കൊച്ചി: സിനിമയിലെ റെക്കോർഡ് പ്രതിഫലത്തിന് പിന്നാലെ നികുതി അടയ്ക്കുന്ന കാര്യത്തിലും റെക്കോർഡിട്ട് നടി രശ്മിക മന്ദാന. കന്നഡ സിനിമയിൽ അഭിനയജീവിതം ആരംഭിച്ച നടി ഇന്ന് പാൻ ഇന്ത്യൻ താരമാണ്. നിരവധി സൂപ്പർ ഹിറ്റുകളുടെ ഭാഗമായ നടി കർണാടകയിലെ കുടഗ് ജില്ലയിൽ ഏറ്റവുമധികം ആദായനികുതി അടയ്ക്കുന്ന വ്യക്തികളുടെ പട്ടികയിലും ഒന്നാംസ്ഥാനത്താണ്.
നടപ്പു സാമ്പത്തിക വർഷത്തെ (2005-26) ആദായനികുതിയായി രശ്മിക അടച്ചത് 4.69 കോടി രൂപയാണെന്നാണ് കണക്കുകൾ. ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് (എൽഎൽപി) അടിസ്ഥാനത്തിൽ മൂന്ന് ഗഡുക്കളായാണ് തുക അടച്ചത്. സാമ്പത്തിക വർഷം അവസാനിക്കാൻ ഇനിയും സമയമുള്ളതിനാൽ മാർച്ചോടെ ഈ തുക ഇനിയും വർധിക്കാൻ സാധ്യതയുണ്ട്.
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത 'കിറിക്ക് പാർട്ടി' എന്ന സിനിമയിലൂടെയാണ് രശ്മികയുടെ സിനിമാ പ്രവേശം. ഇതിനു പിന്നാലെ തെലുങ്ക് സിനിമയിലേക്ക് ചുവടുമാറി. ഇവിടെയും നിരവധി ഹിറ്റുകൾ നടി സമ്മാനിച്ചു. 'പുഷ്പ', 'അനിമൽ' തുടങ്ങിയ സിനിമകളുടെ വൻ വിജയത്തിന് ശേഷം രശ്മികയുടെ പ്രതിഫലത്തിലും ബ്രാൻഡ് മൂല്യത്തിലും വലിയ വർധനവാണുണ്ടായത്. നിലവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നടികളിലൊരാളാണ് രശ്മിക.
9-10 കോടി രൂപയാണ് നടിയുടെ നിലവിലെ പ്രതിഫലം. 45 കോടി രൂപയാണ് മൊത്തം ആസ്തിയായി കണക്കാക്കുന്നത്. പരസ്യ വരുമാനം കൂടി കൂട്ടിയാണിത്. രശ്മികയ്ക്ക് സ്വന്തം നാടായ വിരാജ്പേട്ടയിൽ ഒരു ബംഗ്ലാവ് സ്വന്തമായുണ്ട്. ബെംഗളൂരുവിൽ ഏകദേശം എട്ട് കോടി രൂപ വിലമതിക്കുന്ന വീടും. ഇവ കൂടാതെ ഹൈദരാബാദ്, ഗോവ, കൂർഗ് എന്നിവിടങ്ങളിലും താരത്തിന് സ്വന്തമായി വീടുകളുണ്ട്. ബോളിവുഡിൽ സജീവമായതോടെ മുംബൈയിലെ വർളിയിൽ ആഡംബര ഫ്ലാറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.
'കോക്ക്ടെയിൽ 2', 'മൈസ', 'പുഷ്പ 3' തുടങ്ങിയ ചിത്രങ്ങളാണ് ‘ലേഡി സൂപ്പർ സ്റ്റാർ’ രശ്മികയുടേതായി ഉടൻ പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ.