കൊച്ചി: ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറുകയാണ് രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ'. ദേശീയ-അന്തർദേശീയ കളക്ഷൻ റെക്കോർഡുകൾ മറികടന്ന സിനിമ ആഗോളതലത്തിൽ 1222 കോടി രൂപയ്ക്ക് മുകളിലാണ് സ്വന്തമാക്കിയത്. വിദേശ രാജ്യങ്ങളിൽ സിനിമ വൻ തരംഗമായി മാറുകയാണ്. ഇപ്പോഴിതാ, തന്റെ ശിഷ്യനായി പ്രവർത്തിച്ചിരുന്ന ആദിത്യ ധറിന്റെ വിജയത്തിൽ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.
തന്റെ ശിഷ്യൻ ഇത്ര വലിയ വിജയം കൈവരിക്കുന്നത് കാണുന്നതിനേക്കാൾ വലിയ സന്തോഷം ഒരു ഗുരുവിനില്ലെന്ന് അദ്ദേഹം കുറിച്ചു. തങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച കാലത്തെ ഒരു ചിത്രവും പ്രിയദർശൻ കുറിപ്പിനൊപ്പം പങ്കുവച്ചു. "എന്റെ ശിഷ്യൻ ഇത്രയും മികച്ച വിജയവുമായി ഉയർന്നു വരുന്നത് കാണുന്നതിനേക്കാൾ വലിയ സന്തോഷം വേറെയില്ല. 'ധുരന്ധർ' എന്ന സിനിമയുടെ വിജയത്തിന് ആദിത്യ ധറിന് അഭിനന്ദനങ്ങൾ. ഒപ്പം 'ധുരന്ധർ 2'ന് എന്റെ ഹൃദയം നിറഞ്ഞ ആശംസകളും," പ്രിയദർശൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
പ്രിയദർശൻ തന്നിൽ വിശ്വസം അർപ്പിച്ചതിന് ആദിത്യ ധർ കമന്റ് സെക്ഷനിൽ നന്ദി പറഞ്ഞു. "പ്രിയപ്പെട്ട പ്രിയൻ സർ, ഇതിന് എനിക്ക് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തത്ര അർഥമുണ്ട്. ഞാൻ ആരുമല്ലാതിരുന്ന കാലത്ത്, എന്റെ പക്കൽ കുറച്ച് എഴുതിയ പേജുകളും ഉറച്ച വിശ്വാസവും മാത്രം ഉണ്ടായിരുന്നപ്പോൾ,താങ്കൾ എന്നിൽ വിശ്വസിച്ചു. താങ്കൾ എന്നെ ഒരു സഹപ്രവർത്തകനെപ്പോലെ പരിഗണിച്ചു, വെറും ജോലി എന്നതിലുപരി അന്തസ്സും വിശ്വാസവും സ്നേഹവും എനിക്ക് നൽകി. സിനിമയിൽ എന്ത് ചെയ്യരുത് എന്ന് ഞാൻ പഠിച്ചപ്പോൾ, ഒരു സിനിമാക്കാരൻ എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും എന്ത് ചെയ്യണമെന്ന് താങ്കൾ എന്നെ പഠിപ്പിച്ചു. 'ആക്രോശ്', 'തേസ്' എന്നീ സിനിമകൾക്ക് സംഭാഷണം എഴുതിയത് മുതൽ ഇന്ന് ഇവിടെ നിൽക്കുന്നത് വരെ, ഓരോ ചുവടിലും നിങ്ങളുടെ മുദ്രയുണ്ട്. ഞാൻ എന്നും താങ്കളുടെ വിദ്യാർഥിയായിരിക്കും. ഈ വിജയം എന്റേതെന്ന പോലെ നിങ്ങളുടേതുമാണ്" എന്നാണ് ആദിത്യ കമന്റ് ചെയ്തത്.
കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിനാണ് 'ധുരന്ധർ' തിയേറ്ററുകളിലെത്തിയത്. അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ, രാകേഷ് ബേദി എന്നിവരും സിനിമയിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു. സാറാ അർജുൻ ആണ് ചിത്രത്തിലെ നായിക. അടുത്ത വർഷം 19ന് 'ധുരന്ധറി'ന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.