ഒറ്റ ഡയലോഗ് മാത്രം പറഞ്ഞ് കരഞ്ഞു കലങ്ങിയ കണ്ണുമായി ഫ്രെയിം ഔട്ട് ആകുന്ന സ്ത്രീ കഥാപാത്രങ്ങളുടെ ചട്ടക്കൂട് മലയാള സിനിമ തകർത്തെറിഞ്ഞ വർഷമാണ് കടന്നു പോകുന്നത്. കേരള ബോക്സ്‌ഓഫീസിൽ ശക്തമായ സ്ത്രീ സാന്നിധ്യം പ്രകടമായ വർഷം. 2025ലെ ആദ്യ ബ്ലോക്ബസ്റ്റർ 'രേഖാചിത്ര'ത്തിൽ തുടങ്ങി ഇൻഡസ്ട്രി ഹിറ്റായി മാറിയ 'ലോക: ചാപ്റ്റർ 1- ചന്ദ്ര'യിൽ വരെ മലയാള സിനിമയിലെ പെൺകരുത്ത് എടുത്തുകാണാം. നായികയായി മാത്രമല്ല വില്ലത്തരം കാണിച്ചും നടിമാർ തിരയിൽ തിളങ്ങി.
'ദ പ്രീസ്റ്റി'ന് ശേഷം ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്ര'ത്തിന് ഒരു ഹിച്ച്കോക്കിയൻ പസിലിന്റെ ഘടനയുണ്ടായിരുന്നു. എന്നാൽ, അവയ്ക്കില്ലാത്ത ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് കഥയ്ക്ക് നൽകാൻ സംവിധായകൻ ശ്രമിച്ചു. അമേരിക്കൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിലും ബോളിവുഡ് സിനിമകളിലും കാണുന്ന 'അപകടകാരിയായ സ്ത്രീ' ബിംബത്തെ രേഖ, പുഷ്പം എന്നീ സ്ത്രീ കഥാപാത്രങ്ങളിലൂടെ ജോഫിൻ പൊളിച്ചെഴുതി.
വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കൊലപാതകവും അത് അവശേഷിപ്പിക്കുന്ന നിഗൂഢതകളുമാണ് സിനിമയുടെ പശ്ചാത്തലം. ഈ അന്വേഷണം രേഖ എന്ന സിനിമാ മോഹിയായ, മമ്മൂട്ടി ആരാധികയായ പെൺകുട്ടിയിലേക്ക് എത്തുന്നു. രേഖയിൽ നിന്ന് പുഷ്പത്തിലേക്കും. ദുരൂഹതയുടെ ചുരുൾ നിവരുന്നിടത്തല്ല 'രേഖാചിത്ര'ത്തിന്റെ കഥ അവസാനിക്കുന്നത്. രാമു സുനിൽ, ജോൺ മന്ത്രിക്കൽ എന്നിവരുടെ തിരക്കഥ, ആഗ്രഹങ്ങൾ നേടിയെടുക്കാനാകാതെ വീണുപോയ പെണ്ണുങ്ങളുടെ പ്രതീകമായി രേഖയെ മാറ്റിയാണ് കഥ പറഞ്ഞുനിർത്തുന്നത്.
രേഖയായി എത്തിയ അനശ്വര രാജനും പുഷ്പമായി എത്തിയ സെറിൻ ഷിഹാബും അഭിലാഷങ്ങളുടെ രണ്ടു ഭാവങ്ങളാണ് അവതരിപ്പിച്ചത്. കഥാപാത്രങ്ങളുടെ വൈകാരിക തീവ്രത കാണികളെ അനുഭവിപ്പിക്കാൻ ഇവർക്കായി. ആസിഫ് അലി ചിത്രം എന്ന രീതിയിൽ തുടങ്ങുന്ന സിനിമ പതിയെ അനശ്വരയുടേയും സെറിന്റെയും ആയി മാറുന്നു. പ്രേക്ഷകരുടെ മനസിൽ ഈ സിനിമ തങ്ങിനിൽക്കാൻ കാരണവും ഈ കഥാപാത്രങ്ങളാണ്.
