ബ്രഹ്മാണ്ഡ ചിത്രം 'രാമായണ' ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. വൻ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസിന് പിന്നാലെ സിനിമയിലെ വിഎഫ്എക്സ് വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് 'രാമായണ' നായകൻ രൺബീർ കപൂർ.
'സിജി ക്രിട്ടിക്സ്' എന്നാണ് വിമർശകരെ രൺബീർ വിശേഷിപ്പിച്ചത്. ഇതൊരു പുതിയ പ്രതിഭാസമാണെന്നും വിഎഫ്‌എക്സിൽ പ്രാവീണ്യമില്ലാത്തവരാണ് വിമർശനമുന്നയിക്കുന്നതെന്നുമാണ് നടന്റെ നിരീക്ഷണം. "സിജി എങ്ങനെയാണ് ചെയ്യുന്നതെന്ന് അറിയാത്തവരുടെ പ്രതികരണം രസകരമാണ്. എഐ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നതെന്നാണ് ഇവരുടെ ചിന്ത. വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള ആർട്ടിസ്റ്റുകൾ മണിക്കൂറുകളോളം അതിന് പിന്നിൽ പണിയെടുക്കുന്നുണ്ട്. ഈ പ്രോജക്ട് ആരംഭിച്ചപ്പോൾ മുതൽ നിതേഷും നമിത്തും വിഎഫ്‌എക്സ് ടീമുമായി ഇരിക്കുന്നത് ഞാൻ കാണുന്നതാണ്. അതും ആകാശത്തിന്റെ നിറം ശരിയായി കിട്ടാൻ വരെ. യഥാർഥ സിജി വച്ച് ഇന്നത്തെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക ഏറെ പ്രയാസകരമായ കാര്യമാണെന്നാണ് തോന്നുന്നത്," രൺബീർ പറഞ്ഞു.
ഓസ്കാർ ജേതാക്കളായ ഡിഎൻഇജി ആണ് 'രാമായണ' വിഎഫ്‌എക്സിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. സിനിമയുടെ നിർമാതാവ് നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസിന് കീഴിലുള്ള ബ്രിട്ടീഷ് വിഷ്വൽ ഇഫക്ട്സ് കമ്പനിയായ ഡിഎൻഇജി, മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള എട്ട് അക്കാദമി അവാർഡുകൾ (ഓസ്കാർ) നേടിയിട്ടുണ്ട്. 'ഇൻസെപ്ഷൻ', 'ഇന്റർസ്റ്റെല്ലാർ', 'ടെനറ്റ്', 'എക്സ് മാഷീന', 'ബ്ലേഡ് റണ്ണർ 2049', 'ഫസ്റ്റ് മാൻ', 'ഡ്യൂൺ' സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങൾ എന്നിവയാണ് പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങൾ.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' ഏകദേശം 4,000 കോടി രൂപയുടെ ബ്രഹ്മാണ്ഡ ബജറ്റിലാണ് 'രാമായണ' ഒരുങ്ങുന്നത്. പ്രൈം ഫോക്കസ് സ്റ്റുഡിയോസും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് 'രാമായണ' നിർമിക്കുന്നത്. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ധർമ പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. രൺബീർ കപൂർ (രാമൻ), സായ് പല്ലവി (സീത), യഷ് (രാവണൻ), ശോഭന (കൈകസി), അരുൺ ഗോവിൽ (ദശരഥൻ), രവി ദുബെ (ലക്ഷ്മണൻ), അജിങ്ക്യ ദേവ് (വിശ്വാമിത്ര മഹർഷി), കുനാൽ കപൂർ (ഇന്ദ്രദേവൻ), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ) എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്.