ദിലീപ് എന്ന നടന്റെ വാഴ്ചയും വീഴ്ചയും Source: News Malayalam 24x7
ENTERTAINMENT

ജനപ്രിയനിൽ നിന്ന് 'പ്രതി'നായകനിലേക്ക്; ദിലീപിന്റെ വാഴ്ചയും വീഴ്ചയും

2017 ഫെബ്രുവരി 17ന് ആണ് നടിയെ ആക്രമിച്ച സംഭവം നടന്നത്

Author : ശ്രീജിത്ത് എസ്

അവിശ്വസനീയമായിരുന്നു അയാളുടെ വളർച്ച. കണ്ടു നിന്നവരെ എല്ലാം അത്ഭുതപ്പെടുത്തിയ നേട്ടങ്ങൾ. അയാൾ തൊട്ടതെല്ലാം പൊന്നായി. അത് സിനിമ ആണെങ്കിലും കച്ചവടമാണെങ്കിലും. മമ്മൂട്ടിയും മോഹൻലാലും അരങ്ങുവാഴുന്ന മലയാള സിനിമയിൽ ഗോപാലകൃഷ്ണൻ പത്മനാഭൻ സ്വന്തമായി ഒരു ടാഗ്‌ലൈൻ ഉണ്ടാക്കിയെടുത്തു. ജനപ്രിയൻ. ജനപ്രിയ നായകൻ ദിലീപ്.

എന്നാൽ, ഈ ജനപ്രിയ നായക പദവി ഒറ്റ രാത്രികൊണ്ട് മലയാളി തിരികെവാങ്ങി. മലയാള സിനിമയുടെ തലക്കുറി മാറ്റിയെഴുതിയ ദിവസം. 2017 ഫെബ്രുവരി 17. നടി ആക്രമിക്കപ്പെട്ട ദിനം. ആ കേസിലെ എട്ടാം പ്രതി, പി. ഗോപാലകൃഷ്ണൻ എന്ന ദിലീപ് ആയിരുന്നു.

പഠിക്കുന്ന കാലത്ത് തന്നെ മിമിക്രിയോട് ആയിരുന്നു ദിലീപിന് താൽപ്പര്യം. ആലുവ യുസി കോളേജിൽ പഠിക്കുമ്പോൾ തട്ടിൽ കയറി. മഹാരാജാസ്, ഗോപാലകൃഷ്ണനിലെ മിമിക്രിക്കാരനെ വാർത്തെടുത്തു. മിമിക്രിയിൽ ശ്രദ്ധിക്കപ്പെട്ട ദിലീപ് കൊച്ചിൻ കലാഭവനിലേക്കും പിന്നീട് ഹരിശ്രീയിലേക്കും എത്തി. കലാഭവനിൽ വച്ചാണ് ഗോപാലകൃഷ്ണൻ ദിലീപ് എന്ന് പേരുമാറ്റുന്നത്. കലാഭവനിൽ ഒപ്പമുണ്ടായിരുന്ന ജയറാമുമായുള്ള പരിചയം സിനിമയിലേക്ക് വഴി തുറന്നു. കമലിന്റെ അസിസ്റ്റന്റായിട്ടാണ് തുടക്കം. പതിയെ അയാൾ സിനിമയിൽ പരിചയക്കാരെ ഉണ്ടാക്കി. പല പരിചയങ്ങളും പിൽകാലത്ത് ദൃഢബന്ധങ്ങളായി. വിഷ്ണുലോകം, എന്നോടിഷ്ടം കൂടാമോ തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റ് ചെയ്തു. ഈ സഹസംവിധായകനെ ക്യാമറയുടെ മുന്നിലേക്ക് നിർത്തുന്നതും കമലാണ്. 1992ൽ ‘എന്നോടിഷ്ടം കൂടാമോ' എന്ന ചിത്രത്തിൽ കമൽ ഒരു ചെറിയ വേഷം ദിലീപിന് നൽകി. പിന്നാലെ സൈന്യം, സാഗരം സാക്ഷി, സുധിനം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങൾ. ഒടുവിൽ സുനിൽ സംവിധാനം ചെയ്ത 'മാനത്തെ കൊട്ടാരം' എന്ന ചിത്രത്തിൽ നായക വേഷം. എന്നാൽ വഴിത്തിരിവ് ആയത് ലോഹിതദാസ് എഴുതി സുന്ദർദാസ് സംവിധാനം ചെയ്ത 'സല്ലാപ'മാണ്. സിനിമ സൂപ്പർ ഹിറ്റ്. സിനിമയിലെ മഞ്ജു വാര്യർ-ദിലീപ് കൂട്ടുകെട്ടും. ഈ കോംബോയിൽ ഇറങ്ങിയ സിനിമകൾ പ്രേക്ഷക‍ർ ഏറ്റെടുത്തു.

