ചെന്നൈ: നാളെ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്ന ശിവകാർത്തികേയൻ ചിത്രം 'പരാശക്തി'ക്കും സെൻസർ സർട്ടിഫിക്കറ്റ് നൽകാതെ സെൻസർ ബോർഡ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ സിനിമയുടെ ഓൺലൈൻ ബുക്കിങ് തുടങ്ങാൻ സാധിച്ചിട്ടില്ല. സിനിമയിൽ എക്സാമിനിങ് കമ്മിറ്റി 23 കട്ടുകൾ നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ. സംവിധായിക സുധ കൊങ്കര റിവൈസിങ് കമ്മിറ്റിയെ സമീപിച്ചെങ്കിലും സമാനമായ വെട്ടിമാറ്റലുകൾ അവരും ആവശ്യപ്പെട്ടതായാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
ജനുവരി എട്ടിന് സിനിമയുടെ റീ എഡിറ്റഡ് വേർഷൻ റിവൈസിങ് കമ്മിറ്റി കണ്ടിരുന്നു. എന്നാൽ, നിർദേശിച്ച ദൈർഘ്യത്തിനനുസരിച്ചല്ല മാറ്റങ്ങൾ വരുത്തിയതെന്ന് ചൂണ്ടിക്കാട്ടി 15 സീനുകളുടെ കാര്യത്തിൽ അവർ തടസവാദങ്ങൾ ഉന്നയിച്ചു. ഈ 15 മാറ്റങ്ങൾ വരുത്തി, സംവിധായിക സിനിമ വീണ്ടും സമർപ്പിക്കുകയാണെങ്കിൽ കൂടി ഇന്ന് ഉച്ചയ്ക്ക് ശേഷമേ 'പരാശക്തി' കാണാൻ സാധിക്കുകയുള്ളൂ എന്നാണ് റിപ്പോർട്ട്. 'ജന നായകൻ' സിനിമയുമായി ബന്ധപ്പെട്ട കോടതി വിധി ഇന്ന് രാവിലെ 10:30 ന് വരുന്നതിനാൽ ചില അംഗങ്ങൾക്ക് കോടതിയിൽ ഹാജരാകേണ്ടതുണ്ട് എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സിനിമ വീണ്ടും പരിശോധിച്ച്, വരുത്തിയ മാറ്റങ്ങളിൽ ബോർഡ് തൃപ്തരായാൽ ഉടൻ തന്നെ സർട്ടിഫിക്കറ്റ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, റിവൈസിങ് കമ്മിറ്റി നിർദേശിച്ച മാറ്റങ്ങളോട് സുധ കൊങ്കര യോജിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഈ മാറ്റങ്ങൾ സിനിമയുടെ ക്രിയാത്മകമായ ആഖ്യാനത്തെ ബാധിക്കുമെന്നാണ് സംവിധായികയുടെ വാദം.
1960കളിലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് സുധ കൊങ്കര 'പരാശക്തി' ഒരുക്കിയിരിക്കുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട പല രംഗങ്ങൾക്ക് എതിരെയും ചെന്നൈയിലെ റീജിയണൽ ഓഫീസ് എതിർപ്പ് അറിയിച്ചിരുന്നു. സമരങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളും സംഭാഷണങ്ങളും മാറ്റാനോ നീക്കം ചെയ്യാനോ ബോർഡ് ആവശ്യപ്പെട്ടിരുന്നു എന്നാണ് മുൻ റിപ്പോർട്ടുകൾ. നിലവിൽ, ഈ വിഷയത്തിൽ സംവിധായികയോ നിർമാതാക്കളോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
ശിവകാർത്തികേയന്റെ 25ാമത് ചിത്രമായ 'പരാശക്തി'യിൽ രവിമോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. രവി കെ ചന്ദ്രന്‍ ആണ് സിനിമയുടെ ഛായാഗ്രഹണം. സതീഷ് സൂര്യ ആണ് എഡിറ്റിങ്ങ്. ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കുന്നത് സുപ്രീം സുന്ദറാണ്. കലാസംവിധാനം: എസ്. അണ്ണാദുരൈ, വരികൾ: യുഗഭാരതി, ഏകദേശി, അറിവ്, കബീർ വാസുകി, ജയശ്രീ മതിമാരൻ, അഡീഷണൽ സ്ക്രീൻപ്ലേ: ഗണേശ, അഡീഷണൽ ഡയലോഗ്: മദൻ കാർക്കി, ഷാൻ കറുപ്പുസാമി, വസ്ത്രാലങ്കാരം: പൂർണിമ, ഡി.അരുൺ മോഹൻ, നൃത്തസംവിധാനം: ബൃന്ദ, ക്രുതി മഹേഷ്, അനുഷ വിശ്വനാഥൻ, സൗണ്ട് ഡിസൈൻ: സുരൻ. ജി – എസ് അളഗിയക്കൂത്തൻ, വിഎഫ്എക്സ് സൂപ്പർവൈസർ: കെ.വി. സഞ്ജിത്, കളറിസ്റ്റ്: ആശിർവാദ് ഹഡ്കർ, ഹെയർ & മേക്കപ്പ്: സെറീന, എസ്. ഷൈദ് മാലിക്, സ്റ്റിൽസ്: സി.എച്ച്. ബാലു, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ദേവ് രാംനാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: എം.പി. സെന്തൽ, റിയ കൊങ്കര.