ന്യൂ ഡൽഹി: ചെക്ക് കേസിൽ തിഹാർ ജയിലിൽ തടവിലായിരുന്ന ബോളിവുഡ് നടൻ രാജ്‌പാൽ യാദവ് അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. നടൻ ജയിലിലായതിന് പിന്നാലെ പിന്തുണയുമായി സംവിധായകൻ പ്രിയദർശൻ ഉൾപ്പെടെ സിനിമാ മേഖലയിലെ നിരവധിപേർ രംഗത്തെത്തിയിരുന്നു.
രാജ്‌പാലിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് തന്റെ പുതിയ ചിത്രത്തിൽ അദ്ദേഹത്തിന് നൽകേണ്ട പ്രതിഫലം വർധിപ്പിക്കണമെന്ന് പ്രിയദർശൻ നിർമാതാവിനോട് ആവശ്യപ്പെട്ടിരുന്നു. നടന്റെ സമീപകാലത്തെ പ്രതിസന്ധികൾക്ക് കാരണം 'മതിയായ വിദ്യാഭ്യാസം' ലഭിക്കാത്തതാണെന്നായിരുന്നു സംവിധായകന്റെ നിരീക്ഷണം. ഇപ്പോഴിതാ ഈ പരാമർശത്തിൽ പ്രതികരിച്ചിരിക്കുകയാണ് രാജ്‌പാൽ യാദവ്.
"അത് തീർത്തും തെറ്റാണ്. പ്രിയൻ ജീക്ക് എന്നെ അറിയില്ല. ഞാൻ നല്ല വിദ്യാഭ്യാസമുള്ള ആളാണ്. 11ാം വയസ് മുതൽ ഞാൻ ജോലി ചെയ്യുന്നുണ്ട്. അതികായർ പോലും ചിലപ്പോൾ പ്രശ്നങ്ങളിൽപ്പെടും. പക്ഷേ അതിന് വിദ്യാഭ്യാസവുമായി യാതൊരു ബന്ധവുമില്ല. നല്ല പഠിപ്പില്ലായിരുന്നെങ്കിൽ 25-30 കൊല്ലം ഞാൻ ഇവിടെ അതിജീവിക്കില്ലായിരുന്നു," എന്നാണ് രാജ്‌പാൽ യാദവ് പറഞ്ഞത്. പ്രിയദർശന്റെ ഈ അഭിപ്രായം തന്നെയും തന്റെ യാത്രയേയും നിർവചിക്കുകയില്ലെന്നും നടൻ അഭിപ്രായപ്പെട്ടു.
'മിഡ് ഡേ'ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രാജ്‌പാലിനെ പ്രകോപിപ്പിച്ച പ്രിയദർശന്റെ അഭിപ്രായപ്രകടനം. "എനിക്ക് അദ്ദേഹത്തിന്റെ പ്രശ്നം അറിയാം. അതുകൊണ്ടാണ് എല്ലാ ചിത്രങ്ങളിലും ഞാൻ അദ്ദേഹവുമായി സഹകരിക്കുന്നത്. പരസ്യ ചിത്രങ്ങളിലും ഞാൻ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. മതിയായ വിദ്യാഭ്യാസം ഇല്ലാത്തതിനാലാണ് ആ പാവം മനുഷ്യന് ഈ അബദ്ധം പറ്റിയത്. രാജ്‌പാൽ ഒരു നല്ല മനുഷ്യനാണ്," എന്നായിരുന്നു സംവിധായകന്റെ വാക്കുകൾ.
ഫെബ്രുവരി അഞ്ചിനാണ് രാജ്‌പാൽ യാദവ് ചെക്ക് കേസിൽ തിഹാർ ജയിലിൽ കീഴങ്ങിയത്. ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു കീഴടങ്ങൽ. പിന്നീട്, ഫെബ്രുവരി 17ന് കോടതി നടന് മാർച്ച് 18 വര ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.