1998 ൽ ഇവർ വിവാഹിതരായി. മഞ്ജു സിനിമ വിട്ട് വീട്ടിലേക്ക് ഒതുങ്ങി. 2015ൽ മഞ്ജുവും ദിലീപും നിയമപരമായി വേർപിരിഞ്ഞു. ഈ കാലയളവിനിടയിൽ മലയാള സിനിമയിൽ അതികായനായി വളരുകയായിരുന്നു ദിലീപ്. പഞ്ചാബി ഹൗസ്, കുഞ്ഞിക്കൂനൻ, ചാ‌ന്ത്‌പൊട്ട്, പറക്കും തളിക, തിളക്കം, സിഐഡി മൂസ, മീശ മാധവൻ, കഥാവശേഷൻ എന്നിങ്ങനെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ. സ്വന്തമായി തിയേറ്ററുകൾ, വിതരണ-നിർമാണ കമ്പനി. ഒപ്പം സിനിമാ സംഘടനകളിലെ അനിഷേധ്യ ശബ്ദമായും ദിലീപ് മാറി. മലയാള സിനിമയിലെ താരങ്ങളെ എല്ലാം വെള്ളിത്തിരയിൽ ഒരുമിപ്പിച്ച് 'ട്വന്റി ട്വന്റി' എന്നൊരു ചിത്രം പോലും ദിലീപ് സാധ്യമാക്കി.

മഞ്ജുവുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞ്, രണ്ടാം വർഷം ദിലീപ് വീണ്ടും വിവാഹിതനായി. 'ചന്ദ്രനുദിക്കുന്ന ദിക്ക്' മുതൽ നിരവധി ചിത്രങ്ങളിൽ ഒപ്പം അഭിനയിച്ച കാവ്യ മാധവനായിരുന്നു വധു. നടിയുടേയും രണ്ടാം വിവാഹം. ഇരുവരും തമ്മിൽ പ്രണയമായിരുന്നു എന്ന ഗോസിപ്പുകൾ കൂടിയാണ് അവിടെ അവസാനിച്ചത്. എന്നാൽ , വർഷങ്ങൾക്ക് ശേഷം തീർത്തും വ്യക്തിപരമായ ആ പ്രണയം വീണ്ടും ചർച്ചാവിഷയമായി. കോടതി വ്യവഹാരത്തിന്റെ ഭാഗമായി.

2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ട സംഭവമായിരുന്നു അതിന് കാരണമായത്. അങ്കമാലി അത്താണിക്കു സമീപം മലയാളത്തിലെ ഒരു പ്രമുഖ യുവനടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചുകയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീർത്തികരമായ ചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്തു. മലയാളി ഞെട്ടി. എന്നാൽ പൊതു മനസാക്ഷി നടിക്കൊപ്പം നിന്നു എന്ന് പറയുന്നത് അൽപ്പം കടന്നുപോകും. നടി നേരിട്ട വ്യക്തിഹത്യയും സൈബർ ആക്രമണവും അത്ര ഭീകരമായിരുന്നു.

