പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍... 1976ല്‍ പുറത്തിറങ്ങിയ പരീക്ഷ എന്ന ചിത്രത്തിനായി സംവിധായകന്‍ കൂടിയായ പി. ഭാസ്കരന്‍ എഴുതി, എം.എസ്. ബാബുരാജ് ഈണമിട്ട്, ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് പാടിയ പാട്ട്. തീവ്രാനുരാഗത്തെ ലളിതമായ വരികളില്‍ ഒളിപ്പിച്ച ഭാസ്കരന്‍ മാസ്റ്ററുടെ വരികളില്‍ ബാബുക്ക നെയ്തെടുത്ത സുന്ദരഗാനം. ഒട്ടുമിക്ക ഗായകരും, സംഗീത മത്സരാര്‍ഥികളും അന്നുമിന്നും പാടാന്‍ തെരഞ്ഞെടുക്കുന്ന പാട്ട്. ഒട്ടനവധി കവര്‍ വേര്‍ഷനുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പാട്ട്. കാലമേറുന്തോറും വീര്യമേറുന്ന വീഞ്ഞിനേക്കാള്‍ മത്ത് പിടിപ്പിക്കുന്നതാണ് ബാബുക്കയുടെ പ്രാണസഖി.
മഹിളാ സമാജം വാര്‍ഷിക പരിപാടിയില്‍ കവി കൂടിയായ നായകന്‍ പാടുന്ന പാട്ടായാണ് പ്രാണസഖി ചിത്രത്തില്‍ വരുന്നത്. മഹിളാ സമാജം അംഗമായിട്ടുള്ള ശാരദ അവതരിപ്പിക്കുന്ന യമുനയുമായി അനുരാഗത്തിലായ പ്രേംനസീറിന്റെ വിജയന്‍ പാടുന്ന പാട്ട്. താന്‍ ആരാധിക്കുന്ന 'വിഹാരി' എന്ന കവി വിജയനാണെന്ന് യമുന തിരിച്ചറിയുന്ന നിമിഷം കൂടിയാണത്. സദസും വേദിയും മാത്രമാണ് വിഷ്വലില്‍ വരുന്നത്.
അപരനാമത്തില്‍ കവിതയെഴുതുന്ന വിജയന്റെ പാട്ടില്‍ അനുരാഗത്തിന്റെ തീവ്രതയത്രയും പ്രകടമാണ്. ഭാസ്കരന്‍ മാസ്റ്ററുടെ പാട്ടുകാരന്‍ പാമരനാണെങ്കിലും, ഓമലാള്‍ക്ക് താമസിക്കാന്‍ കരളില്‍ തങ്കക്കിനാക്കള്‍ക്കൊണ്ട് താജ് മഹല്‍ പണിയുന്നവനാണ്. മായാത്ത മധുരഗാന മാലിനിയുടെ കല്‍പ്പടവില്‍, കാണാത്ത പൂങ്കുടിലില്‍ കണ്മണിയെ കൊണ്ടുപോകാമെന്ന ഉറപ്പുണ്ട്. പൊന്തിവരും സങ്കല്പത്തിന്‍ പൊന്നശോക മലര്‍വനിയില്‍, ചന്തമെഴും ചന്ദ്രികതന്‍ ചന്ദനമണിമന്ദിരത്തില്‍, സുന്ദരവസന്തരാവില്‍ ഇന്ദ്രനീല മണ്ഡപത്തില്‍ എന്നുമെന്നും താമസിക്കാന്‍ കൂടെ പോരുമോ നീ... എന്ന് ഈണത്തില്‍ പാടി ചോദിക്കുന്നുമുണ്ട് നായകന്‍.
അനുരാഗ തുടക്കത്തിന്റെ എല്ലാ സന്തോഷങ്ങളും തിരയടിക്കേണ്ട കഥാസന്ദര്‍ഭം. പക്ഷേ, ഭാസ്കരന്‍ മാസ്റ്ററുടെ കാല്‍പ്പനികഭാവങ്ങള്‍ക്ക് ബാബുക്ക ഒരുക്കിയ ഈണത്തില്‍ നേര്‍ത്തൊരു വിഷാദഛായയുണ്ട്. ഹിന്ദുസ്ഥാനിയിലും കര്‍ണാട്ടിക്കിലുമുള്ള സിന്ധു ഭൈരവിയിലാണ് മാസ്റ്ററുടെ വരികളെ ബാബുക്ക കോര്‍ത്തുവച്ചത്. മലയാള സിനിമാസംഗീതം കര്‍ണാട്ടിക്ക് സംഗീതത്തിന്റെ സ്വരവഴിയില്‍ സഞ്ചരിക്കുമ്പോള്‍, ഹിന്ദുസ്ഥാനി സംഗീതവും അതിലെ ഗസല്‍ ശൈലികളുമൊക്കെ സന്നിവേശിപ്പിക്കുന്നതായിരുന്നു ബാബുക്കയുടെ ഈണങ്ങള്‍. അത്തരത്തിലൊരു ഗസല്‍ ഭാവം പ്രാണസഖിക്കുമുണ്ട്.
