കൊച്ചി: സോഷ്യല്‍ മീഡിയ മുഴുവന്‍ ഇപ്പോള്‍ 'ഓലിക്കര സോജപ്പൻ' ആണ് താരം. 'കലണ്ടർ' എന്ന സിനിമയില്‍ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് സോജപ്പൻ. വർഷങ്ങൾക്ക് ശേഷം, സിനിമയിലെ പാട്ടിന്റെ 4K പതിപ്പ് അണിയറ പ്രവർത്തകർ പുറത്തിറക്കിയതിന് പിന്നാലെയാണ് സോജപ്പനും വൈറലായത്.
മണിക്കൂറുകൾക്കുള്ളില്‍ 50,000ത്തിൽ ഏറെപ്പേരാണ് 'പച്ചവെള്ളം തച്ചിന് സോജപ്പൻ' എന്ന പൃഥ്വിരാജിന്റെ ഇന്‍ട്രോ സോങ് യൂട്യൂബിൽ കണ്ടത്. ഈ പാട്ടിനെയും കഥാപാത്രത്തെയും ചുറ്റിപ്പറ്റി പലതരത്തിലുള്ള ട്രോളുകളും മീമുകളും നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്. 'പച്ചവെള്ളം തച്ചിന് സോജപ്പൻ' എന്ന പാട്ട് എഴുതിയിരിക്കുന്നത് അനിൽ പനച്ചൂരാൻ ആണ്. സംഗീതം നൽകിയത് അഫ്സൽ യൂസഫും പാടിയത് വിനീത് ശ്രീനിവാസനും. പാട്ടിന്റെ വരികളും പൃഥ്വിരാജിന്റെ ഭാവപ്രകടനങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
2009 മെയ് 21ന് ആണ് കലണ്ടർ റിലീസ് ആയത്. മഹേഷ് ആയിരുന്നു സംവിധാനം. സിനിമയിലെ സോജപ്പന്റെ പ്രണയിനിയായ കൊച്ചുറാണിയെ അവതരിപ്പിക്കുന്നത് നവ്യ നായരാണ്. സെറീന വഹാബ്, മുകേഷ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിൽ എത്തുന്നു.