Source: Instagram
ENTERTAINMENT

ഫോബ്സിൻ്റെ ബില്യണയർ പട്ടികയിലിടം നേടി പോപ് ഗായിക ബിയോൺസെ

ഫോബ്സിന്റെ ഈ വർഷത്തെ പട്ടികയിലാണ് ഗ്രാമി അവാർഡ് ജേതാവായ ബിയോൺസെ ഇടംപിടിച്ചത്

Author : വിന്നി പ്രകാശ്

ഫോബ്സിന്റെ ബില്യണയർ പട്ടികയിൽ ഇടം പിടിച്ച് വിഖ്യാത അമേരിക്കൻ ഗായിക ബിയോൺസെ ഗിസെൽ നോൽസ്.ഫോബ്സിന്റെ ഈ വർഷത്തെ പട്ടികയിലാണ് ഗ്രാമി അവാർഡ് ജേതാവായ ബിയോൺസെ ഇടംപിടിച്ചത്. ഇതോടെ സംഗീതലോകത്ത് നിന്ന് ബില്യണയർ പട്ടികയിലെത്തുന്ന അഞ്ചാമത്തെ താരമായി മാറിയിരിക്കുകയാണ് ബിയോൺസെ. ഭർത്താവായ ജെയ്-സീ, ടെയ്‌ലർ സ്വിഫ്റ്റ്, ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ, റിഹാന എന്നിവരാണ് ബിയോൺസിന് മുന്നേ ഫോബ്സ് പട്ടികയിൽ ഇടം നേടിയ ശതകോടീശ്വരന്മാർ.

ആഗോള തലത്തിൽ ഹിറ്റായ ബിയോൺസിൻ്റെ കൗബോയ് കാർട്ടർ എന്ന പേരിലുള്ള ആൽബത്തിന് പിന്നാലെ നടത്തിയ വേൾഡ് ടൂറാണ് താരത്തെ ബില്യണയർ പട്ടികയിലേക്കെത്തിച്ചത്.ഇതിൻ്റെ ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം നേടിയത് 400 മില്യൺ ഡോളറിലേറെയാണ്. ബിയോൺസിൻ്റെ മാത്രം ലാഭം 148 മില്യൺ ഡോളറായിരുന്നു. ഇതോടെ ബിയോൺസെ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മൂന്ന് സംഗീതജ്ഞരിൽ ഒരാളായി.

ഇതിന് പുറമേ ഗായികയ്ക്കും ഭർത്താവ് ജെയ്-സിക്കുമായി മില്യൺ ഡോളറിൻ്റെ സ്വത്തു വകകളാണുള്ളത്. 2023 ൽ മാലിബുവിൽ 200 മില്യൺ ഡോളറിൻ്റെ മാൻഷൻ സ്വന്തമാക്കിയ ഇരുവർക്കും ന്യൂ ഓറിലാൻസിലും ന്യൂയോർക്കിലുമായി ഏകദേശം 300 മില്യണിൻ്റെ വസ്തുവകകളുമുണ്ട്.

ആഡംബര വസ്തുക്കളോട് പ്രിയമേറെയുള്ള ബിയോൺസിൻ്റെ ഗരാജിൽ 28 മില്യൺ ഗോളറിൻ്റെ റോൾസ് റോയ്സ് അടക്കമുള്ള ആഡംബര കാറുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഇതിന് പുറമേ കോടികൾ വിലമതിക്കുന്ന ആഭരണ ശേഖരവും ബിയോൺസിന് സ്വന്തമായുണ്ട്.

SCROLL FOR NEXT