കൊച്ചി: നടൻ ബിജു മേനോൻ സിനിമാ പ്രൊമോഷനോട് നിസഹകരിച്ചത് നിർമാതാവും സംവിധായകനുമായ അനൂപ് കണ്ണന് നഷ്ടമുണ്ടാക്കിയതിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഇടപെടൽ. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച സിനിമയിലെ നടന്റെ പ്രതിഫലത്തിൽ നിന്ന് അനൂപ് കണ്ണന് പണം നൽകാനാണ് തീരുമാനം. ബിജു മേനോൻ പ്രൊമോഷന് എത്താത്തത് നിർമാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്നിലെത്തിയ പരാതി. കഴിഞ്ഞ ദിവസം ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
സിനിമാ പ്രവർത്തകരുടെ ജോലി സമയം 12 മണിക്കൂറായി ചുരുക്കുന്ന സേവന-വേതന കരാർ ഫെഫ്കയും നിർമാതാക്കളുടെ സംഘടനയും ഒപ്പിട്ട വിവരം അറിയിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിലായിരുന്നു വിമർശനം. അഭിനേതാക്കൾ സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയ ഉണ്ണികൃഷ്ണൻ ബിജു മേനോന്റെ പേരെടുത്ത് പറഞ്ഞ് വിമർശിക്കുകയായിരുന്നു.
അഭിനേതാക്കൾ പ്രൊമോഷന് വരണം എന്നുള്ളത് സിനിമയുടെ കരാറിൽ ഉള്ളതാണ്. നടൻ ബിജു മേനോൻ പ്രൊമോഷന് വരാത്തത് കൊണ്ട് നിർമാതാവ് അനൂപ് കണ്ണന് ചാനലിൽ നിന്ന് ലഭിക്കേണ്ട തുകയിൽ 25 ലക്ഷം രൂപ നഷ്ടമുണ്ടായി. ജീത്തു ജോസഫ് സംവിധാനം ചെയ്ത 'വലതുവശത്തെ കള്ളൻ' എന്ന സിനിമയുടെ പ്രൊമോഷനും നടൻ വന്നില്ലെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ആരോപിച്ചു.
അനൂപ് കണ്ണൻ നിർമിച്ച് സംവിധാനം ചെയ്ത 'നടന്ന സംഭവം' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബിജു മേനോൻ സഹകരിച്ചില്ലെന്നാണ് പരാതി. നടൻ പ്രൊമോഷന് വന്നത് ആകെ രണ്ട് മണിക്കൂർ മാത്രമാണെന്നാണ് അനൂപ് കണ്ണൻ പറയുന്നത്. കരഞ്ഞു കാല് പിടിച്ച ശേഷമാണ് വന്നത്. ഒടിടി അവകാശം നൽകിയപ്പോൾ പ്രൊമോഷന് വന്നില്ല. ഫോണിൽ വിളിച്ചപ്പോൾ പ്രതികരിച്ചില്ല. ഒന്നര വർഷം മുൻപ് പരാതി നൽകിയെന്നും ബിജു മേനോന്റെ അടുത്ത സിനിമ വരുമ്പോൾ പരിഹാരം കാണാം എന്നായിരുന്നു മറുപടിയെന്നും അനൂപ് കൂട്ടിച്ചേർത്തു. പരാതി നൽകി എന്നറിഞ്ഞിട്ടും ബിജു മേനോന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായില്ലെന്നും അനൂപ് പറഞ്ഞു.