രാജാ സാഹിബ് അഭിമുഖം Source: News Malayalam 24x7
ENTERTAINMENT

'പേട്രിയറ്റ്' ലൊക്കേഷനിൽ വച്ചാണ് മമ്മൂക്ക 'കർപ്പൂരനാളം' പ്രകാശനം ചെയ്തത് | രാജാ സാഹിബ് അഭിമുഖം

ഏറ്റവും പുതിയ ഗാനമായ 'കർപ്പൂരനാള'ത്തിന്റെ വിശേഷങ്ങളുമായി മിമിക്രി കലാകാരനും നടനും ഗായകനുമായ രാജാ സാഹിബ്

Author : ശ്രീജിത്ത് എസ്

ജയൻ, ഇന്നസെന്റ്, ജഗതി, ഉഷ ഉതൂപ്പ് എന്നിങ്ങനെ നിരവധി പ്രമുഖരെ അനുകരിച്ചുകൊണ്ടാണ് മിമിക്രി വേദിയിൽ രാജാ സാഹിബ് എന്ന കലാകാരൻ പേരെടുക്കുന്നത്. സ്റ്റേജ് അനുകരണങ്ങളിൽ ഫിഗർ ഇമിറ്റേഷൻ എന്ന ശൈലിക്ക് തുടക്കം കുറിക്കുന്നതും രാജാ സാഹിബ് ആണ്. മിമിക്രിയിൽ നിന്ന് സിനിമയിലേക്ക് എത്തിയപ്പോൾ അദ്ദേഹത്തെ കാത്തിരുന്നതോ അന്തരിച്ച ഇതിഹാസ നടൻ ജയന്റെ വേഷവും. 'അപരന്മാർ നഗരത്തിൽ' എന്ന ചിത്രത്തിലെ രാജാ സാഹിബിന്റെ 'ജയനെ' പ്രേക്ഷകർ ഏറ്റെടുത്തു.

ഇതിനിടയിൽ സംഗീത മേഖലയിലേക്കും രാജാ സാഹിബ് കാലെടുത്തുവച്ചിരുന്നു. തമിഴ് സിനിമയിൽ പാടിയാണ് അരങ്ങേറ്റം. തുടർന്ന് നിരവധി ആൽബങ്ങളിലും പാടി. അപ്പോഴൊക്കെ സ്റ്റേജിലെ അനുകരണങ്ങളുടെ നിഴൽ തന്റെ ശബ്ദത്തിൽ പതിക്കാതിരിക്കാൻ രാജ ശ്രദ്ധിച്ചിരുന്നു. ഇപ്പോഴിതാ 'കർപ്പൂരനാളം' എന്ന അയ്യപ്പ ഭക്തിഗാനവുമായി മലയാളികളുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ് രാജാ സാഹിബ്. ചിത്രരചനയിൽ തുടങ്ങിയ തന്റെ കലാജീവിതത്തെപ്പറ്റി രാജാ സാഹിബ് മനസുതുറക്കുന്നു....

പാഠപുസ്തകങ്ങളിൽ വരച്ചുകൊണ്ട് തുടക്കം

കുട്ടിക്കാലത്ത് തന്നെ സ്കൂളിൽ ചെറിയ പരിപാടികൾ ചെയ്തിരുന്നു. സുരേഷ് ഗോപി, മുകേഷ് ഒക്കെ പഠിച്ച കൊല്ലം തങ്കശ്ശേരിയിലെ ഇൻഫെൻ്റ് ജീസസ് സ്കൂളിലാണ് ഞാൻ പഠിച്ചത്. പഠനത്തിൽ മോശമായിരുന്നു. അപ്പോഴാണ് ഒന്ന് മാറ്റിപ്പിടിക്കാൻ തീരുമാനിച്ച് കലാമേഖലയിലേക്ക് എത്തുന്നത്. ആ കാലത്ത് കുറെ ചിത്രങ്ങൾ വരയ്ക്കുമായിരുന്നു. വെള്ളപേപ്പർ കണ്ടാൽ വരയ്ക്കും. സുഹൃത്തുക്കളുടെ ടെക്സ്റ്റ് ബുക്കിൽ ഒക്കെ വരച്ച് വയ്ക്കുമായിരുന്നു. എനിക്ക് കഴിവുണ്ടെന്ന് കണ്ട അവിടുത്തെ ഒരു ടീച്ചർ, മിസ് ജോൺ, എനിക്ക് ഒരു വലിയ പുസ്തകം മേടിച്ചു തന്നു. "മോൻ ഇതിനകത്ത് മാത്രം വരച്ചാൽ മതി. വേറെ പുസ്തകങ്ങളിലൊന്നും വരയ്ക്കണ്ട," എന്ന് പറഞ്ഞു. സ്കൂളിൽ നിന്ന് മിമിക്രിക്ക് മത്സരിക്കാനായിട്ടൊക്കെ കൊണ്ടുപോയിട്ടുണ്ട്. അതും ഈ മിസ് ആണ്.

ഗാനമേള ട്രൂപ്പിലേക്ക്...

പാട്ട് എനിക്ക് പണ്ടേ ഭയങ്കര ഇഷ്ടമായിരുന്നു, പാട്ടുകാരനാകണം എന്നുള്ളതായിരുന്നു അന്നൊക്കെ ആഗ്രഹം. സിസ്റ്ററിന്റെ കല്യാണത്തിന് എനിക്ക് പാട്ട് പാടാൻ ഒരു അവസരം കിട്ടി. കല്യാണത്തിന് മൂന്ന് ടീമിന്റെ ഗാനമേള ഉണ്ടായിരുന്നു. പന്തളം ബാലൻ, ഇടവ ബഷീർ, കലാഭവൻ ആലീസ് എന്നിവരുടെ ഗാനമേളയാണ്. 'വീട്ടുക്ക് വീട്ടുക്ക് വാസപ്പടി വേണം' എന്ന പാട്ടാണ് ഞാൻ പാടിയത്. ഈ പാട്ട് കേട്ടിട്ട് ഇടവ ബഷീർ സമയം കിട്ടുമ്പോഴൊക്കെ ട്രൂപ്പിലേക്ക് ക്ഷണിച്ചു. അങ്ങനെ അവരുടെ കൂട്ടത്തിൽ കൂടി. ആ സമയത്താണ് എനിക്ക് മിമിക്രി അറിയാം എന്ന് അവർ മനസിലാക്കുന്നത്.

പേപ്പർ കത്തിച്ച കരിയിൽ 'മോഹൻലാൽ മീശ'

പാരിപ്പള്ളിയിൽ ഒരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തിനാണ് മോഹൻലാലിന്റെ ഫിഗർ ചെയ്യുന്നത്. അന്ന്, മോഹൻലാലിന്റെ മീശ വയ്ക്കാൻ എന്റെ കയ്യിൽ ഉമിക്കരിയില്ല. ന്യൂസ് പേപ്പർ കത്തിച്ച്, അതിൻ്റെ കരി എടുത്ത് മീശയാക്കി. അവിടെയിരുന്ന ഒരു ഗിറ്റാറിസ്റ്റിന്റെ കൂളിങ് ഗ്ലാസും മേടിച്ചു. ഇത് കണ്ട് ട്രൂപ്പിലുള്ളവർ ഞെട്ടി. അങ്ങനെയാണ് സ്ഥിരമായി പാട്ടിനൊപ്പം മിമിക്രിയും കൂടെ ചെയ്യാനുള്ള അവസരം ലഭിക്കുന്നത്.

പിന്നെ, മോഹൻലാലിനെ കൂടാതെ പ്രേംനസീർ, ഉമ്മർ, ജഗതി ശ്രീകുമാർ, മൻസൂർ അലി ഖാൻ എന്നിവരേയും ചെയ്ത് 'ഫിഗർ കൺസെപ്റ്റ്' കൊണ്ടുവന്നു. അങ്ങനെ മിമിക്രി ലോകത്ത് എനിക്കും ഇടംകിട്ടി.

അപ്പോഴാണ് ജഗതി ശ്രീകുമാർ ഒക്കെയുള്ള ഒരു ഗൾഫ് പ്രോഗ്രാമിന് പോകാൻ അവസരം കിട്ടിയത്. ആ ട്രിപ്പിൽ ജഗതിച്ചേട്ടനുമായി സൗഹൃദത്തിലായി. സിനിമയിൽ അഭിനയിക്കാൻ അദ്ദേഹത്തോട് അവസരം ചോദിച്ചു. "ജൂനിയർ ആർട്ടിസ്റ്റായാൽ ജീവിതകാലം മുഴുവൻ ജൂനിയർ ആയി കിടക്കും. എന്തെങ്കിലും നല്ലത് കിട്ടുന്നത് വരെ കാത്തിരിക്കൂ," എന്നായിരുന്നു മറുപടി.

