കേരളത്തിന് അകത്തും പുറത്തും ഒരുപോലെ ഹിറ്റായി മാറിയ ചിത്രമാണ് 'പ്രേമലു'. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിലെ മമിത ബൈജു - നസ്‌ലൻ കോംബോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവർക്കും കരിയർ ബ്രേക്ക് നൽകിയ ചിത്രമായിരുന്നുവിത്. സിനിമയുടെ വിജയാഘോഷ വേദിയിൽ വച്ച് നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് 'പ്രേമലു 2' ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് ഈ ചിത്രം ഉപേക്ഷിച്ചതായി നിർമാതാക്കൾ തന്നെ വ്യക്തമാക്കി. അന്നുമുതൽ സിനിമ എന്തുകൊണ്ട് ഉപേക്ഷിച്ചു എന്ന ചർച്ചയിലാണ് ആരാധകർ. ഇപ്പോഴിതാ, ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ഗിരീഷ് എ.ഡി.
ഏവരും ഉറ്റുനോക്കിയിരുന്ന 'പ്രേമലു 2' താൻ തന്നെയാണ് വേണ്ടെന്ന് വച്ചതെന്ന് ഗിരീഷ് പറയുന്നു. പ്രോജക്ട് ഡ്രോപ്പ് ചെയ്ത് തൊട്ടടുത്ത ദിവസം താനും സഹ എഴുത്തുകാരൻ കിരൺ ജോസിയും അടുത്ത സിനിമയുടെ എഴുത്തിലേക്ക് കടന്നെന്നും സംവിധായകൻ വ്യക്തമാക്കി.
" ഞങ്ങളും പ്രൊഡ്യൂസേഴ്സും ആക്ടേഴ്സും എല്ലാവരും ഉറ്റുനോക്കിയിരുന്ന വലിയൊരു പടമായിരുന്നുവത് (പ്രേമലു 2). ഞാൻ തന്നെയാണ് അത് വേണ്ടെന്ന് വച്ചത്. വയ്‌ക്കേണ്ടി വന്നു. അല്ലെങ്കിൽ അത് അതിലും വലിയ പണികളിലേക്ക് പോകുമായിരുന്നു. അടുത്ത ദിവസം, അതിന്റെ അവശിഷ്ടങ്ങളൊക്കെ അവിടെ കിടക്കുമ്പോൾ തന്നെ ഞങ്ങൾ വേറൊരു പടം ഒന്നേ എന്ന് തുടങ്ങി. ഞാനും കിരണും സ്വയം അഭിമാനിക്കുന്ന സംഭവമാണത്. സാധാരണ അങ്ങനെ ആരും ചെയ്യില്ല. അത് മെന്റലി ഭയങ്കര ടാസ്ക് ആണ്. ആ അവസ്ഥയിലൂടെ കടന്നുപോയവർക്ക് മാത്രമേ അത് മനസിലാവൂ. എന്നാലും പിന്നീട് അതിന് കിട്ടിയ റിസൾട്ട് ശരിക്കും ഒരു 'കാവ്യനീതി' തന്നെയാണ്. ഈ പരിപാടിയിലേക്ക് ഇറങ്ങുമ്പോൾ നമ്മൾ ഇതെല്ലാം പ്രതീക്ഷിച്ചിട്ട് വേണം ഇറങ്ങാൻ. അതാണ് റിയാലിറ്റി. പരാജയങ്ങൾ സംഭവിക്കാം , എന്തും സംഭവിക്കാം," എന്നാണ് ഗിരീഷിന്റെ വാക്കുകൾ. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
അതേസമയം, നിവിൻ പോളി - മമിത ബൈജു കോംബോയിൽ ഇറങ്ങിയ ഗിരീഷ് എ.ഡി ചിത്രം മികച്ച കളക്ഷനുമായി ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. 147.65 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള ആഗോള ഗ്രോസ്. 100 കോടി കളക്ഷൻ എന്ന ബെഞ്ച്മാർക്ക് പിന്നിടുന്ന മമിതയുടെ അഞ്ചാം ചിത്രമാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്' . 'പ്രേമലു', 'ഡ്യൂഡ്', 'ജന നായകൻ', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നിവയാണ് ഈ ക്ലബിൽ ഇടംപിടിച്ച നടിയുടെ മറ്റ് ചിത്രങ്ങൾ. 'സർവം മായ'യ്‌ക്ക് ശേഷം നിവിൻ പോളിയുടെ 100 കോടി ചിത്രം കൂടിയാണിത്.