സംഭവം നടന്ന അന്ന് തന്നെ ഡ്രൈവർ മാർട്ടിൻ അറസ്റ്റിലായി. പിറ്റേ ദിവസം, അതിന് പിന്നിൽ പ്രവർത്തിച്ചത് പൾസർ സുനിയെന്ന സുനിൽകുമാറാണെന്ന് വ്യക്തമായി. ഇയാൾക്കും കൂട്ടാളികൾക്കുമായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഫെബ്രുവരി 19ന് ആലപ്പുഴ സ്വദേശി വടിവാൾ സലീം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരെ കോയമ്പത്തൂരിൽ വച്ച് പൊലീസ് പിടികൂടി. ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അന്നേ ദിവസം നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറണാകുളം ദർബാർ ഹാൾ മൈതാനത്ത് സിനിമാപ്രവർത്തകരുടെ കൂട്ടായ്മ നടന്നിരുന്നു. മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്ത യോഗം. ആയിരത്തിൽ ഒരാളായി ദിലീപും.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന ആണെന്ന് മഞ്ജു വാര്യ‍ർ വേദിയിൽ വച്ച് തുറന്നടിച്ചു. വിഷമിപ്പിക്കുന്ന സംഭവം എന്ന് ദിലീപും. അപ്പോഴേക്കും സംശയത്തിന്റെ നിഴൽ ദിലീപിൽ പതിച്ചിരുന്നു.

കേസിൽ നേരിട്ട് പങ്കാളികളായ പ്രതികൾ ഒന്നൊന്നായി സമീപ ദിവസങ്ങളിൽ അറസ്റ്റിലായി. പൾസർ സുനിയേയും മറ്റൊരു പ്രതി വിജീഷിനേയും കോടതിമുറിയിൽനിന്നാണ് പൊലീസ് ബലം പ്രയോഗിച്ചു അറസ്‌റ്റ് ചെയ്തത്. അപ്പോഴും മഞ്ജു പറഞ്ഞ ആ ക്രിമനൽ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരെന്ന ചോദ്യം ബാക്കിയായി. അന്വേഷിക്കാൻ പൊലീസ് കൂടുതൽ സമയം ആവശ്യപ്പെട്ടു.

ഇതിനിടെ ഈ കേസുമായി ബന്ധപ്പെട്ട് ചിലർ തന്നെ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി ദിലീപ് രംഗത്തെത്തി. കേസ് നടത്തിപ്പിനായി സാമ്പത്തിക സഹായം അഭ്യർഥിച്ചു ദിലീപിനു കത്ത് എഴുതിയതായി സുനി അന്വേഷണ സംഘത്തിന് മൊഴിയും നൽകി. ഈ കത്തിൽ ദിലീപ്, നാദിർഷ എന്നിവരുടെ പേരുകൾ പരാമർശിച്ചിരുന്നതായി അന്വേഷണം സംഘം വെളിപ്പെടുത്തി. ബ്രെയിൻ മാപ്പിങ്ങും നുണപരിശോധനയുമടക്കം ഏതു പരിശോധനയ്ക്കും തയാറാണെന്ന് ദിലീപും പ്രതികരിച്ചു.

കേസിൽ ദിലീപിന് പങ്കുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ബലപ്പെട്ടു. 2017 ജൂൺ 28ന് ദിലീപ്, നാദിർഷ എന്നിവരെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് അന്വേഷണ സംഘം വിളിച്ചുവരുത്തി. എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ വെവ്വേറെ മുറികളിൽ ഇരുവരെയും ചോദ്യം ചെയ്തു. തനിക്ക് എതിരെ നീക്കം നടക്കുന്നതായി ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അവർ എല്ലാം കേട്ടു. വിശകലനം ചെയ്തു. ജൂലൈ രണ്ടിന് ദിലീപ് നായകനായി അഭിനയിച്ച 'ജോർജേട്ടൻസ് പൂരം' ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി എത്തിയതായി പൊലീസിന് തെളിവു ലഭിച്ചു. ജൂലൈ 10ന് ദിലീപ് അറസ്റ്റിൽ. പിറ്റേന്ന് റിമാൻഡിലുമായി.

