

കൊച്ചി: കന്നഡ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് അണിയിച്ചൊരുക്കുന്ന മാസ് ആക്ഷൻ ഗ്യാങ്സ്റ്റർ ചിത്രമാണ് 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ്'.'മൂത്തോൻ' എന്ന ചിത്രത്തിന് ശേഷം ഗീതു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ ഗീതുവിനെ ലക്ഷ്യം വച്ച് നിരവധിയായ വിമർശന പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
ഇതാണോ സ്ത്രീ ശാക്തീകരണം എന്നാണ് പലരും കുറിച്ചത്. ടീസറിലെ രംഗങ്ങൾ സ്ത്രീ വിരുദ്ധമാണെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ. 'അശ്ലീലം' എന്നും സോഷ്യൽ മീഡിയയിൽ കുറിച്ചവരുണ്ട്. ഈ വിമർശനങ്ങളെല്ലാം ഗീതുവിന്റെ സ്ത്രീപക്ഷ നിലപാടുകളുമായി ചേർത്തുവച്ചാണ് ഉയർന്നുവന്നത്. എന്നാൽ, സംവിധായികയെ അഭിനന്ദിക്കുന്നവരേയും സൈബർ ഇടങ്ങളിൽ കാണാം. ടീസർ ബോൾഡും മനോഹരവുമാണ് എന്നാണ് ഇവർ കുറിക്കുന്നത്. ഗീതുവിന് മാസ് സിനിമ എടുക്കാൻ ആകില്ല എന്ന പറഞ്ഞവരേ തിരിച്ച് വിമർശിക്കുന്നവരും കുറവല്ല.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലെ കോലാഹലങ്ങൾക്ക് മറുപടിയായി ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗീതു. നടി റിമ കല്ലിങ്കൽ പങ്കുവെച്ച ഒരു റീലിൽ നിന്നുള്ള സ്ക്രീൻഷോട്ട് ആണ് ഗീതു ഫേസ്ബുക്കിൽ പങ്കുവച്ചത്. "സ്ത്രീകളുടെ സന്തോഷത്തേയും കൺസെന്റിനേയും കുറിച്ച് ആളുകൾ തല പുകയ്ക്കട്ടെ, ഞങ്ങൾ ചിൽ ആണ്," എന്നാണ് ഈ സ്ക്രീൻ ഷോട്ടിൽ എഴുതിയിരിക്കുന്നത്. അടിക്കുറിപ്പായി 'Now I've Said it' എന്നും ഗീതു കുറിച്ചിട്ടുണ്ട്.
യഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ടീസറിലൂടെയാണ് നടന്റെ കഥാപാത്രത്തെ 'ടോക്സിക്' സിനിമയുടെ അണിയറപ്രവർത്തകർ അവതരിപ്പിച്ചത്. 'റായ' എന്നാണ് സിനിമയിലെ യഷിന്റെ കഥാപാത്രത്തിന്റെ പേര്. 'കെജിഎഫി'ന് സമാനമായി തോക്കും മാസും ഒക്കെയുണ്ടെങ്കിലും തീർത്തും വ്യത്യസ്തമായ ഒരു സിനിമാനുഭവമായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. 'കെജിഎഫ് 2' വിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാലു വർഷങ്ങൾക്കു ശേഷമാണ് യഷിന്റെ ഒരു ചിത്രം റിലീസിനൊരുങ്ങുന്നത്.
നയൻതാര, രുക്മിണി വസന്ത്, താര സുതര്യ, കിയാര അദ്വാനി എന്നിങ്ങനെയുള്ള താരങ്ങൾ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായി സിനിമയിലുണ്ട്. യഷും ഗീതു മോഹൻദാസും ചേർന്നാണ് 'ടോക്സിക്കി'ന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ പുറത്തിറങ്ങും. ദേശീയ അവാര്‍ഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂര്‍, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ടി പി അബിദ്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ. പെറിയോടൊപ്പം ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍പറിവും കെച്ച ഖംഫാക്ഡിയും ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്.
കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ വെങ്കട് കെ നാരായണയും യാഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഈദ്, ഉഗാദി, ഗുഡി പാഡ്വ എന്നിവയോടനുബന്ധിച്ച ദീര്‍ഘമായ ഉത്സവ വാരാന്ത്യമായ 2026 മാര്‍ച്ച് 19 നാണ് 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ്' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.