മലയാളത്തിന് ഒരു സൂപ്പർ ഹീറോയിനെ സമ്മാനിച്ച സിനിമയാണ് 'ലോക: ചാപ്റ്റർ വൺ'. കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രം അണിയിച്ചൊരുക്കിയത് ഡൊമിനിക് അരുൺ ആണ്. ചന്ദ്ര എന്ന സൂപ്പർ ഹീറോയിൻ, സ്റ്റീരിയോടൈപ്പുകളിൽ നിന്ന് വേറിട്ടുനിന്നു. അതിന് കാരണം, 'ലോക'യുടെ തിരക്കഥയിൽ നിറഞ്ഞു നിന്ന സ്ത്രീ സ്പർശം ആണ്. സംവിധായകന്‍ ഡൊമിനിക് അരുണും നടി ശാന്തി ബാലചന്ദ്രനും ചേര്‍ന്നാണ് ലോകയ്ക്ക് തിരക്കഥയൊരുക്കിയത്.
ഒരു വാംപയർ സ്റ്റോറി ഐതിഹ്യമാലക്കഥകളുമായി ചേർത്തുകെട്ടുകയാണ് ലോകയിൽ. കല്യാണി പ്രിയദർശന്റെ നീലിക്ക് (ചന്ദ്ര) ഐതിഹ്യങ്ങളിൽ നിന്ന് വേറിട്ട ഒരു സ്വത്വമാണ് സിനിമയിൽ നൽകിയിരിക്കുന്നത്. കടമറ്റത്ത് കത്തനാർ ആണിയിൽ തറച്ച കള്ളിയങ്കാട്ട് നീലിയുടെ ബദൽ രൂപമാണ് സിനിമയിലെ നീലി. അവളുടെ സഹായം തേടിയാണ് കത്തനാർ എത്തുന്നത്. അങ്ങനെ സിനിമയിൽ ഉടനീളം മിത്തുകൾ സ്ത്രീപക്ഷ വായനയ്ക്ക് വഴിപ്പെടുന്നു.
സ്ത്രീ കേന്ദ്രീകൃത സിനിമ എന്ന് പ്രൊമോഷൻ പരിപാടികളിൽ പറയാൻ പലരും മടിക്കുമ്പോഴാണ് ലോകയുടെ അത്ഭുത വിജയം എന്ന് എടുത്തുപറയണം. പോസ്റ്ററുകളിലും ബിൽബോർഡുകളിലും കല്യാണി നിറഞ്ഞു നിന്നു. ക്യാമിയോ വേഷത്തിൽ ദുൽഖർ സൽമാനും ടൊവിനോ തോമസും എത്തിയിട്ടും ചന്ദ്രയുടെ പ്രഭ മങ്ങിയില്ല. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടാണ് ഒരു സ്ത്രീകേന്ദ്രീകൃത സിനിമ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയത് എന്ന് ഓർക്കണം. 300 കോടി രൂപയ്ക്ക് മുകളിലാണ് സിനിമ ആഗോള തലത്തിൽ കളക്ട് ചെയ്തത്.
ആൺ സൗഹൃദങ്ങളും അവരുടെ ആക്രോശങ്ങളും ആഘോഷിക്കപ്പെടുമ്പോഴാണ് 'വിക്ടോറിയ' എന്ന സിനിമയുമായി ശിവരഞ്ജിനി എത്തിയത്. അങ്കമാലിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ബ്യൂട്ടിപാർലർ ജോലിക്കാരിയായ വിക്ടോറിയയുടെ കഥയാണ് പറയുന്നത്. ഒരു പൂവൻകോഴിയും ഫോൺ വഴിയെത്തുന്ന വിക്ടോറിയയുടെ കാമുകന്റെ ശബ്ദവും അല്ലാതെ സിനിമയിൽ മറ്റ് പുരുഷ കഥാപാത്രങ്ങൾ കടന്നുവരുന്നില്ല.
സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളിലൂടെയാണ് 'വിക്ടോറിയ' സഞ്ചരിച്ചത്. സിനിമയിൽ 'പെണ്ണിടത്തെ' അടയാളപ്പെടുത്തുന്നത് ബ്യൂട്ടി പാർലർ ആണ്. തങ്ങളുടേത് മാത്രമായ ഈ ഇടത്ത് സ്ത്രീകൾ മനസ് തുറക്കുന്നു. വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുമ്പോഴും അവർ പങ്കിടുന്ന പാരസ്പര്യവും സിനിമ എടുത്തുകാട്ടുന്നു.
പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സിനിമയാണ് 'വിക്ടോറിയ'. വിക്ടോറിയ ആയുള്ള പ്രകടനം മീനാക്ഷി ജയന് ഫെസ്റ്റിവലിൽ ഗോൾഡൻ ഗ്ലോബറ്റ് ഏഷ്യൻ ടാലന്റ് മത്സര വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരവും നേടിക്കൊടുത്തു. 2024 ഐഎഫ്എഫ്കെയിൽ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസ്കി പുരസ്കാരം നേടിയ ചിത്രം മുംബൈ വാട്ടർഫ്രന്റ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, സംവിധായിക, ഛായാഗ്രഹണം ഉൾപ്പടെ മൂന്ന് പുരസ്കാരങ്ങൾ, സിയോളിൽ നടന്ന വനിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ എക്സലൻസി അവാർഡ്, മികച്ച സംവിധാനത്തിനുള്ള 14ാമത് മോഹൻ രാഘവൻ അനുസ്മരണ സിനിമാ പുരസ്കാരം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം എന്നിവയും കരസ്ഥമാക്കി. മലേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും തായ്പോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും സൗത്ത് ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡ് ഫെസ്റ്റിവലിലും കൽക്കത്ത, ധരംശാല ഫെസ്റ്റിവലുകളിലും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.
പൊന്നാനിക്കാരനായ ഫാസില്‍ മുഹമ്മദിന്റെ ആദ്യ സിനിമ, 'ഫെമിനിച്ചി ഫാത്തിമ' (Feminist Fathima), സംസാരിക്കുന്നത് ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ വീട്ടമ്മയായ ഫാത്തിമയുടെ 'ഫെമിനിച്ചി' ആയുള്ള മാറ്റമാണ്. തുല്യ വേതനം, ആത്മാഭിമാനം, അന്തസ് എന്നിവ ആവശ്യപ്പെടുന്ന സ്ത്രീകളെ 'ഫെമിനിച്ചി' എന്ന് പരിഹസിച്ചു വിളിക്കാന്‍ ആരംഭിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഈ വിളിക്കൊപ്പം 'വറുത്ത മീനും വട്ട പൊട്ടും' സമൂഹ മാധ്യമങ്ങളിലെ ആക്ഷേപങ്ങള്‍ക്ക് നിറംകൊടുത്തു. എന്നാല്‍ ഇത്തരം ഫെമിനിച്ചി വിളികളെയും ബിംബങ്ങളേയും അപനിര്‍മിക്കുകയും അത്തരം പരിഹാസങ്ങളെ നര്‍മത്തിലൂടെ വിമര്‍ശിക്കുകയുമാണ് ഫാസിലിന്റെ സിനിമ.
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ, മികച്ച നടിക്കുള്ള പുരസ്കാരം ചിത്രത്തിൽ കേന്ദ്ര കഥാപാത്രം, ഫാത്തിമ ആയി എത്തിയ ഷംല ഹംസയ്ക്ക് ആയിരുന്നു. മികച്ച രണ്ടാമത്തെ സിനിമ, മികച്ച നവാഗത സംവിധായകൻ എന്നീ പുരസ്കാരങ്ങൾക്കും സിനിമ അർഹമായി.
