വിവിധ ചെക്ക് കേസുകളിൽ ബോളിവുഡ് നടൻ രാജ്‌പാൽ യാദവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി ശരിവച്ച് ഡൽഹി ഹൈക്കോടതി. എന്നാൽ, മജിസ്‌ട്രേറ്റ് കോടതി നടന് വിധിച്ച ആറ് മാസം തടവുശിക്ഷ ഹൈക്കോടതി മൂന്ന് മാസമായി കുറച്ചു. ജസ്റ്റിസ് സ്വർണ കാന്ത ശർമയുടേതാണ് വിധി പ്രസ്താവന.
നടനെതിരെയുള്ള ഏഴ് കേസുകളിലും മൂന്ന് മാസം വീതം സാധാരണ തടവാണ് കോടതി വിധിച്ചിരിക്കുന്നത്. ഈ ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നാണ് ഉത്തരവ്. ഏഴ് കേസുകളിലും പരാതിക്കാരന് 1.05 കോടി രൂപ വീതം നൽകാനും കോടതി രാജ്‌പാൽ യാദവിനോട് നിർദേശിച്ചു. നടന്റെ ഭാര്യ രാധാ യാദവിനോട് ഓരോ കേസിലും 5.51 ലക്ഷം രൂപ വീതം പിഴയടക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. താരം ഇതിനകം കോടതിയിൽ അടച്ചിട്ടുള്ള ഏകദേശം 2.25 കോടി രൂപ അന്തിമ തുകയിൽ ക്രമീകരിച്ചു നൽകുമെന്നും കോടതി വ്യക്തമാക്കി.
പ്രൊബേഷൻ ഓഫ് ഒഫെൻഡേഴ്സ് ആക്ട് പ്രകാരം തനിക്ക് ഇളവ് നൽകണമെന്ന് രാജ്‌പാൽ യാദവ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം കോടതി തള്ളി. പണം തിരിച്ചടയ്ക്കാമെന്ന് കോടതിയിൽ പലതവണ ഉറപ്പ് നൽകിയിട്ടും അത് പാലിക്കാൻ യാദവിന് സാധിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രൊബേഷൻ ആനുകൂല്യങ്ങൾ നൽകാൻ ഹൈക്കോടതി വിസമ്മതിച്ചത്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിനായി രാജ്പാൽ യാദവിന് ഹൈക്കോടതി രണ്ട് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
2010ൽ തന്റെ ആദ്യ സംവിധാന സംരംഭമായ 'അട്ടാ പട്ടാ ലാപ്പതാ' എന്ന ചിത്രത്തിന് നിർമാണത്തിനായി 'മുരളി പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയിൽ നിന്നും രാജ്പാൽ യാദവ് അഞ്ച് കോടി രൂപ കടം വാങ്ങിയിരുന്നു. എന്നാൽ, സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയും സാമ്പത്തിക ബാധ്യതയായി മാറുകയും ചെയ്തു. പലിശയടക്കം ഈ തുക ഏകദേശം ഒൻപത് കോടി രൂപയോളമായി ഉയർന്നു. കടം തിരിച്ചടയ്ക്കുന്നതിനായി നൽകിയ ചെക്കുകൾ മടങ്ങിയതിനെത്തുടർന്നാണ് നിയമനടപടികൾ ആരംഭിച്ചത്.