ഷാരൂഖ് ഖാന്‍ ആകാശത്തേക്ക് കൈകള്‍ കൂപ്പി പറഞ്ഞു: "ബാബുരാജ്, താങ്കള്‍ എത്ര വലിയ സ്വാധീനമാണ് ഈ ആള്‍ക്കൂട്ടത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്"

പാടി, പറയുന്ന, പറഞ്ഞുതരുന്ന സംഗീതജ്ഞന്‍ എന്നാണ് ബാബുരാജിനെക്കുറിച്ച് എസ്. ജാനകി പറഞ്ഞിട്ടുള്ളത്
Shah Rukh Khan on MS Baburaj
എം.എസ്. ബാബുരാജ്Source: News Malayalam 24X7
Published on

ബോളിവുഡ് താരം ഷാരൂഖ് ഖാനും മലയാളികളുടെ പ്രിയപ്പെട്ട സംഗീതജ്ഞന്‍ എം.എസ് ബാബുരാജും തമ്മില്‍ എന്താണ് ബന്ധം? ഒരു ബന്ധവുമില്ലെന്നാണ് ഉത്തരം. സംഗീതംകൊണ്ട് പോലും ഇരുവരും ഒരുമിച്ചിട്ടില്ല. പക്ഷേ, ബാബുരാജ് തന്നിട്ടുപോയ സംഗീതവും, അത് തേടിയെത്തുന്ന മനുഷ്യരെയും കണ്ട് വിസ്മയിച്ചിട്ടുണ്ട് ഷാരൂഖ്. അതില്‍പ്പരമൊരു അംഗീകാരം ഇന്ത്യയില്‍ ഏത് സംഗീതജ്ഞന് ലഭിക്കുമെന്നും, മലയാളിസമൂഹത്തെ സാക്ഷിനിര്‍ത്തി ഷാരൂഖ് ചോദിച്ചിട്ടുണ്ട്.

പത്തിരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ്, മാക്ടയും കോഴിക്കോട് പൗരാവലിയും ചേര്‍ന്ന് ബാബുരാജ് സംഗീത നിശ സംഘടിപ്പിച്ചിരുന്നു. ബാബുക്കയുടെ പാട്ടുകള്‍ കേള്‍ക്കാന്‍ നാടും നഗരവും കോഴിക്കോട് പരേഡ് മൈതാനത്തേക്ക് ഒഴുകിയെത്തി. വന്നെത്തിയവരില്‍ ഏറെപ്പേര്‍ക്ക് ടിക്കറ്റ് കിട്ടിയില്ല. അവര്‍ തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല. ഇതോടെ, മൈതാനത്തിനൊപ്പം സമീപവും ജനനിബിഡമായി. വലിയ ജനക്കൂട്ടത്തിനു നടുവില്‍, ബാബുക്കയുടെ പാട്ടുകളിലും ഓര്‍മകളിലും നിറയാന്‍ അവര്‍ കാത്തിരുന്നു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ജൂഹി ചൗളയുമായിരുന്നു അന്നത്തെ മുഖ്യാതിഥികള്‍. മൈതാനം നിറഞ്ഞെത്തിയ ആള്‍ക്കൂട്ടത്തെക്കണ്ട്, ഷാരൂഖ് അമ്പരന്നു. ആകാശത്തേക്ക് കൈകള്‍ കൂപ്പി താരം ഇങ്ങനെ പറഞ്ഞു: "ബാബുരാജ്, താങ്കള്‍ എത്ര വലിയ സ്വാധീനമാണ് ഈ ആള്‍ക്കൂട്ടത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. അതെന്നെ വിസ്മയഭരിതനാക്കുന്നു. വിട പറഞ്ഞ് കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും, അങ്ങയുടെ മാത്രം പാട്ടുകള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍, അത് ആത്മാവിലേക്ക് ആവാഹിക്കാന്‍ ഇത്രയും ആള്‍ക്കാര്‍ ക്ഷമയോടെ കാത്തുനില്‍ക്കുന്നു. ഇതില്‍പ്പരം അംഗീകാരം ഇന്ത്യയില്‍ മറ്റേതൊരു സംഗീതജ്ഞന് ലഭിക്കും". തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പകരപ്പെട്ട ബാബുക്കയുടെ സംഗീത മാന്ത്രികതയ്ക്ക് ലഭിച്ച വലിയ വിശേഷണങ്ങളില്‍ ഒന്നായിരുന്നു അത്.

