ധർമേന്ദ്രയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി മോദി Source: X
ENTERTAINMENT

"യുഗാന്ത്യം"; ധർമേന്ദ്രയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി മോദി

സാധാരണക്കാരന്റെ നായകനായിരുന്നു ധർമേന്ദ്ര എന്ന് രാജ് താക്കറെയും കുറിച്ചു

Author : ന്യൂസ് ഡെസ്ക്

ന്യൂ ഡൽഹി: ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്രയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ധർമേന്ദ്രയുടെ നിര്യാണം, ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിന്റെ അവസാനമാണ് കുറിക്കുന്നത് എന്ന് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.

"ധർമേന്ദ്ര ജിയുടെ വിയോഗം ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്നു. അദ്ദേഹം സിനിമയിലെ ഐക്കോണിക് വ്യക്തിത്വമായിരുന്നു. ഓരോ വേഷത്തിനും ആകർഷണീയതയും ആഴവും കൊണ്ടുവന്ന ഒരു അസാധാരണ നടൻ. വൈവിധ്യമാർന്ന വേഷങ്ങൾ അദ്ദേഹം അവതരിപ്പിച്ച രീതി എണ്ണമറ്റ ആളുകളെ സ്പർശിച്ചു. ലാളിത്യം, വിനയം, ഊഷ്മളത എന്നിവയാൽ ധർമേന്ദ്ര ജി ഒരുപോലെ പ്രശംസിക്കപ്പെട്ടു. ഈ ദുഃഖകരമായ സമയത്ത്, എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും എണ്ണമറ്റ ആരാധകരോടും ഒപ്പമുണ്ട്," നരേന്ദ്ര മോദി കുറിച്ചു.

യോഗി ആദിത്യനാഥ്, രാജ് താക്കറെ എന്നിങ്ങനെ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും നടന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. സാധാരണക്കാരന്റെ നായകനായിരുന്നു ധർമേന്ദ്ര എന്നാണ് മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ സമൂഹമാധ്യമത്തിൽ കുറിച്ചത്. ധർമേന്ദ്രയുടെ മരണം ഇന്ത്യൻ സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്നായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം.

രാജസ്ഥാനിലെ ബിക്കാനീർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനഞ്ചാം ലോക്സഭയിലെ ഭാരതീയ ജനതാ പാർട്ടി എംപിയായിരുന്നു ധർമേന്ദ്ര. ഡിസംബർ എട്ടിന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ധർമേന്ദ്രയുടെ വിയോഗം. ജുഹുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കനത്ത സുരക്ഷയിൽ, പവൻ ഹാൻസ് ശ്മശാനത്തിലായിരുന്നു സംസ്കാരം. ഷാരുഖ് ഖാൻ, രണ്‍വീർ സിംഗ്, ദീപിക പദുകോണ്‍, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ആമിർ ഖാൻ എന്നിങ്ങനെ നിരവധി പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ആരാധകർക്ക് പ്രവേശനമുണ്ടായിരുന്നില്ല.

SCROLL FOR NEXT