ന്യൂ ഡൽഹി: 'ധുരന്ധർ' സിനിമയേയും സംവിധായകൻ ആദിത്യ ധറിനേയും വീണ്ടും അഭിനന്ദിച്ച് സംവിധായകൻ രാം ഗോപാൽ വർമ. സിനിമയിൽ നിന്ന് താൻ ഉൾക്കൊണ്ട പാഠങ്ങൾ ആർജിവി എക്സിൽ പങ്കുവച്ചു. രൺവീർ സിംഗ് നായകനായ ചിത്രത്തെ പ്രശംസിച്ച് നേരത്തെ സംവിധായകൻ രംഗത്തെത്തിയിരുന്നു. ദൈർഘ്യമേറിയ ഒരു പോസ്റ്റിലൂടെയാണ് പുതിയ പ്രശംസ. ആദിത്യ ധറിനെ പ്രകീർത്തിച്ച ആർജിവി 'ധുരന്ധറി'ന്റെ പോസിറ്റീവ് വശങ്ങൾ അക്കമിട്ട് നിരത്തുകയാണ്.
'ധുരന്ധറി'നെ പോലെ 'ഭീകര' വിജയം നേടുന്ന സിനിമകളെ ചലച്ചിത്ര ലോകത്തുള്ളവർ അവഗണിക്കാനാണ് ആഗ്രഹിക്കുന്നത് എന്നാണ് രാം ഗോപാൽ വർമ നേരത്ത അഭിപ്രായപ്പെട്ടത്. അതിന് കാരണം, ആ സിനിമയുടെ നിലവാരത്തിനൊപ്പം എത്താൻ തങ്ങൾക്ക് കഴിയില്ല എന്ന തിരിച്ചറിവ് അവരിൽ ഭയമുണ്ടാക്കുന്നതാണെന്നും ആർജിവി ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ട് തന്നെ, ഉറക്കമുണരുമ്പോൾ അപ്രത്യക്ഷമാകുന്ന ഒരു പേടിസ്വപ്നമായി മാത്രമേ അവർ ആ സിനിമയെ കാണുകയുള്ളൂവെന്നാണ് സംവിധായകൻ അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയാണ് പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്.
ആഗോള ബോക്സ്ഓഫീസിൽ 900 കോടി രൂപയ്ക്ക് മുകളിലാണ് 'ധുരന്ധർ' കളക്ട് ചെയ്തത്. ഇന്ത്യയിൽ നിന്ന് മാത്രം 633.50 കോടി രൂപ സിനിമ നേടി. അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ, രാകേഷ് ബേദി, സാറ അർജുൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വർഷം 19ന് 'ധുരന്ധറി'ന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
കൊപ്പോള മുതൽ ആദിത്യ ധർ വരെ
ഒരു സംവിധായകന്റെ വളർച്ച അയാൾക്ക് മുൻപേ വന്നവരിൽ നിന്ന് പഠിക്കുന്നത് മാത്രമല്ല, അയാൾക്ക് ശേഷം വരുന്നവരിൽ നിന്ന് പഠിക്കുന്നതും കൂടിയാണ്. ആ അർത്ഥത്തിൽ, ആദിത്യ ധറിന്റെ 'ധുരന്ധർ' എന്ന ചിത്രത്തിൽ നിന്ന് എനിക്ക് ലഭിച്ച പുതിയ പാഠങ്ങൾ ഇവയാണ്:
കൊപ്പോളയിൽ (ഫ്രാൻസിസ് ഫോർഡ് കൊപ്പോള) നിന്നാണ് ഞാൻ ഇൻ്റെൻസ് ക്ലോസറ്റഡ് ഡ്രാമ (Intense closeted drama) പഠിച്ചത്. അത് സത്യ, കമ്പനി, സർക്കാർ തുടങ്ങിയ സിനിമകളിൽ ഞാൻ പരീക്ഷിച്ചു. എന്നാൽ അത്തരം സമീപനം വലിയ കാൻവാസിൽ (Scale) എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കാമെന്ന് 'ധുരന്ധർ' കാണിച്ചുതരുന്നു.
പ്രേക്ഷകർ ഒരു രംഗം ബുദ്ധിപരമായി മനസ്സിലാക്കുന്നതിന് മുൻപേ അത് വൈകാരികമായി അനുഭവിക്കണം എന്ന രീതിയിലുള്ള തിരക്കഥാരചന എനിക്കൊരു പുതിയ പാഠമാണ്.
