ബാഗ്ദാദ് ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മാമാങ്കം ഡാൻസ് കമ്പനിയുടെ 'നെയ്‌തെ' എന്ന നൃത്താവിഷ്‌കാരത്തിന് ബെസ്റ്റ് പ്ലേ അവാർഡ്. പ്രശസ്ത അഭിനേത്രിയും നർത്തകിയുമായ റിമ കല്ലിങ്കൽ 2014ൽ സ്ഥാപിച്ച 'മാമാങ്കം' ഇന്ന് കേരളത്തിലെ മുൻനിര സമകാലിക ഫിസിക്കൽ തിയേറ്റർ-ഡാൻസ് സംഘങ്ങളിൽ ഒന്നാണ്. കേരളത്തിന്റെ തനത് ശാസ്ത്രീയ, നാടൻ, ആയോധന കലാപാരമ്പര്യങ്ങളെ അടിസ്ഥാനമാക്കി, ആധുനിക ലോക പ്രവണതകളോട് പ്രതികരിക്കുന്ന ഒരു പ്രത്യേക നൃത്തഭാഷയാണ് മാമാങ്കത്തിലൂടെ ലക്ഷ്യമിടുന്നത്.
ചേന്ദമംഗലത്തെ ഹാൻഡ്‌ലൂം തൊഴിലാളികളുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് നെയ്‌തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫിസിക്കൽ തിയേറ്ററിന്റെ സാധ്യത പ്രയോജനപ്പെടുത്തിയാണ് 'നെയ്തെ'യ്ക്ക് നൃത്തഭാഷ ചമച്ചിരിക്കുന്നത് . 2018 ലെ പ്രളയം മൂലം നഷ്ടപ്പെട്ട നെയ്‌ത്തും, അവരുടെ സ്വപ്നങ്ങളും ആണ് നൃത്താവിഷ്‌കരത്തിന്റെ പശ്ചാത്തലം. പ്രേക്ഷകരെയും നിരൂപകരെയും ഏറെ ആകർഷിച്ച 'നെയ്‌തെ', സ്റ്റാൻഡിങ് ഒവേഷൻ നേടിയാണ് സമാപിച്ചത്. ഭാഷാതടസങ്ങളെ മറികടന്ന് മനുഷ്യാനുഭവങ്ങളെ ഉൾക്കൊള്ളുന്നതായിരുന്നു അവതരണം എന്നാണ് കാണികള്‍ അഭിപ്രായപ്പെട്ടത്.
ഈ വിജയത്തിന് പിന്നാലെ 2025 നവംബറിൽ ഒമാനിൽ നടക്കുന്ന പ്രശസ്തമായ അൽ ഡാൻ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും മാമാങ്കം ക്ഷണിക്കപ്പെട്ടു.
റിമ കല്ലിങ്കലിന്റെ സംവിധാനത്തിലും അശ്വിൻ ജോർജിന്റെ നൃത്ത സംവിധാനത്തിലുമാണ് 'നെയ്‌തെ' ആവിഷ്കരിക്കരിച്ചത്. ഗ്രീഷ്മാ നാരായൺ, അലോഷി അമൽ, പൂജിത കട്ടിക്കാട്, അനുസ്രീ പി.എസ്, സന്തോഷ് മാധവ്, അഞ്ജു ശ്യാമപ്രസാദ്, അമൃതശ്രീ ഓമനക്കുട്ടൻ, ഭവ്യ ഓമനക്കുട്ടൻ, ഗോപിക മഞ്ജുഷ എന്നിവരാണ് 'നെയ്‌തെ' അരങ്ങില്‍ അവതരിപ്പിച്ചത്. ആർട്ട് ഡയറക്ടർ അനിൽ ഇൻസ്പയർ ആണ് ദൃശ്യഭാവന രൂപപ്പെടുത്തിയിരിക്കുന്നത്. ലൈറ്റ് ഡിസൈനർ ശ്രീകാന്ത് ക്യാമിയോ ആണ് ലൈറ്റിങ്. ലയണൽ ലെഷോയ് ആണ് ശബ്ദരൂപകല്പന ചെയ്തിരിക്കുന്നത്. ടീം മാനേജർ ഗ്രീഷ്മ ബാബുവും ഫോട്ടോഗ്രാഫർ ജൈസൺ മാഡനിയും ആയിരുന്നു.
"'നെയ്‌തെ' വഴി കേരളത്തിലെ നെയ്ത്തുകാരുടെ കലയേയും ധൈര്യത്തേയും നൃത്തഭാഷയിലൂടെ ആഗോള വേദിയിലേക്കെത്തിക്കാനാണ് ശ്രമിച്ചതെ"ന്ന് മാമാങ്കം ആർട്ടിസ്റ്റിക് ഡയറക്ടർ റിമ കല്ലിങ്കൽ വ്യക്തമാക്കി.