Shah Rukh Khan on MS Baburaj
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി... ധനുമാസ ചന്ദ്രിക വന്നു; ജയചന്ദ്രനെ പറഞ്ഞുപറ്റിച്ച് പാടിച്ച പാട്ട്

മലയാളികളുടെ സംഗീതബോധത്തെ അടുത്തറിഞ്ഞ സംഗീത പ്രതിഭയായിരുന്നു, മുഹമ്മദ് സബീര്‍ ബാബുരാജ് എന്ന എം.എസ് ബാബുരാജ്. മലയാളികളുടെ സ്വന്തം ബാബുക്കയുടെ ഓര്‍മകള്‍ക്ക് 47 വയസ്. പിതാവും ഹിന്ദുസ്ഥാനി ഗായകനുമായിരുന്ന ഉസ്താദ് ജാന്‍ മുഹമ്മദില്‍നിന്നായിരുന്നു സംഗീതത്തിന്റെ ബാലപാഠം. കൊല്‍ക്കത്തക്കാരനായ പിതാവില്‍നിന്ന് സംഗീതത്തിനൊപ്പം ഹാര്‍മോമണിയത്തിലും ജലതരംഗിലും പരിശീലനം നേടി. മാതാവ് ഫാത്തിമ സുഹറയുടെ അപ്രതീക്ഷിത വിയോഗവും പിതാവിന്റെ നാടുവിടലും ദുരിതം വിതച്ച ബാല്യത്തില്‍ സംഗീതം മാത്രമായിരുന്നു ബാബുരാജിന്റെ ആശ്രയം. കോഴിക്കോട് അങ്ങാടിയിലും ട്രെയിനിലുമൊക്കെ പാട്ടുപാടി ഉപജീവനം തേടി. അതിനിടെ, കുഞ്ഞമ്മദ്ക്ക എന്ന പോലീസുകാരന്‍ ബാബുരാജിനെ ദത്തെടുത്തു. സര്‍ഗാധനനായ ആ മനുഷ്യന്റെ സംരക്ഷണയിലായിരുന്നു ബാബുരാജിന്റെ പിന്നീടുള്ള ജീവിതം. ബാബുരാജിന്റെ സംഗീതവിരുന്നില്ലാത്ത കല്യാണവീടുകള്‍ പിന്നീട് കോഴിക്കോടുകാര്‍ക്ക് ആലോചിക്കാനാവുമായിരുന്നില്ല. മംഗളഗാനങ്ങള്‍ക്ക് നിമിഷ നേരം കോണ്ട് സംഗീതം നല്‍കാനുള്ള കഴിവ് ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. മനസ് തൊടുന്ന ആലാപനശൈലി കൂടിയായപ്പോള്‍ ബാബുരാജിന്റെ പാട്ടുകള്‍ക്കൊരു അഭൗമ സൗന്ദര്യം കൈവന്നു.

കെ.പി ഉമ്മര്‍, തിക്കൊടിയന്‍, കെ.ടി മുഹമ്മദ് എന്നിവരുമായുള്ള ബന്ധം ബാബുരാജിന് നാടകത്തില്‍ അവസരമൊരുക്കി. 1951ല്‍ ഇന്‍ക്വിലാബിന്റെ മക്കള്‍ എന്ന നാടകത്തിലായിരുന്നു തുടക്കം. ടി. മുഹമ്മദ് യൂസഫിന്റെ കണ്ടം ബെച്ച കോട്ട്, കേരള കലാവേദി അവതരിപ്പിച്ച നമ്മളൊന്ന് എന്നീ നാടകങ്ങളിലെ ഗാനങ്ങള്‍ അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തി. കോഴിക്കോട് അബ്ദുള്‍ ഖാദര്‍ വഴി പി. ഭാസ്‌കരനുമായുണ്ടായ പരിചയമാണ് ബാബുരാജിനെ സിനിമയില്‍ എത്തിച്ചത്. 1953ല്‍ തിരമാല എന്ന ചിത്രത്തില്‍ സഹ സംഗീത സംവിധായകനായി. 1957ല്‍ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനുമായി. 1960കള്‍ ബാബുരാജ് സംഗീതത്തിന്റെ സുവര്‍ണകാലമായിരുന്നു. 1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയത്തിലെ പാട്ടുകള്‍ സൂപ്പര്‍ഹിറ്റായി. താമസമെന്തേ വരുവാന്‍, വാസന്ത പഞ്ചമിനാളില്‍, പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു, അറബിക്കടലൊരു മണവാളന്‍, ഏകാന്തതയുടെ അപാരതീരം എന്നീ ഗാനങ്ങള്‍ അന്നുമിന്നും സംഗീതപ്രേമികള്‍ ഏറ്റുപാടിക്കൊണ്ടിരിക്കുന്നു.

Shah Rukh Khan on MS Baburaj
ഒപ്പം പാടി, അഭിനയിച്ചു; ചിത്രയ്ക്ക് അന്നുമിന്നും അറിയില്ല, ആ ഗായകനെ

