അന്ന് അധിക്ഷേപിച്ചതിന് 'മൂന്ന് കുരങ്ങന്മാർ' എന്ന് വിളിച്ചു, ഇന്ന് കൂടെ നിർത്തി ഫോട്ടോ എടുത്തു; കയ്യടി നേടി നയൻതാര

ഒരു അഭിമുഖത്തിനിടെ നയൻതാര ഈ മൂവർ സംഘത്തെ രൂക്ഷമായി വിമർശിച്ചിരുന്നു
'വളൈ പേച്ച്' യൂട്യൂബ് ചാനൽ ഉടമകൾക്കൊപ്പം നയൻതാരയും വിഷ്നേഷ് ശിവനും
'വളൈ പേച്ച്' യൂട്യൂബ് ചാനൽ ഉടമകൾക്കൊപ്പം നയൻതാരയും വിഷ്നേഷ് ശിവനുംSource: X
Published on
Updated on

കൊച്ചി: പ്രശസ്തരായ മൂന്ന് തമിഴ് യൂട്യൂബ് വ്ളോഗർമാർക്കൊപ്പമുള്ള നടി നയൻതാരയുടേയും ഭർത്താവ് വിഘ്‌നേഷ് ശിവന്റേയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. 'വളൈ പേച്ച്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമകളായ അനന്തൻ, ബിസ്മി, ശക്തിവേൽ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ദുബായ് എയർപോർട്ടിൽ വച്ച് അപ്രതീക്ഷിതമായി നടന്ന ഈ കൂടിക്കാഴ്ച ചർച്ചയാകാൻ ഒരു കാരണമുണ്ട്. മുൻപ് ഒരു അഭിമുഖത്തിനിടെ നയൻതാര ഈ മൂവർ സംഘത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. 'മൂന്ന് കുരങ്ങന്മാർ' എന്നാണ് അന്ന് ഇവരെ നടി വിശേഷിപ്പിച്ചത്. അതിന് താരത്തിന് വ്യക്തമായ കാരണവുമുണ്ട്.

തമിഴ് സിനിമാ ലോകത്തെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളാണ് പ്രധാനമായും 'വളൈ പേച്ച്' എന്ന യൂട്യൂബ് ചാനലിന്റെ വിഷയം. നയൻതാരയെപ്പറ്റിയും തങ്ങളുടെ യൂട്യൂബ് ചാനലിൽ ഇവർ സംസാരിച്ചിട്ടുണ്ട്. തനിക്കെതിരെ ഇവർ നിരന്തരം ദേഹനിന്ദാപരമായ പരാമർശങ്ങൾ നടത്തുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്നു എന്ന് ആരോപിച്ചാണ് നടി ഇവരെ 'മൂന്ന് കുരങ്ങന്മാർ' എന്ന് വിശേഷിപ്പിച്ചത്. പ്രശസ്ത സിനിമാ നിരൂപക അനുപമ ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഈ പരാമർശം.

"മറ്റുള്ളവരെക്കുറിച്ച് ഗോസിപ്പ് പറഞ്ഞാണ് ഇവർ പണം ഉണ്ടാക്കുന്നത്. നമ്മൾ ഈ മൂന്ന് കുരങ്ങന്മാർ എന്ന് പറയില്ലേ. അവർ മോശം കാര്യങ്ങൾ കേൾക്കില്ല, കാണില്ല, പറയില്ല. ഇതിന്റെ നേർ വിപരീതമാണ് ഇവർ. ഇവർ മോശം കാര്യങ്ങൾ മാത്രമാണ് കേൾക്കുക, കാണുക, പറയുക," എന്നാണ് അന്ന് നയൻതാര പറഞ്ഞത്. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്.

'വളൈ പേച്ച്' യൂട്യൂബ് ചാനൽ ഉടമകൾക്കൊപ്പം നയൻതാരയും വിഷ്നേഷ് ശിവനും
വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന 'തുടക്കം'; സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

ഈ വിവാദങ്ങൾ നടന്ന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ദുബായ് എയർപോർട്ടിൽ വച്ച് ഇവർ തമ്മിൽ കണ്ടുമുട്ടുന്നത്. എന്നാൽ, പഴയ പിണക്കങ്ങളുടേയോ താരജാഡയുടേയോ യാതൊരു ലാഞ്ചനയും ഇല്ലാതെ, വളരെ സൗമ്യമായാണ് നയൻതാരയും വിഘ്‌നേഷും വ്ളോഗർമാരോട് ഇടപെട്ടത്. നയൻതാര തന്റെ മക്കളായ ഉയിരിനെയും ഉലഗിനെയും ഇവർക്ക് പരിചയപ്പെടുത്തിക്കൊടുത്തു. കുട്ടികൾ വ്ളോഗർമാർക്ക് ഷേക്ക് ഹാൻഡ് കൊടുക്കുന്നതും 'വണക്കം' പറയുന്നതും വീഡിയോയിൽ കാണാം.

കുട്ടികൾ 'വണക്കം' പറയുന്നത് കേട്ട് 'ഇവർ നന്നായി തമിഴ് സംസാരിക്കുന്നുണ്ടല്ലോ' എന്ന വ്ളോഗർമാരുടെ ചോദിക്കുന്നുണ്ട്. 'വീട്ടിൽ തമിഴാണ് സംസാരിക്കുന്നത്' എന്നായിരുന്നു നയൻതാരയുടെയും വിഷ്നേഷിന്റെയും മറുപടി. കുട്ടികൾ ഐഡന്റിക്കൽ ട്വിൻസാണോ എന്ന് ചോദിക്കുമ്പോൾ അല്ലെന്ന് മറുപടിയും നടി നൽകുന്നുണ്ട്.

തങ്ങളെ അധിക്ഷേപിച്ചവരോട് പോലും മാന്യമായും സൗമ്യമായും പെരുമാറിയ നയൻതാരയുടെ നിലപാടിനെ സോഷ്യൽ മീഡിയയിൽ കയ്യടികളോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, നയൻതാരയെ ഇത്രയധികം അധിക്ഷേപിച്ചതിന് ശേഷം വ്ളോഗർമാർക്ക് എങ്ങനെ നടിയോട് സൗഹാർദപരമായി സംസാരിക്കാൻ പറ്റി എന്ന് ചോദിച്ച് ചില ആരാധകർ വ്ളോഗർമാരെ വിമർശിക്കുന്നുമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com