളും ഞാൻ കണ്ടു. അത് എന്നിൽ എന്തോ ഒരു മാറ്റമുണ്ടാക്കി. "ദയവ് ചെയ്ത് പരിക്കേൽക്കരുത്. ദയവായി സുരക്ഷിതരായിരിക്കൂ. നിങ്ങളുടെ ജീവൻ അപകടത്തിലാണെങ്കിൽ വീടുകളിലേക്ക് മടങ്ങൂ. ഒരു ലക്ഷ്യവും ഒരു ജീവൻ നഷ്ടപ്പെടുത്തുന്നത്ര വലുതല്ല" എന്ന് മാത്രമാണ് എനിക്ക് ചിന്തിക്കാൻ കഴിഞ്ഞത്.

ഓരോ വിദ്യാർഥിയും ആരുടെയെങ്കിലും മകനോ മകളോ ആണ്. ആരുടെയൊക്കെയോ സ്വപ്നമാണ്, ആരുടെയോ ലോകമാണ്.

മറ്റനേകം ആളുകളെപ്പോലെ, കൂടുതൽ സുതാര്യവും നീതിയുക്തവും എല്ലാ കുട്ടികൾക്കും വിജയത്തിന് തുല്യ അവസരം നൽകുന്നതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് നമ്മുടെ വിദ്യാർഥികൾ അർഹരാണെന്ന് ഞാൻ വിശ്വസിക്കുന്നു. അവരുടെ ശബ്ദം കേൾക്കപ്പെടാനും, സമാധാനപരമായി തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ സുരക്ഷിതത്വം അനുഭവിക്കാനും അവർക്ക് അവകാശമുണ്ട്.

അതോടൊപ്പം തന്നെ, ഈ പ്രക്ഷോഭം യഥാർഥ ലക്ഷ്യത്തിൽ നിന്ന് വഴിതിരിഞ്ഞുപോകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഏതൊരു പ്രക്ഷോഭവും ഇത്ര വലുതാകുമ്പോൾ വികാരങ്ങൾ കൊടുമുടിയിലെത്താം, വ്യത്യസ്ത ശബ്ദങ്ങൾ ഉയർന്നുവരാം, ചർച്ചകൾ കൂടുതൽ സങ്കീർണമാകാം. വിദ്യാർഥികളിലും, അവർ കെട്ടിപ്പടുക്കാൻ നമ്മോട് ആവശ്യപ്പെടുന്ന ഭാവിയിലും തന്നെയാകണം എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നാണ് എന്റെ ആഗ്രഹം. സമാധാനപരമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശത്തിൽ ഞാൻ വിശ്വസിക്കുന്നു.

അത് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അക്രമത്തെ ഞാൻ പിന്തുണയ്ക്കുന്നില്ല. ചരിത്രം പ്രക്ഷോഭങ്ങളെ ഓർമ്മിക്കുന്നത് അവ എങ്ങനെ ആരംഭിച്ചു എന്നതുകൊണ്ട് മാത്രമല്ല, അവ എങ്ങനെ മുന്നോട്ടുപോയി എന്നതുകൂടി നോക്കിയാണ്. വർഷങ്ങൾക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ, ധൈര്യം, കരുണ, അർത്ഥവത്തായ മാറ്റങ്ങൾ, കൂടുതൽ ശക്തമായ ഒരു ഇന്ത്യയെ വാർത്തെടുക്കാൻ സഹായിച്ച ഒരു തലമുറ എന്നിവയാകണം നാം ഓർക്കേണ്ടത് - അല്ലാതെ വേദനയോ ഭയമോ ഭിന്നതയോ ആകരുത്.

ഒടുവിലായി...എന്നിൽ നിന്ന് പലരും പ്രതികരണം പ്രതീക്ഷിച്ചിരുന്നു. ചിലർ എന്നെ പ്രോത്സാഹിപ്പിച്ചപ്പോൾ, മറ്റു ചിലർ എന്റെ മൗനത്തെ ചോദ്യം ചെയ്തു. രണ്ട് കൂട്ടരെയും ഞാൻ മനസിലാക്കുന്നു.

എന്റെ വാക്കുകൾ ഒരുപാട് ആളുകളിലേക്ക് എത്തുന്നതിനാൽ, ഇത്തരം ഘട്ടങ്ങളിൽ വളരെ ശ്രദ്ധയോടെ സംസാരിക്കാൻ എനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

എല്ലാവരും എന്നോട് യോജിക്കണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. ഇത് തികച്ചും എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. സത്യസന്ധതയോടും ബഹുമാനത്തോടും പ്രതീക്ഷയോടും കൂടിയാണ് ഇത് പങ്കുവയ്ക്കുന്നത്. എല്ലാറ്റിലും ഉപരിയായി, ഞാൻ സമാധാനത്തിനായി പ്രാർത്ഥിക്കുന്നു. ഓരോ വിദ്യാർഥിയുടെയും ഉദ്യോഗസ്ഥന്റെയും പൗരന്റെയും സുരക്ഷയ്ക്കായി ഞാൻ പ്രാർഥിക്കുന്നു.

