Source: News Malayalam 24x7
ENTERTAINMENT

'രക്തരക്ഷസ്' വീണ്ടും; രണ്ട് പതിറ്റാണ്ടിന് ശേഷം അരങ്ങിൽ

കോഴിക്കോട് കോൺവന്റ് റോഡിലെ വേദിയിലാണ് ഒരു മാസക്കാലം നാടകം പ്രദർശിപ്പിക്കുക...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: രണ്ട് പതിറ്റാണ്ട് ശേഷം കലാനിലയത്തിൻ്റെ 'രക്തരക്ഷസ്' വീണ്ടും അരങ്ങിലെത്തി. കോഴിക്കോട് കോൺവന്റ് റോഡിലെ വേദിയിലാണ് ഒരു മാസക്കാലം നാടകം പ്രദർശിപ്പിക്കുക. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാറ്റങ്ങളുമായാണ് നാടകം വീണ്ടും അരങ്ങേറുന്നത്.

ആസ്വാദകരിൽ അമ്പരപ്പും അത്ഭുതവും സൃഷ്ടിച്ച് അരങ്ങുകൾ കീഴടക്കിയ നാടകമാണ് രക്തരക്ഷസ്. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കലാനിലയം അവതരിപ്പിക്കുന്ന ഈ നാടകം കോഴിക്കോടെത്തുന്നത്. 1978ൽ കലാനിലയം കൃഷ്ണൻ നായരാണ് രക്തരക്ഷസ് സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ചത്. വേദിയിൽ കാറ് മുതൽ വിമാനം വരെയെത്തി ദൃശ്യവിസ്മയം തീർക്കുന്ന നാടകാനുഭവമാണ് രക്തരക്ഷസ്.

പഴയ കോർപ്പറേഷൻ ബിൽഡിങ്ങിന് പിൻവശത്തുള്ള ഗ്രൗണ്ടിലാണ് ഇത്തവണ വേദി. സംവിധായകൻ കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭനാണ് മാറ്റങ്ങളോടെ രക്തരക്ഷസിനെ വീണ്ടും വേദിയിലെത്തിക്കുന്നത്. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആർട്ട് വർക്കില്‍ പുതുമകളോടെയാണ് രക്തരക്ഷസ് പ്രേക്ഷകരിലെത്തുന്നത്. നാടകത്തിലെ പല രംഗങ്ങളും സിനിമകളോട് കിടപിടിക്കുന്നതാണ്.

പഴയ കഥയിൽ ചെറിയ മാറ്റം വരുത്തി ചാപ്റ്റർ 1 എന്ന പേരിലാണ് നാടകം അരങ്ങേറുന്നത്. അടുത്ത വർഷമാകും രണ്ടാം ഭാഗം പുറത്തിറക്കുക. യുവാക്കളുടെ പങ്കാളത്തിത്തോടെയുള്ള സംവിധാനത്തിലും പുതുമകളുണ്ട്. ഒരു മാസത്തോളം നീളുന്ന പ്രദർശനത്തിന്റെ, ടിക്കറ്റുകൾ ഏരീസ് കലാനിലയത്തിൻ്റെ വെബ്സൈറ്റില്‍ ലഭിക്കും.

SCROLL FOR NEXT