ആ കാത്തിരിപ്പിന് ഒടുവിലാണ് 2001ൽ 'അപരന്മാർ നഗരത്തിൽ' എന്ന ചിത്രത്തിലെ നായകനായി മലയാള സിനിമയിലേക്ക് എത്തുന്നത്. 11 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത സിനിമ 90 ദിവസത്തിന് മുകളിലാണ് മലബാർ മേഖലയിൽ പ്രദർശിപ്പിച്ചത്. എന്നെ എംജിആറിനെ പോലെ മാല അണിയിച്ച്, ഓപ്പൺ ജീപ്പിൽ കൊണ്ടുപോയി തിയേറ്റർ വിസിറ്റ് ഒക്കെ നടത്തിയിരുന്നു.

'പയിനായിരം രൂപയുടെ സമ്മാനം'

പാട്ടുകാരെ അനുകരിക്കുന്ന ഒരു ഐറ്റം മിമിക്രിയിൽ ചെയ്തു തുടങ്ങിയിരുന്നു. എം.ജി. ശ്രീകുമാറിനെ ആദ്യമായി അനുകരിക്കുന്നത് ഞാനാണ്. 'പയിനായിരം രൂപയുടെ സമ്മാനം' ഒക്കെ കൊണ്ടുവരുന്നത് ഞങ്ങളാണ്. ഒരു അമേരിക്കൻ പ്രോഗ്രാമിലാണ് ആദ്യമായി അദ്ദേഹത്തെ ഇമിറ്റേറ്റ് ചെയ്യുന്നത്. അദ്ദേഹം നല്ല പിന്തുണ നൽകി. ഞാൻ പാട്ട് പാടും എന്നൊന്നും അദ്ദേഹത്തിന് അറിയില്ല. ന്യൂയോർക്കിലെ ഒരു സ്റ്റേജിൽ ഞാനും എം.ജി. ശ്രീകുമാറും ഒരേ മൈക്കിൽ "പൊൻ വീണേ " എന്ന പാട്ട് പാടി. ആളുകൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. പരിപാടി കഴിഞ്ഞ് തമാശയായി, "തനിക്ക് ഇതിന്റെ സ്വരസ്ഥാനം അറിയാമോ?" എന്ന് ചോദിച്ചു. "അതിന്റെയൊക്കെ സ്ഥാനം അറിയാമെങ്കിൽ ഞാനിപ്പോ ഏത് സ്ഥാനത്ത് എത്തിയേനെ, ചേട്ടാ" എന്നായിരുന്നു എന്റെ മറുപടി. പിന്നങ്ങോട്ട് അദ്ദേഹത്തിന്റെ യാത്രകളിൽ എന്നെയും കൂടെക്കൂട്ടാറുണ്ട്. അത് നല്ലൊരു ബന്ധമായി വളർന്നു.

ഇക്കാലത്ത് ഞാൻ നിരവധി ഗായകരെ അനുകരിക്കുമായിരുന്നു. പലരുടെയും സാന്നിധ്യത്തിൽ തന്നെ. മാർക്കോസ് ചേട്ടന് ഒപ്പം 'ഇസ്രയേലിൻ നാഥൻ' ഒക്കെ പാടിയിട്ടുണ്ട്. ഈ രീതിയിൽ പാടുന്നെങ്കിൽ തന്നെയും, എന്റേതായ ഒരു സൗണ്ട്, ഒരു ഐഡന്റിറ്റി ഞാൻ കാത്തുസൂക്ഷിച്ച് പോകുന്നുണ്ടായിരുന്നു.

പന്തളം ബാലന്റെ കൂടെയൊക്കെ പ്രോഗ്രാം ചെയ്യുന്ന സമയത്ത്, തരംഗിണിയുടെ ഒരു പാട്ടിൽ കോറസ് പാടിയിരുന്നു. അങ്ങനെയാണ് ജീവിതത്തിൽ ആദ്യമായിട്ട് സ്റ്റുഡിയോയിൽ കേറി പാട്ട് പാടുന്നത്.

ബാലഭവനിൽ ഒക്കെ പോയി ചെറിയ രീതിയിലൊക്കെ വയലിനും മൃദംഗവും ഒക്കെ പഠിക്കാൻ പോയിട്ടുണ്ട്. അതൊക്കെ ഒരു കോമഡി കഥ പോലെ മാത്രമേ പറയാൻ പറ്റൂ. ഒരു ഇഷ്ടം മനസിൽ കിടക്കുന്നത് കൊണ്ടാണ് പാട്ട് ഇങ്ങനെ പാടാനുള്ള ഒരു കഴിവ് കിട്ടിയത്.