ഈ വർഷമാണ് തിയേറ്റുകളിൽ റിലീസ് ആയതെങ്കിലും അതിനു മുൻപ് തന്നെ ചലച്ചിത്രമേളകളിലൂടെ 'ഫെമിനിച്ചി ഫാത്തിമ' പ്രേക്ഷകരുടെ മനം കവർന്നിരുന്നു. IFFK FIPRESCI - മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ് - IFFK, FFSI കെ.ആർ. മോഹനൻ അവാർഡ്, BIFF-ലെ ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, FIPRESCI ഇന്ത്യ 2024 ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികയ്ക്കുമുള്ള ക്രിട്ടിക്സ് അവാർഡ്, മികച്ച സംവിധായകനും മികച്ച തിരക്കഥയ്ക്കും ഉള്ള പത്മരാജൻ അവാർഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനും ഉള്ള ജെ,സി, ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്, മികച്ച നടിക്കും മികച്ച തിരക്കഥക്കും ഉള്ള പ്രേംനസീർ ഫൗണ്ടേഷൻ അവാർഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാർഡ് എന്നിങ്ങനെ ഒട്ടേറെ അംഗീകാരങ്ങളും വേദികളുമാണ് ചിത്രത്തെ തേടിയെത്തിയത്.
ഐതിഹ്യങ്ങളും അമ്മുമ്മക്കഥകളും പുതുകാല മാധ്യമങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന മിത്തുകളുടെ യാഥാർഥ്യങ്ങളിലേക്കുള്ള എത്തിനോട്ടമായിരുന്നു സജിൻ ബാബു സംവിധാനം ചെയ്ത 'തിയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി'. റിമ കല്ലിങ്കൽ അവതരിപ്പിച്ച മീര എന്ന കഥാപാത്രത്തിലൂടെയാണ് മിത്തിനേയും റിയാലിറ്റിയേയും സംവിധായകൻ സംയോജിപ്പിക്കുന്നത്.
അമ്മയ്ക്ക് വേണ്ടി ജീവിക്കുന്ന കരുത്തയായ പെൺകുട്ടിയാണ് മീര. ആധുനികതയെ സ്വാഗതം ചെയ്യാൻ മടിച്ചു നിൽകുന്ന ഒരു തുരുത്തിൽ തേങ്ങയും ചക്കയും പഴങ്ങളും മറ്റും ശേഖരിച്ച് ജീവിക്കുന്ന മീരയും അമ്മയും. പ്രശസ്തമായ വിഷഹാരികളുടെ കുടുംബത്തിലെ അവസാന കണ്ണികൾ. സർപ്പദൈവങ്ങളാണ് തങ്ങളെ രക്ഷിക്കുന്നത് എന്ന അമ്മയുടെ സങ്കൽപ്പത്തെ മുറിവേൽപ്പിക്കാതെ അമ്മയ്ക്ക് വേണ്ടിയാണ് മീര ജീവിക്കുന്നത്. ഒരുനാൾ തെങ്ങ് കയറുന്നതിനിടയിൽ മീരയെ ഒരു പ്രാണി കടിക്കുന്നു. തുടർന്ന് നമ്മൾ കാണുന്നത് മിത്തിനും റിയാലിറ്റിക്കും ഇടയിൽ ഉഴറുന്ന മീരയേയാണ്.
ശക്തമായ ഈ കഥാപാത്രത്തെ മനോഹരമായാണ് റിമ കല്ലിങ്കൽ അവതരിപ്പിച്ചിരിക്കുന്നത്. മീരയുടെ കരുത്ത് റിമയുടെ ശരീരഭാഷയിൽ പ്രതിഫലിച്ചു. ബാല്യകാലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിന്റെ ട്രോമ മീരയുടെ നോട്ടങ്ങളിൽ നിന്ന് പോലും നമുക്ക് വായിച്ചെടുക്കാൻ സാധിച്ചു. ആൺ നോട്ടങ്ങളിൽ അവൾ മുറിവേൽക്കുന്നതും ഇണചേരാനായി അവർ തന്നെ അവളെ തേടിയെത്തുന്നതും സിനിമയിൽ കാണാം. റിമ എന്ന നടിയെ മലയാള സിനിമ വേണ്ടപോലെ ഉപയോഗിച്ചിട്ടില്ല എന്ന് ഓരോ ഷോട്ടിലും മീര ഓർമിപ്പിക്കുന്നു.
