ENTERTAINMENT

1000 കോടി ക്ലബ്ബിൽ 'രാമായണ'; ഏഷ്യന്‍ രാജ്യങ്ങളിൽ ചിത്രം വന്‍ ഹിറ്റ്; വിയറ്റ്‌നാമിൽ റെക്കോർഡ് കളക്ഷൻ!

ഇന്ത്യക്ക് പുറമേ മറ്റ് ഏഷ്യൻ രാജ്യങ്ങളിലും അസാധാരണമായ വിജയമാണ് ചിത്രം കൈവരിച്ചിരിക്കുന്നത്. വിശേഷിച്ചും രാമായണ കഥകൾ പ്രചാരത്തിലുള്ള തെക്കുകിഴക്കൻ ഏഷ്യയിലും ശ്രീലങ്കയിലും നേപ്പാളിലും.

Author : ന്യൂസ് ഡെസ്ക്

റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ തന്നെ ബോക്സ് ഓഫീസിൽ ഗംഭീര കളക്ഷൻ സ്വന്തമാക്കി നിതേഷ് തിവാരിയുടെ 'രാമായണ: പാർട്ട് 1'. നവംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം വെറും എട്ട് ദിനം കൊണ്ടാണ് ആയിരം കോടി ക്ലബിൽ ഇടംപിടിച്ചത്. ഇന്ത്യക്ക് പുറമേ മറ്റ് ഏഷ്യൻ രാജ്യങ്ങളിലും അസാധാരണമായ വിജയമാണ് ചിത്രം കൈവരിച്ചിരിക്കുന്നത്. വിശേഷിച്ചും രാമായണ കഥകൾ പ്രചാരത്തിലുള്ള തെക്കുകിഴക്കൻ ഏഷ്യയിലും ശ്രീലങ്കയിലും നേപ്പാളിലും.

നവംബർ 11നാണ് 'രാമായണ' ഇന്തോനേഷ്യയിൽ പ്രദർശിപ്പിച്ചത്. കണക്കുകൾ പ്രകാരം, പ്രീമിയർ പ്രദർശനത്തിലൂടെ ചിത്രം 100,000 ഡോളറാണ് (ഏകദേശം ഒരു കോടി രൂപ) നേടിയത്. ഇന്തോനേഷ്യയിൽ ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച തുടക്കമാണിത്.

അതുപോലെ, തായ്‌ലൻഡിനും രാമായണവുമായി ശക്തമായ സാംസ്‌കാരിക ബന്ധമുണ്ട്. ഖമർ സാമ്രാജ്യകാലത്ത്, ചക്രവർത്തിയായ രാമൻ ഒന്നാമൻ ഈ ഇതിഹാസത്തിന്റെ ഒരു പ്രാദേശിക പതിപ്പ് (രാമകിയൻ) തയ്യാറാക്കിയിരുന്നു. ഇവിടെ, 'രാമായണ' ഒരാഴ്ചയ്ക്കുള്ളിൽ ഏകദേശം ഒരു ദശലക്ഷം ഡോളറാണ് (9 കോടി രൂപ) നേടിയത്. ലോകത്തിലെ ഏറ്റവും വലിയ വിഷ്ണുക്ഷേത്രം സ്ഥിതി ചെയ്യുന്ന കംബോഡിയയിൽ, 'റിയാംകെർ' എന്നാണ് രാമായണം അറിയപ്പെടുന്നത്. കംബോഡിയയിൽ റിലീസ് ചെയ്ത് ആദ്യ വാരം തന്നെ ചിത്രം 1,50,000 ഡോളർ നേടി. മലേഷ്യയിലും 'രാമായണം പാർട്ട് വൺ' വൻ വിജയമാണ് കൈവരിച്ചത്. ഒരാഴ്ച തികയുന്നതിന് മുൻപേ 9,00,000 ഡോളർ (8 കോടി രൂപ) ആണ് ചിത്രം നേടിയത്.

ഇന്ത്യൻ സിനിമകൾക്ക് പരമ്പരാഗതമായി മികച്ച സ്വീകാര്യത ലഭിക്കുന്ന രാജ്യമാണ് നേപ്പാൾ. ബിഗ് ബജറ്റ് ഇന്ത്യൻ സിനിമകൾ പലപ്പോഴും പ്രാദേശിക ചിത്രങ്ങളെക്കാൾ കൂടുതൽ വരുമാനം നേടാറുണ്ട്. റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ , 12.80 കോടി നേപ്പാളി രൂപയാണ് (ഏകദേശം എട്ട് കോടി ഇന്ത്യൻ രൂപ) 'രാമായാണ' നേടിയത്. വരും ആഴ്ചയിൽ, 'ബാഹുബലി 2'ന്റെ നെപ്പാളിലെ റെക്കോർഡ് മറികടക്കാൻ ചിത്രത്തിന് സാധിച്ചേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

ഇന്ത്യൻ സിനിമകൾ പരമ്പരാഗതമായി മികച്ച ബോക്സ് ഓഫീസ് പ്രകടനം കാഴ്ചവയ്ക്കുന്ന രാജ്യങ്ങളാണിവയെല്ലാം. പക്ഷേ, വിയറ്റ്‌നാമിൽ സ്ഥിതി അങ്ങനെയല്ല. ഇന്ത്യൻ സിനിമകളെ സംബന്ധിച്ചിടത്തോളം വിയറ്റ്‌നാം വലിയൊരു വിപണിയല്ല. സാധാരണയായി 15-18 ലക്ഷം രൂപയുടെ കളക്ഷൻ മാത്രമാണ് ഈ മേഖലയിൽ ഇന്ത്യൻ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. എന്നാൽ, റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ഈ കടമ്പ മറികടന്ന ചിത്രം ഇതിനകം 3,50,000 ഡോളർ (3 കോടി രൂപ) നേടിക്കഴിഞ്ഞു.

1500 വർഷത്തോളം ചമ്പ രാജവംശത്തിന്റെ ഭരണത്തിന്റെ കീഴിലായിരുന്ന വിയറ്റ്‌നാമിൽ നിരവധി ഹിന്ദു ക്ഷേത്രങ്ങളുണ്ട്. ഹിന്ദു, ബുദ്ധ മതങ്ങളെ പിന്തുടർന്നവരായിരുന്നു ചമ്പ രാജവംശക്കാർ. രാമായണത്തിന്റെ കർത്താവായി കരുതപ്പെടുന്ന വാത്മീകിക്കായി 1300 വർഷം പഴക്കമുള്ള ഒരു ക്ഷേത്രം പോലും ഇവിടെയുണ്ട്. വിയറ്റ്‌നാമിൽ രാമായണം ലോകസാഹിത്യ പാഠ്യപദ്ധതിയുടെ ഭാഗവുമാണ്.

നമിത് മൽഹോത്ര നിർമിച്ച, നിതേഷ് തിവാരിയുടെ 'രാമായണ' ഇതുവരെ നിർമിക്കപ്പെട്ടതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചലച്ചിത്രമാണ്. രൺബീർ കപൂർ,സായ് പല്ലവി,യാഷ്, രവി ദുബെ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2028 ദീപാവലി റിലീസായിട്ടാകും തിയേറ്ററുകളിലേക്ക് എത്തുക.

SCROLL FOR NEXT