അറുന്നൂറോളം ചലച്ചിത്രഗാനങ്ങള്‍ക്കും നൂറിലധികം നാടകഗാനങ്ങള്‍ക്കും ബാബുരാജ് ഈണമിട്ടു. ദ്വീപ്, സുബൈദ, ഉമ്മ, കാട്ടുമല്ലിക, ലൈലാമജ്‌നു, കാര്‍ത്തിക, ഖദീജ, കാട്ടുതുളസി, മിടുമിടുക്കി, പുള്ളിമാന്‍, തച്ചോളി ഒതേനന്‍, മൂടുപടം, തറവാട്ടമ്മ, ഡോക്ടര്‍, പാലാട്ടു കോമന്‍, നിണമണിഞ്ഞ കാല്‍പ്പാടുകള്‍, സൃഷ്ടി, രാത്രിവണ്ടി, അഗ്നിപുത്രി, പരീക്ഷ, അന്വേഷിച്ചു കണ്ടെത്തിയില്ല, ഭദ്രദീപം, യത്തീം ഉദ്യോഗസ്ഥ, ഇരുട്ടിന്റെ ആത്മാവ്, മനസ്വിനി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. പി ഭാസ്‌കരന്റെ വരികള്‍ക്കാണ് ബാബുരാജ് ഏറ്റവും കൂടുതല്‍ ഈണം പകര്‍ന്നത്. രണ്ടാം സ്ഥാനത്ത് വയലാറാണ്. ഒ.എന്‍.വി, പൂവച്ചല്‍ ഖാദര്‍, ബിച്ചു തിരുമല, യൂസഫലി കേച്ചേരി, ശ്രീകുമാരന്‍ തമ്പി എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.

യേശുദാസും എസ്. ജാനകിയുമാണ് അദ്ദേഹത്തിന്റെ ഈണങ്ങള്‍ ഏറ്റവുമധികം പാടിയത്. ബാബുരാജ് - ജാനകി കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളുടെ മാറ്റ് ഇന്നും കുറഞ്ഞിട്ടില്ല. പാടി, പറയുന്ന, പറഞ്ഞുതരുന്ന സംഗീതജ്ഞന്‍ എന്നാണ് ബാബുരാജിനെക്കുറിച്ച് ജാനകി പറഞ്ഞിട്ടുള്ളത്. "ഓരോ റെക്കോഡിങ് കഴിയുമ്പോഴും ബാബുരാജ് വന്നു ചോദിക്കും, നിങ്ങള്‍ എങ്ങനെ ഇത്ര നന്നായി പാടുന്നു. അപ്പോള്‍ ഞാന്‍ പറയും: നിങ്ങള്‍ ഇത്ര നന്നായി ട്യൂണ്‍ ചെയ്തപ്പോള്‍ ഞാന്‍ അറിയാതെ പാടിപ്പോയി". കലാസാംസ്‌കാരിക വേദികളിലും സുഹൃത്ത് സദസുകളിലും ഹാര്‍മോണിയം വായിച്ചു പാടുന്ന ബാബുരാജിനെ കേട്ടിരുന്നൊരു തലമുറ ഉണ്ടായിരുന്നു. വളരെ പരിമിതമായ അതിന്റെ റെക്കോഡിങ്ങുകള്‍ പരിശോധിച്ചാല്‍, ജാനകിയുടെ വാക്കുകള്‍ എത്രത്തോളം സത്യമാണെന്ന് മനസിലാക്കാം. സ്വയം അലിഞ്ഞുപാടുന്ന ബാബുരാജിന് സാധ്യമായ ഭാവതീവ്രത, അത് ഏറ്റുപാടിയ ഗായകര്‍ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നോ എന്ന സംശയം ബാക്കിനില്‍ക്കും. അതായിരുന്നു ബാബുരാജ് സംഗീതത്തിന്റെ മാന്ത്രികത. അതുതന്നെയാണ് പുതുതലമുറയ്ക്കും ബാബുരാജിനെ പ്രിയപ്പെട്ടവനാക്കുന്നത്.

Shah Rukh Khan on MS Baburaj
മലയാള സിനിമയ്ക്ക് പാട്ടുണ്ടാക്കാന്‍ ഒരു തമിഴനോ? ലങ്കാദഹനം നേരിട്ട 'വേറിട്ട' വിമര്‍ശനം

ഹിന്ദുസ്ഥാനിയും ഗസലുമൊക്കെ സ്വാധീനിച്ച ബാബുരാജിന്റെ ഈണങ്ങള്‍ ഹൃദയത്തോട് അത്രമേല്‍ ഒട്ടിനില്‍ക്കുന്നതാണ്. അതിലൊരിക്കലും മലയാളിത്തത്തിന് കുറവും വന്നിരുന്നില്ല. മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്ത്..മലയാളമെന്നൊരു നാടുണ്ട് എന്ന് ഈണമിട്ടയാള്‍ തന്നെയാണ് സുറുമയെഴുതിയ മിഴികളും... താനേ തിരിഞ്ഞും മറിഞ്ഞുമൊക്കെ മലയാളികള്‍ക്ക് സമ്മാനിച്ചത്. ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം, ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം... ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍, പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍... എന്നിങ്ങനെ ഒരുപിടി ഗാനങ്ങള്‍ മലയാളികളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചശേഷമാണ് 49ാം വയസില്‍ വിട പറഞ്ഞത്. ഇക്കാലത്തിനിടെ, ഒരു ദിവസംപോലും ബാബുരാജിനെ ഓര്‍ക്കാതെ, ആ ഈണങ്ങള്‍ക്ക് ഹൃദയം പകരാതെ ഒരു സംഗീതപ്രേമിയും കടന്നുപോയിട്ടുണ്ടാകില്ല. അതാണ് ബാബുരാജിനുള്ള അംഗീകാരം, ബാബുക്കയ്ക്കുള്ള ആദരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com