ഗൂഢാലോചന, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെ ഒൻപത് വകുപ്പുകൾ ചുമത്തിയാണ് ദിലീപിനെതിരെ കേസെടുത്തത്. താരപരിവേഷങ്ങൾ അഴിച്ച് വച്ച് ദിലീപ് ജയിലിലേക്ക്. സഹതടവുകാരായി അഞ്ച് പേർ. പിടിച്ചുപറി, മോഷണക്കേസ് പ്രതികൾ. 85 ദിവസം ജയിൽവാസം.

ഈ സമയത്താണ് സച്ചി എഴുതി അരുൺ ​ഗോപി സംവിധാനം ചെയ്ത 'രാമലീല' എന്ന ചിത്രത്തിന്റെ റിലീസ്. സെപ്റ്റംബ‍ർ 28ന് സിനിമയുടെ റിലീസ് പ്രബുദ്ധ മലയാളി ആഘോഷമാക്കി. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയുടെ സിനിമയ്ക്കായി അവർ വരി നിന്നു. പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിലെ പല ഡയലോ​ഗുകളും സമൂഹമാധ്യമങ്ങളിൽ ഫാൻസ് ആഘോഷമാക്കി. പലരും വെർച്വൽ ഐഡന്റിറ്റി മറയാക്കി അതിജീവിതയെ പരിഹസിച്ചു.

ഒക്ടോബ‍ർ മൂന്നിന്, ജാമ്യം ലഭിച്ച ദിലീപ് ജയിൽ മോചിതനായി. വൈകുന്നേരും 5.20ന് ജയിൽ കവാടം തുറന്ന് പുറത്തുവന്ന ദിലീപിനെ ആരാധക‍ർ കയ്യടികളോടെ സ്വീകരിച്ചു. അയാൾ അവർക്ക് നേരെ കൈകൾ കൂപ്പി. ഫ്ലൈയിങ് കിസ് നൽകി.

മലയാളിയിലെ സഹജമായ ഏട്ടൻ ഫിക്സേഷൻ സിംപതിക്കൊപ്പം പ്രവർത്തിച്ചു തുടങ്ങി. ആക്രമിക്കപ്പെട്ട നടിയെ ആരാധകർ കടന്നാക്രമിച്ചു. അനുബന്ധ കുറ്റപത്രത്തിൽ എട്ടാം പ്രതി ആയിരുന്നു ദിലീപ് എന്ന് ഓർക്കണം.

2020 ജനുവരി 30ന് കേസിൽ വിചാരണ ആരംഭിച്ചു. സ്പെഷ്യൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസാണ് വിചാരണ നടത്തിയത്. അടച്ചിട്ട കോടതിയിൽ സാക്ഷി വിസ്താരം. നടിയെ ആദ്യം വിസ്തരിച്ചു. എന്നാൽ പിന്നാലെ നടിക്ക് അനുകൂലമായി മൊഴി നൽകിയ ഓരോരുത്തരായി കൂറുമാറുന്നതിനാണ് കേരളം സാക്ഷിയായത്. അതിൽ അടുത്ത സുഹൃത്തുക്കളുണ്ട്, സഹപ്രവർത്തകരുണ്ട്. 261 സാക്ഷികളിൽ സിദ്ദീഖ്, ഭാമ, ബിന്ദു പണിക്കർ, ഇടവേള ബാബു എന്നിങ്ങനെ 28 സാക്ഷികളാണ് വിചാരണ വേളയിൽ കൂറുമാറിയത്. എനിക്കൊന്നും അറിയില്ല, ഞാനൊന്നും കണ്ടിട്ടില്ല, ഞാനങ്ങനെ പറഞ്ഞിട്ടില്ല എന്നിങ്ങനെ തരംപോലെ ആളുകൾ മാറ്റിപ്പറഞ്ഞു.

