മകൾ ക്ലിൻ കാരയ്ക്ക് ഒപ്പം രാം ചരണും ഉപാസനയും 
ENTERTAINMENT

"ഞങ്ങളുടെ പ്രിയപ്പെട്ടവൾ"; മൂന്നാം പിറന്നാളിന് മകളുടെ മുഖം വെളിപ്പെടുത്തി രാം ചരൺ

മകളോടൊപ്പമുള്ള ഇവരുടെ ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: മകൾ ക്ലിൻ കാരയെ ആരാധകർക്ക് പരിചയപ്പെടുത്തി തെലുങ്ക് സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസന കൊനിഡേലയും. മകളുടെ മുഖം വെളിപ്പെടുന്ന ചിത്രങ്ങൾ ഇരുവരും ഇതുവരെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നില്ല. മകളുടെ മൂന്നാം ജന്മദിനം പ്രമാണിച്ചാണ് ഇരുവരും മകളോടൊപ്പമുള്ള ചിത്രം പങ്കുവച്ചത്. മകളോടൊപ്പമുള്ള ഇവരുടെ ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

'ജന്മദിനാശംസകൾ ക്ലിൻ കാര, ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞേ' എന്ന് കുറിച്ചുകൊണ്ടാണ് ദമ്പതികൾ മകൾക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. നടിമാരായ കാജൾ അഗർവാൾ, സമാന്ത റൂത്ത് പ്രഭു എന്നിങ്ങനെ നിരവധി സെലിബ്രിറ്റികൾ ചിത്രത്തിന് താഴെ ക്ലിന്നിന് ആശംസകൾ നേർന്നു. ഉപാസനയുടെ അമ്മ ശോഭനയും കൊച്ചുമകൾക്ക് പിറന്നാളാശംസകൾ നേർന്ന് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചു.

2023 ജൂൺ 20നാണ് രാം ചരൺ- ഉപാസന ദമ്പതികളുടെ ആദ്യ കുട്ടിയായ ക്ലിൻ കാര കൊനിഡെല ജനിച്ചത്. അടുത്തിടെ ഈ ദമ്പതികൾക്ക് ഇരട്ട കുട്ടികൾ പിറന്നിരുന്നു. ഒരാൺകുഞ്ഞും പെൺകുഞ്ഞുമാണ് ഇരുവർക്കും പിറന്നത്. ശിവ റാം, അൻവീര ദേവി എന്നിങ്ങനെയാണ് ഇരട്ട കുട്ടികൾക്ക് നൽകിയ പേരുകൾ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മൂന്ന് മക്കളുടേയും കൈകളുടെ ചിത്രങ്ങൾ ഉപാസന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. 'ഹൃദയം നിറഞ്ഞിരിക്കുന്നു' എന്നാണ് ഉപാസന ഈ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2012 ജൂണിലാണ് രാം ചരണും ഉപാസനയും വിവാഹിതരായത്. കോളേജ് കാലം മുതൽ ഇരുവരും സുഹൃത്തുക്കളായിരുന്നു. എസ്.എസ്. രാജമൗലി ഒരുക്കിയ 'മഗധീര' എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് ഉപാസനയോടുള്ള പ്രണയം തിരിച്ചറിഞ്ഞതെന്ന് മുൻപ് ചരൺ പറഞ്ഞിട്ടുണ്ട്. സിനിമയുടെ റിലീസിന് പിന്നാലെയാണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചത്.

SCROLL FOR NEXT