'ഫ്രം ദ മേക്കേഴ്സ് ഓഫ് കിഷ്കിന്ധാ കാണ്ഡം' എന്ന തലയെടുപ്പോടെ എത്തിയ 'എക്കോ' അക്ഷരാർഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമാണ്. ദിൻജിത്ത് അയ്യത്താൻ എന്ന സംവിധായകനും എഴുത്തുകാരനായ ഛായാഗ്രഹകൻ ബാഹുൽ രമേഷും നല്ല സിനിമകളിലുള്ള മലയാളികളുടെ ആത്മവിശ്വാസം ഊട്ടിയുറപ്പിച്ചു. ഒരു ഇക്കോഫെമിനിസ്റ്റ് സിനിമ എന്ന നിലയിലും 'എക്കോ' വായിക്കപ്പെട്ടു. അതിന് കാരണമായത് സിനിമയിലെ മ്ലാത്തിച്ചേട്ടത്തി എന്ന കഥാപാത്രമാണ്.
കുര്യച്ചൻ എന്ന ഡോഗ് ട്രെയ്‌നറിലൂടെ നീങ്ങുന്ന സിനിമ ഒരു തിരിവിൽ മ്ലാത്തിച്ചേട്ടത്തിയുടെ കഥയാകുന്നു. കാട്ടുകുന്ന് എന്ന ഗ്രാമത്തിലേക്ക് കുര്യച്ചൻ കെട്ടിക്കൊണ്ടുവരുന്ന മലയാക്കാരി എന്ന നിലയിലാണ് മ്ലാത്തിച്ചേട്ടത്തിയെ ആദ്യം സിനിമയിൽ കാണിക്കുന്നത്. എന്നാൽ, പതിയെ സിനിമ അവർക്ക് പുതുഭാവങ്ങൾ നൽകുന്നു.
ഒരു സിംഗിൾ മാസ്റ്ററിലേക്ക് പെണ്ണിനെ സ്ഥാപിക്കുന്ന ആണിനോടുള്ള കൂറിനെപ്പറ്റിയാണ് 'എക്കോ' സംസാരിച്ചത്. സുരക്ഷ എന്ന മിഥ്യയിൽ അവരെ തടങ്കലിൽ പാർപ്പിക്കുന്ന ഈ ഫോർമുല തുറന്നുകാട്ടുകയാണ് സിനിമ. മുറ്റത്ത് രേഖ വരച്ചിട്ട് പോയ ഇതിഹാസത്തിലെ ആണിന്റെ തനിപകർപ്പുകളിൽ ചിലത് ഈ സിനിമയിലും കടന്നുവരുന്നുണ്ട്. ആ രേഖ അന്യൻ അകത്തേക്ക് വരാതിരിക്കാനോ അതോ പെണ്ണ് പുറത്തേക്ക് പോകാതിരിക്കാനോ? അതാണ് മ്ലാത്തി എന്ന കഥാപാത്രം മുന്നോട്ടുവയ്ക്കുന്ന ചോദ്യം. ബിയാന മോമിൻ എന്ന നടിയുടെ നിർവികാരത തളം കെട്ടിയ മുഖം മ്ലാത്തിക്കും സിനിമയ്ക്കും ദുരൂഹതയുടെ പുതിയ അടരുകളാണ് സമ്മാനിച്ചത്.
