എ.ആർ. റഹ്‌മാനും രാം ഗോപാൽ വർമയും Source: X
ENTERTAINMENT

'ജയ് ഹോ' റഹ്‌മാന്റേതല്ലെന്ന പരാമർശം: "മറ്റൊരാളുടെ ക്രെഡിറ്റ് തട്ടിയെടുക്കാൻ അദ്ദേഹം ഒരിക്കലും ശ്രമിക്കില്ല"; സംവിധായകൻ രാം ഗോപാൽ വർമ

തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് രാം ഗോപാൽ വർമ

Author : ന്യൂസ് ഡെസ്ക്

ബോളിവുഡിൽ അവസരങ്ങൾ കുറയുന്നതിനെപ്പറ്റിയുള്ള പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ എ.ആർ. റഹ്‌മാനുമായി ബന്ധപ്പെടുത്തി പല തരത്തിലുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. തനിക്ക് അവസരങ്ങൾ കുറയുന്നതിന് പിന്നിൽ മതപരമായ കാരണങ്ങളുണ്ടായേക്കാം എന്ന റഹ്‌മാന്റെ പരാമർശമാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതിന് പിന്നാലെ, റഹ്‌മാനെ വിമർശിക്കുന്ന നിരവധി പഴയ അഭിമുഖങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി. ഇതിൽ ഒന്ന്, ഓസ്കാർ പുരസ്കാരം നേടിയ 'ജയ് ഹോ' എന്ന ഗാനം കംപോസ് ചെയ്തത് എ.ആർ. റഹ്‌മാനല്ല എന്ന് സംവിധായകൻ രാം ഗോപാൽ വർമ പറയുന്ന വീഡിയോ ആണ്. ഇപ്പോഴിതാ, താൻ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കി രാം ഗോപാൽ വർമ തന്നെ രംഗത്തെത്തിയിരിക്കുന്നു.

ഒരു അഭിമുഖത്തിൽ 'സ്ലംഡോഗ് മില്യണയർ' എന്ന ചിത്രത്തിലെ വിഖ്യാതമായ 'ജയ് ഹോ' എന്ന ഗാനത്തിന്റെ നിർമാണത്തെക്കുറിച്ച് രാം ഗോപാൽ വർമ സംസാരിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഈ ഗാനം യഥാർഥത്തിൽ സുഭാഷ് ഘായ് സംവിധാനം ചെയ്ത 'യുവ്‌രാജ്' എന്ന സിനിമയ്ക്ക് വേണ്ടി ചെയ്തതാണെന്നും അന്ന് സുഖ്‌വിന്ദർ സിംഗാണ് ഈ ഗാനത്തിന് ഈണം നൽകിയതെന്നുമാണ് അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞത്. പിന്നീട് ഇത് 'സ്ലംഡോഗ് മില്യണയറി'ൽ ഉപയോഗിക്കുകയായിരുന്നു എന്നും അതിന് സുഖ്‌വിന്ദറിന് അഞ്ച് ലക്ഷം രൂപ നൽകിയെന്നും വർമ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

എന്നാൽ, തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി തെറ്റായി പ്രചരിപ്പിക്കുകയാണെന്നാണ് ഇപ്പോൾ രാം ഗോപാൽ വർമ പറയുന്നത്. "എല്ലാവരുടെയും ശ്രദ്ധയ്ക്ക്.. 'ജയ് ഹോ' ഗാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയും തെറ്റായ രീതിയിലുമാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്റെ കാഴ്ചപ്പാടിൽ, എ.ആർ. റഹ്‌മാൻ ഞാൻ ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സംഗീത സംവിധായകനും ഏറ്റവും നല്ല മനുഷ്യനുമാണ്. മറ്റൊരാളുടെ ക്രെഡിറ്റ് തട്ടിയെടുക്കാൻ അദ്ദേഹം ഒരിക്കലും മുതിരില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട നെഗറ്റീവ് പ്രചരണങ്ങൾക്ക് ഇതോടെ അറുതിയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," എന്നാണ് രാം ഗോപാൽ വർമ എക്സിൽ കുറിച്ചത്.

ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ ഒരു അഭിമുഖത്തിൽ, ബോളിവുഡിൽ തമിഴ് സംഗീത സംവിധായകൻ എന്ന നിലയിൽ എന്തെങ്കിലും വിവേചനം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് റഹ്‌മാൻ വിവാദപരമായി വ്യാഖ്യാനിക്കപ്പെട്ട പരാമർശം നടത്തിയത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യത്ത് അധികാര മാറ്റം നടന്നുവെന്നും, ക്രിയേറ്റീവ് അല്ലാത്തവർക്കാണ് ഇപ്പോൾ അധികാരമെന്നുമാണ് റഹ്‌മാൻ പറഞ്ഞത്. തനിക്ക് അവസരങ്ങൾ കുറയുന്നത് മതപരമായ കാരണങ്ങൾ കൊണ്ടാകാമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. കൂടാതെ 'ഛാവ' എന്ന ചിത്രത്തെയും എ.ആർ. റഹ്‌മാൻ വിമർശിച്ചു. സിനിമ വിഭാഗീയത സൃഷ്ടിക്കുന്നതാണെന്നായിരുന്നു വിമർശനം.

SCROLL FOR NEXT