ഇന്ത്യൻ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ പാർട്ട് 1'. സിനിമയുടെ ആദ്യം ഭാഗം ഈ വർഷം ദീപാവലി റിലീസ് ആയി എത്തും. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ആദ്യ ഗ്ലിംപ്സ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. രൺബീർ കപൂർ രാമനായി എത്തുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് സീതയുടെ വേഷത്തിൽ. ഇപ്പോഴിതാ, സായ്‌യെപ്പറ്റി ലോസ് ഏഞ്ചൽസിൽ നടന്ന ഗ്ലിംപ്സ് സ്ക്രീനിങ്ങിന് പിന്നാലെ രൺബീർ കപൂർ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
"സായ് മികച്ച അഭിനേത്രിയാണെന്നത് നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അവർ ഒരുപാട് കാര്യങ്ങൾ നേടിയിട്ടുണ്ട്. ആദ്യ ദിവസം സായ്‌യെ സീതയായി കണ്ടപ്പോൾ നിതേഷിനെ ഞാൻ വെറുതെ ഒന്നു നോക്കി. ഇതിലും മികച്ച ഒരാളെ ഞങ്ങൾക്ക് ഈ വേഷത്തിലേക്ക് ലഭിക്കില്ലെന്ന് അപ്പോൾ തന്നെ ഞങ്ങൾക്ക് ഉറപ്പായിരുന്നു," രൺബീർ പറഞ്ഞു.
സിനിമയിൽ രാവണന്റെ വേഷം ചെയ്യുന്ന കന്നഡ സൂപ്പർ താരം യഷിനെപ്പറ്റിയും രൺബീർ സംസാരിച്ചു. "യഷിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റേതായ ആ ഒരു താരപരിവേഷം തീർച്ചയായും അദ്ദേഹത്തിനുണ്ട്. രാവണനായി അഭിനയിക്കാൻ ആ ഒരു പ്രഭാവവും സ്ക്രീൻ പ്രസൻസുമുള്ള ഒരാളെയാണ് ആവശ്യം," എന്നാണ് നടൻ പറഞ്ഞത്.
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നാണ് 'രാമായണ'. രൺബീർ കപൂർ (രാമൻ), യഷ് (രാവണൻ), സായ് പല്ലവി (സീത), സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബെ (ലക്ഷ്മണൻ) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീധർ രാഘവൻ ആണ് തിരക്കഥ. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. രവി ബൻസാൽ, റാംസി അവേരി എന്നിവരുടെ നേതൃത്വത്തിലാണ് കലാസംവിധാനം. ഹോളിവുഡിലെ പ്രമുഖ സ്റ്റണ്ട് ഡയറക്ടർമാരായ ടെറി നോട്ടറി, ഗൈ നോറിസ് എന്നിവർ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു.
ഡിഎൻഇജി, പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുമായി സഹകരിച്ച് നമിത് മൽഹോത്രയാണ് 'രാമായണ' അവതരിപ്പിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. 2027 ദീപാവലിക്ക് 'രാമായണം: ഭാഗം 2' പുറത്തിറങ്ങും.