സിനിമയിൽ ഒരു പാട്ട് പാടാൻ അവസരം ലഭിക്കുന്നത് 2012ൽ 'കാതലൻ യാരടി' എന്ന തമിഴ് ചിത്രത്തിലാണ്. എന്റെ സുഹൃത്തായിരുന്നു മ്യൂസിക് ഡയറക്ടർ. ആദ്യം ട്രാക്ക് പാടാനാണ് വിളിച്ചത്. പിന്നെ, "അലയടിക്കുതെ നെഞ്ചിൽ " എന്ന പാട്ട് പാടാൻ അവസരം കിട്ടി.

'കർപ്പൂര നാളം', രാജാ സാഹിബിന്റെ ശബ്ദത്തിൽ ഒരു അയ്യപ്പ ഭക്തിഗാനം

'ആനന്ദ ദർശനം' എന്ന ആൽബത്തിന്റെ സംഗീത സംവിധായകൻ കെ.കെ. ഗോപനെ ഒരു ബേക്കറിയിൽ വച്ചാണ് ഞാൻ കാണുന്നത്. അദ്ദേഹം എന്നെ വന്ന് പരിചയപ്പെട്ടു. മ്യൂസിക് ഡയറക്ടർ ആണെന്ന് സ്വയം പരിചയപ്പെടുത്തി. എനിക്ക് വേണ്ടി ഒരു പാട്ട് പാടുമോ, അയ്യപ്പഭക്തി ഗാനമാണെന്നും പറഞ്ഞു. നിങ്ങൾ ക്ലാസിക്കൽ സാധനങ്ങളൊക്കെ ആയിട്ട് വന്നാൽ പെട്ടുപോകുമെന്ന് ഞാൻ തുറന്നുപറഞ്ഞു. ഇല്ല, സെമിക്ലാസിക്കൽ ആണ് നാട്ട രാഗത്തിൽ ആണെന്നും ഗോപൻ. 'സ്വാമിനാഥ പരിപാലയ' ഒക്കെ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഈ നാട്ട രാഗത്തിലാണ്.

ഗോപൻ സംഗീതം പഠിപ്പിക്കുന്ന ആളും കൂടിയാണ്. ഒരാഴ്ചയോളം നേരിട്ടും ഫോണിലൂടെയും അദ്ദേഹം എന്നെ പാട്ട് പഠിപ്പിച്ചു. റെക്കോർഡിങ്ങിൽ സാധാരണ ഒരു പാട്ടുകാരൻ എടുക്കുന്ന സമയമേ എടുത്തുള്ളൂ. ചെറിയ സംഗതികൾ മെച്ചപ്പെടുത്താനായി പരിശീലിച്ച ശേഷം രണ്ടാമത് ഒന്നു കൂടി റെക്കോർഡ് ചെയ്തു.

'പേട്രിയറ്റ്' സെറ്റിൽ പാട്ട് പ്രകാശനം

ഈ പാട്ട് മമ്മൂക്കയുടെ അടുത്ത് എത്തിക്കണം എന്നായിരുന്നു ഗോപന്റെ ആഗ്രഹം. മമ്മുക്കയ്‌ക്ക് പാട്ട് അയച്ചു കൊടുത്തു. ജോർജേട്ടനും രമേഷ് പിഷാരടിയും ഞങ്ങൾക്ക് വേണ്ടി റെക്കമൻഡും ചെയ്തു. അദ്ദേഹം വയ്യാതിരുന്ന സമയത്താണ് പോസ്റ്റർ പ്രകാശനം ചെയ്ത് തന്നത്. പിന്നീട് പാട്ടും പ്രകാശനം ചെയ്തു തന്നു. 'പേട്രിയറ്റ്' സിനിമയുടെ ലൊക്കേഷനിൽ വച്ചിട്ടായിരുന്നു പാട്ടിന്റെ പ്രകാശനം. 'കർപ്പൂരനാളം' എന്ന പാട്ട് ആളുകൾ കേട്ട് തുടങ്ങിയിട്ടേയുള്ളൂ. കൂടുതൽ പേരിലേക്ക് എത്തിച്ചേരട്ടേ.

SCROLL FOR NEXT