'ഭ്രമയുഗ'ത്തിന് ശേഷം മലയാളത്തിന്റെ സ്വന്തം ഹൊറർ സംവിധായകൻ രാഹുൽ സദാശിവൻ അണിയിച്ചൊരുക്കിയ 'ഡീയസ് ഈറെ' കാണികൾക്ക് ഭയത്തിന്റെ പുതിയ തലങ്ങളിലേക്ക് സഞ്ചിരിക്കാനുള്ള അവസരം ഒരുക്കിയ സിനിമയാണ്. പ്രണവ് മോഹൻലാൽ അവതരിപ്പിച്ച റോഹൻ എന്ന കഥാപാത്രത്തിലൂടെയാണ് 'ഡീയസ് ഈറെ'യുടെ കഥ വികസിക്കുന്നത്. അയാളെ പിന്തുടരുന്ന ഒരു അമാനുഷിക സാന്നിധ്യം കഥയെ എൽസമ്മയിൽ എത്തിക്കുന്നു. ഒരു സാധാ വീട്ടമ്മ. സിനിമയുടെ ടാഗ്‌ലൈനിൽ പറയുന്ന 'ക്രോധത്തിന്റെ ദിനം' റോഹനും എൽസമ്മയും മുഖാമുഖം എത്തുന്ന സീനിലാണ് പ്രേക്ഷകർക്ക് അനുഭവപ്പെടുന്നത്.
എൽസമ്മയിൽ നമ്മൾ കാണുന്നത് മകന് വേണ്ടി എന്തിനും തയ്യാറാകുന്ന, അവന്റെ വിശ്വാസങ്ങളും ആഗ്രഹങ്ങളും തന്റേതായി കാണുന്ന ഒരു അമ്മയേയാണ്. പക്ഷേ, അവർ സ്ഥിരം മാതൃഭാവങ്ങളുടെ പകർപ്പല്ല. എൽസമ്മയ്ക്ക് 'റോഷാക്ക്' എന്ന ചിത്രത്തിലെ സീതാ ബാലൻ എന്ന കഥാപാത്രത്തിന്റെ ഛായ കാണാം. ഈ കഥാപാത്രത്തെ അവതരിപ്പിച്ച ജയാ കുറുപ്പിന്റെ കണ്ണുകളിൽ വിധി നാളിന്റെ തീയെരിയുന്നതിന് കാണികൾ സാക്ഷിയായി. ഡീയസ് ഈറെ എന്ന സിനിമയുടെ ആസ്വാദനം ഉയർത്തിയതും എൽസമ്മയാണ്.
'പൊന്മാൻ' എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് ജയാ കുറുപ്പ് കാഴ്ചവച്ചത്. ജോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ജയയുടെ അമ്മ വേഷവും പതിവ് കാഴ്ചാ ശീലങ്ങൾക്ക് വിപരീതമായിരുന്നു. ലൂസിയമ്മ എന്ന കഥാപാത്രത്തിന്റെ കയറ്റിറക്കങ്ങൾ ജയയുടെ ശരീരഭാഷയിൽ പ്രകടമായിരുന്നു.
സമാന്തര സിനിമാ ലോകത്തിന് അപ്പുറത്തേക്കും ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യമുണ്ടായി എന്നതാണ് ഈ വർഷത്തിന്റെ പ്രത്യേകത. 'പേരിന് വേണ്ടിയല്ലാതെ' കൊമേഷ്യൽ സിനിമകളിലും നമ്മൾ വനിതാ 'താര'ങ്ങളെ കണ്ടു. ഇവരിൽ നമ്മൾ കഥാപാത്രങ്ങളെ അനുഭവിച്ചു എന്നതും എടുത്തുപറയണം. അത് താരപ്രഭയ്ക്ക് അപ്പുറം ആ അഭിനേതാക്കളുടെ മികവാണ് എടുത്തുകാട്ടുന്നത്. നായകന്റെ തണലിൽ നിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങൾക്ക് നിരവധി ബദൽ മാതൃകകൾ 2025ൽ ഒരുങ്ങി. അവർ കാഴ്ചവസ്തുക്കളായിരുന്നില്ല. പുതിയ കാഴ്ചപ്പാടുകളിലേക്ക് കാണികളെ കൈപിടിച്ചു കയറ്റിയവരായിരുന്നു. അങ്ങനെയാണ് മലയാളത്തിന്റെ പെണ്ണുങ്ങൾ തങ്ങളുടെ താരമൂല്യം കാട്ടിത്തന്നത്. ഇത് വരും നാളുകളിൽ പുരുഷ താരങ്ങൾക്കും പിന്തുടരാവുന്ന പ്രവണതയാണ്.