യേശുദാസിന്റെ ഭാവസാന്ദ്രമായ ശബ്ദത്തില്‍ നമ്മിലേക്കെത്തിയ പ്രാണസഖി പലരും പാടിയിട്ടുണ്ട്, പാടുന്നുമുണ്ട്. ഉമ്പായി, ഷഹ്ബാസ് അമന്‍, അനില്‍ ഏകലവ്യ, ശരത്, കണ്ണൂര്‍ ഷെരീഫ്, നിഷാദ് എന്നു തുടങ്ങി പുതുതലമുറയില്‍ നവനീതും, അഭിരാമി അജയും കവര്‍ വേര്‍ഷനില്‍ ഹരീഷ് ശിവരാമകൃഷ്ണനുമൊക്കെ പലപ്പോഴായി പ്രാണസഖി പാടിയിട്ടുണ്ട്. ഏറെ ഇഷ്ടത്തോടെ ഇവര്‍ പാടിയതൊക്കെയും നാം ഹൃദയത്തോട് ചേര്‍ത്തുവച്ചിട്ടുണ്ട്. പക്ഷേ, പ്രാണസഖിയോട് മൊഹബത്ത് അല്‍പ്പം കൂടിയത് അത് ബാബുക്കയുടെ ശബ്ദത്തില്‍ കേട്ടപ്പോഴായിരുന്നു.
ഹാര്‍മോണിയത്തില്‍ വിരലുകളോടിച്ച്, സ്വയം അലിഞ്ഞാണ് ബാബുക്ക പാടുക. ആ ഈണത്തിനൊപ്പം കേള്‍ക്കുന്നവരും സഞ്ചരിച്ചുതുടങ്ങും. ഭാസ്കരന്‍ മാസ്റ്ററുടെ സങ്കല്പത്തിന്റെ തേരിലേറി, പാമരനായ പാട്ടുകാരന്റെ വേണുഗാനത്തില്‍ നാം അലിഞ്ഞുപോകും. ബാബുക്ക പാടുമ്പോള്‍ വെളിപ്പെട്ടുവരുന്ന ഒരു അഭൗമ സൗന്ദര്യമുണ്ട്. അത് വേറൊരുതരം ലഹരിയാണ് സമ്മാനിക്കുന്നത്. ഒരുപക്ഷേ, ജീവിതത്തിലെ നഷ്ട, ദുഃഖങ്ങളൊക്കെയും ബാബുക്ക ഒളിപ്പിച്ചുവച്ചത് ഇത്തരം ഈണങ്ങളിലായിരുന്നിരിക്കണം. അതുകൊണ്ടാകണം, ബാബുക്ക പാടുന്നതുപോലെ അത് മറ്റാര്‍ക്കും പകരപ്പെടാന്‍ പറ്റാത്തത്. ബാബുക്കയ്ക്ക് സാധ്യമായ ഭാവതീവ്രത, അത് ഏറ്റുപാടിയ ഗായകര്‍ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നോ എന്ന സംശയം ബാക്കിയാകുന്നതും അവിടെയാണ്.
'മലയാള സിനിമ സംഗീതശാഖയ്ക്ക് ബാബുക്ക സമ്മാനിച്ച രത്നക്കല്ല്' എന്നാണ് ഗായകനും സംഗീത സംവിധായകനുമായ ശരത് പ്രാണസഖിയെ വിശേഷിപ്പിച്ചത്. ആ രത്നം ഇങ്ങനെ തിളങ്ങിക്കൊണ്ടിരിക്കും, പലകാലങ്ങളില്‍, പല വേര്‍ഷനുകളില്‍. അതാണ് എം.എസ്. ബാബുരാജ് എന്ന സംഗീത വിസ്മയം.