വിവേകം നമ്മെ നയിക്കട്ടെ, കരുണ നമ്മെ ഒന്നിക്കട്ടെ; ഓരോ കുട്ടിക്കും മികച്ച വിദ്യാഭ്യാസവും തുല്യ അവസരങ്ങളും സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യവുമുള്ള ഒരു ഭാവി നമുക്ക് പടുതുയർത്താം.

പിന്നെ ഒരുകാര്യം കൂടി...ഇന്ന് എനിക്കറിയാവുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് എനിക്ക് തോന്നിയ കാര്യങ്ങളാണിത്. നാളെ പുതിയ വസ്തുതകൾ പുറത്തുവരികയാണെങ്കിൽ, കാര്യങ്ങൾ പഠിക്കാനോ തിരുത്താനോ എന്റെ അഭിപ്രായം മാറ്റാനോ ഞാൻ ഒരിക്കലും ഭയപ്പെടില്ല. അതിനെ ഞാൻ ഒരു ബലഹീനതയായി കാണുന്നില്ല, മറിച്ച് വളർച്ചയായും ഉത്തരവാദിത്തമായുമാണ് കാണുന്നത്.

അതുകൊണ്ട് എന്റേത് ഉൾപ്പെടെ ആരുടെയും അഭിപ്രായങ്ങളെ അന്തിമ സത്യമായി കണക്കാക്കരുത്.

വായിക്കുക. കേൾക്കുക. ചോദ്യങ്ങൾ ചോദിക്കുക. കാര്യങ്ങൾ കൃത്യമായി മനസിലാക്കുക. യുക്തിസഹമായി ചിന്തിക്കുക. ഏറ്റവും പ്രധാനമായി, സ്വന്തമായി തീരുമാനങ്ങൾ എടുക്കുക. നിങ്ങളുടെ ഒരേയൊരു സ്വാധീനം 'നിങ്ങൾ' തന്നെയായിരിക്കട്ടെ!

കാര്യങ്ങൾ മനസിലാക്കുന്ന, കരുണയുള്ള, മറ്റുള്ളവരെ വിധിക്കുന്നതിന് മുൻപ് കേൾക്കാൻ തയ്യാറുള്ള മനുഷ്യരാണ് ശക്തമായ ഒരു രാജ്യത്തെ നിർമിക്കുന്നത്.

അങ്ങനെയൊരു ഇന്ത്യക്കായി ഞാൻ എപ്പോഴും പ്രത്യാശിക്കും. എല്ലാവർക്കും ശാന്തിയും സ്നേഹവും സംഗീതവും നേരുന്നു," എന്നാണ് പേളി കുറിച്ചത്.

ഈ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് പേളി മാണിയുടെ കമന്റ് ബോക്സിൽ വിമർശനവുമായി എത്തിയത്. പേളി രണ്ട് വഞ്ചിയിൽ കാൽവച്ചാണ് അഭിപ്രായം പറയുന്നതെന്നും ഇതൊരുതരം ബാലൻസിങ് ആക്ട് ആണെന്നും അഭിപ്രായങ്ങൾ ഉയർന്നു. താരത്തിനെതിരെ രംഗത്തെത്തിയവരിൽ സിനിമാതാരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമുണ്ട്. ഇതിനിടെയാണ് നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ നടപടിയുണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ് കൂടി പേളി പങ്കുവയ്ക്കുന്നത്. ഇത് വിമർശനങ്ങൾ കടുക്കാൻ കാരണമായി.

"ഞാന്‍ പേളി മാണിയാണ്. അതെ, എന്റെ ഇഷ്ടപ്പെട്ട നിറം കാവിയാണ്. നമ്മുടെ ഇന്ത്യന്‍ പതാകയില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നിറം അതാണ്" എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചായിരുന്നു പേളിയുടെ പ്രതികരണം. ഇതും സോഷ്യൽ മീഡിയയിൽ ചർച്ചയായി. അതോടെ താരം സ്റ്റോറികൾ ഡിലീറ്റ് ചെയ്യുകയും ചർച്ചയായ പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫാക്കുകയും ചെയ്തു. "എന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണ് എന്റെ കമന്റ് ബോക്സ് എന്നൊരു ക്യാപ്ഷനും ഈ പോസ്റ്റിന് നൽകി.

അതേസമയം, പേളി മാണിക്കെതിരായ വിമർശനങ്ങൾ പോസ്റ്റായും ട്രോളായും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ബിഗ് ബോസ് ആദ്യ സീസണിൽ പേളിയും രഞ്ജിനി ഹരിദാസും വാക്കേറ്റത്തിൽ ഏർപ്പെടുന്ന വീഡിയോയും വ്യാപകമായി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.

SCROLL FOR NEXT