നായകന്മാരെ അനാവശ്യമായി പുകഴ്ത്തുന്ന രീതി (Elevation) ഒഴിവാക്കിയ ആദ്യകാല ഇന്ത്യൻ സംവിധായകരിൽ ഒരാളാണ് ഞാൻ. ഭിഖു മാത്രയെ ആഘോഷിക്കാതെ തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു, അമിതാഭ് ബച്ചന്റെ 'സർക്കാറിൽ' ഒരു സ്ലോ മോഷൻ ഷോട്ട് പോലും ഞാൻ ഉപയോഗിച്ചില്ല. എന്നാൽ 'ധുരന്ധർ', പിഴവുകളുള്ളതും എന്നാൽ തങ്ങളുടെ പ്രവർത്തികളുടെ ഫലം അനുഭവിക്കുന്നവരുമായ നായകന്മാരിലൂടെ മുൻപെങ്ങും കാണാത്ത തരം ഒരു 'എലിവേഷൻ' സൃഷ്ടിച്ചിരിക്കുന്നു.
ഒരു സൂപ്പർതാരത്തെ കഥയ്ക്കുള്ളിൽ പൂർണമായും അദൃശ്യനാക്കി മാറ്റുന്നത് എനിക്കൊരു പുതിയ അറിവാണ്.
വയലൻസ് (Violence) വെറും വിനോദമാകരുത്, അത് കാണുന്നവനെ വേദനിപ്പിക്കണം. ആക്ഷൻ എന്നത് വെറും യുക്തിഹീനമായ ബഹളമയമായ കൊറിയോഗ്രാഫിക്ക് പകരം വൈകാരികമായ ഒന്നായിരിക്കണം. പാൻ ഇന്ത്യൻ സിനിമകൾ നിർമിക്കുന്നവർ തീർച്ചയായും പഠിച്ചിരിക്കേണ്ട പാഠമാണിത്.
മൂന്ന് അങ്കങ്ങളുള്ള സ്ഥിരം സിനിമാ ഘടനയിൽ (Three-act structure) ഞാൻ വിശ്വസിച്ചിരുന്നില്ല. 'ധുരന്ധർ' ആ വിശ്വാസത്തെ കൂടുതൽ ബലപ്പെടുത്തുന്നു; ചിതറിക്കിടക്കുന്ന ആഖ്യാനങ്ങൾക്കും പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുമെന്ന് ഇത് തെളിയിക്കുന്നു.
ദൃശ്യങ്ങളേക്കാൾ ശബ്ദത്തിലൂടെ ഭീതി ജനിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ശബ്ദവും സംഗീതവും ഇണചേർന്ന് സംഭാഷണങ്ങളെക്കാളും ദൃശ്യങ്ങളെക്കാളും ശക്തമായ ഒരു മനഃശാസ്ത്രപരമായ സ്വാധീനം ചെലുത്തുമെന്ന് ഈ ചിത്രം കാണിച്ചുതന്നു.
ഇടക്കാലത്ത് സത്യസന്ധതയേക്കാൾ കൂടുതൽ മനഃപൂർവമായി പ്രകോപിപ്പിക്കാനാണ് (Provoking) ഞാൻ ശ്രമിച്ചത്. ഇത് ബുദ്ധിപരമായിരുന്നു എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. എന്നാൽ, ഇതിന് വിപരീതമായി 'ധുരന്ധർ' ഒന്നും വിശദീകരിക്കാതെ തന്നെ പ്രേക്ഷകരെ ബഹുമാനിക്കുന്നു.
ഞാൻ എപ്പോഴും ട്രെൻഡുകൾക്ക് എതിരായിരുന്നു; ഞാൻ അവയെ നേരിട്ടുനിന്നു. അത് പലപ്പോഴും ഞെട്ടിക്കാൻ വേണ്ടിയായിരുന്നു (Shock value). എന്നാൽ 'ധുരന്ധർ' ആരുടെയും അംഗീകാരത്തിന് പിന്നാലെ പോകുന്നില്ല, കാരണം അതിന് വലിയൊരു ലക്ഷ്യമുണ്ട്.
ഊതിവീർപ്പിച്ച പ്രദർശനമായല്ലാതെ ആന്തരികമായി സ്കെയിൽ കാണിക്കാൻ സാധിക്കുമെന്നാണ് ഞാൻ എന്നും വിശ്വസിക്കുന്നത്. എന്നാൽ, സ്കെയിലും അടക്കവും ഒത്തൊരുമിപ്പിച്ച് മുൻപെങ്ങും അനുഭവിക്കാത്ത വികാരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് ധുരന്ധർ തെളിയിച്ചു.
എന്റെ അവസാനത്തെ പാഠം ഇതാണ് - എനിക്ക് തനിയെ വളരേണ്ടതില്ല, പകരം മറ്റുള്ളവർ വളർന്നെത്തിയ ഇടത്തേക്ക് എനിക്ക് എത്തിച്ചേരേണ്ടതുണ്ട്.
ഹേയ് ആദിത്യ ധർ, എന്റെ ജീവിതത്തിലെ പുതിയ അയ്ൻ റാൻഡ് (Ayn Rand) ആയതിന് നന്ദി.
"കല എന്നത് എന്താണെന്നല്ല... കല എന്നത് എന്താകാൻ സാധ്യതയുണ്ടെന്നുള്ളതാണ്." — അയ്ൻ റാൻഡ്