രജനികാന്ത് Source: ANI
ENTERTAINMENT

രജനികാന്ത് ആത്മകഥ എഴുതുന്നു; സൂപ്പർ സ്റ്റാറിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാനും ആലോചന?

താരത്തിന്റെ ആത്മകഥയുടെ എഴുത്ത് പുരോഗമിക്കുകയാണെന്ന് മകൾ സൗന്ദര്യ നേരത്തെ സ്ഥിരീകരിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആത്മകഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. ബാല്യകാലത്തെ അനുഭവങ്ങളിൽ തുടങ്ങി സിനിമാതാരമെന്ന നിലയിൽ പ്രശസ്തിയുടെ കൊടിമുടിയേറിയത് വരെയുള്ള ജീവിതയാത്ര രജനി ആത്മകഥയിൽ കുറിക്കുമെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും രജനി പുസ്തക രചനയിലാണെന്നാണ് പുറത്തുവരുന്ന വിവരം. ഈ ആത്മകഥ ഒരു ഫീച്ചർ സിനിമയായി മാറിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആത്മകഥയിൽ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട പല ഘട്ടങ്ങളും രജനികാന്ത് വിവരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യക്തിജീവിതം, പ്രൊഫഷണൽ നേട്ടങ്ങൾ, ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ, മറികടന്ന പ്രതിസന്ധികൾ എന്നിവയെല്ലാം ആഴത്തിൽ വിവരിക്കുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കുന്നതെന്നാണ് സൂചന. ഈ പുസ്തകം ആധാരമാക്കി ഒരു സിനിമ നിർമിക്കുന്നതിനെക്കുറിച്ച് താരം തനിക്കടുപ്പമുള്ളവരുമായി സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്.

താരത്തിന്റെ ആത്മകഥയുടെ എഴുത്ത് പുരോഗമിക്കുകയാണെന്ന് അദ്ദേഹത്തിന്റെ മകൾ സൗന്ദര്യ നേരത്തെ സ്ഥിരീകരിച്ചിരുന്നു. "നമ്മുടെ പ്രിയപ്പെട്ട തലൈവർ, സ്വന്തം അധ്വാനം കൊണ്ട് വഴിവെട്ടി വന്നയാൾ; ബെംഗളൂരുവിലെ ബസ് കണ്ടക്ടർ എന്ന നിലയിലുള്ള പോരാട്ടങ്ങൾ മുതൽ കോളിവുഡിലെ സൂപ്പർസ്റ്റാർ പദവി വരെയുള്ള തന്റെ ജീവിതകഥ രജനി സർ എഴുതിത്തുടങ്ങിയിട്ടുണ്ട്," എന്നാണ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സൗന്ദര്യ പറഞ്ഞത്. 'കൂലി' സിനിമയുടെ പ്രൊമോഷനിടയിൽ രജനികാന്ത് തന്റെ ജീവിതകഥ എഴുതുന്ന ജോലികളിലാണെന്ന് സംവിധായകൻ ലോകേഷ് കനകരാജും പറഞ്ഞിരുന്നു.

'ജയിലർ 2' ആണ് രജനികാന്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ, ശിവ രാജ്‌കുമാർ, വിദ്യാ ബാലൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഷാരൂഖ് ഖാൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

അശ്വന്ത് മാരിമുത്ത് സംവിധാനം ചെയ്യുന്ന 'ധർമൻ' ആണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു രജനി ചിത്രം. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് 'ധർമൻ' നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്.

SCROLL FOR NEXT