വിചാരണാ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി അതിജീവിത രംഗത്തെത്തിയെങ്കിലും ഹൈക്കോടതിയും സുപ്രീംകോടതിയും ആ ഹർജി തള്ളി. ഇതിനിടെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസിൽ തുടരന്വേഷണം നടത്തി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപും കൂട്ടാളികളും ഇരുന്ന് കാണുന്നതിന് താൻ സാക്ഷിയാണെന്ന് പറഞ്ഞ ബാലചന്ദ്രകുമാർ സുപ്രധാനമായ ചില ഓഡിയോ ക്ലിപ്പുകളും പുറത്തുവിട്ടു. തുടരന്വേഷണത്തിൽ ദിലീപിന്റെ സുഹ്യത്ത് ശരത്തിനേയും പ്രതി ചേർത്തു. നിർത്തിവച്ച വിചാരണ 2022 നവംബറിൽ ആണ് പുനരാരംഭിച്ചത്. 2024 ഡിസംബർ 11ന് കേസിൽ അന്തിമവാദം ആരംഭിച്ചു.

നീണ്ടുപോയ വിചാരണക്കാലത്ത് ദിലീപിന്റെ പല സിനിമകളും പുറത്തിറങ്ങി. ഇറങ്ങിയതിലും വേഗത്തിൽ അവയിൽ അധികവും തിയേറ്റ‍ർ വിട്ടു. ഇതിന് കേസിനോ മലയാളിയുടെ മനസാക്ഷിക്കോ പൊതുബോധത്തിനോ ഒരു പങ്കും ഇല്ല. മോശം സിനിമകൾ അർഹിച്ച വിധി എന്ന് വേണം പറയാൻ. ഇതിനൊപ്പം എടുത്ത് പറയേണ്ടത് ദിലീപിന്റെ അഭിനയത്തേപ്പറ്റിയാണ്. കാണികളുമായി കണക്ട് ആകാൻ ദിലീപിന് സാധിക്കാതെയായി. പഴയകുപ്പിയിലെ പഴയ വീഞ്ഞ് കാണികൾക്ക് പിടിച്ചില്ല. നടൻ എന്ന നിലയിൽ ദിലീപിന്റെ പ്രഭാവം ഇതിനൊക്കെ വളരെ മുൻപ് തന്നെ മങ്ങി തുടങ്ങിയിരുന്നു. 2014 മുതൽ ഇങ്ങോട്ട് നോക്കിയാൽ വിരലിൽ എണ്ണിയാൽ തീരാവുന്ന നല്ല ചിത്രങ്ങൾ മാത്രമാണ് ദിലീപിന്റേതായി പുറത്തിറങ്ങിയത്. ജയിൽ വാസത്തിന് ശേഷമുള്ള തിരിച്ചുവരവിൽ അത് പൂർണമായി. എന്നാൽ, തന്റെ പ്രതിച്ഛായ വീണ്ടെടുക്കാൻ ദിലീപ് ശ്രമിച്ചുകൊണ്ടേയിരുന്നു. ഓരോ പ്രീ റിലീസ് ഇവന്റുകളും അഭിമുഖങ്ങളും അതിനുള്ള ശ്രമങ്ങളായിരുന്നു.

മറുവശത്ത് ഈ വിചാരണക്കാലം അതിജീവിതയെ സംബന്ധിച്ചത്തോളം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അവർ നേരിട്ട ട്രോമ വിവരിക്കാൻ സാധിക്കില്ല. എത്രവട്ടം ആ രാത്രിയുടെ കഥ ആവർത്തിക്കേണ്ടി വന്നു. എത്ര വട്ടം അവരുടെ സ്വഭാവം ചോദ്യം ചെയ്യപ്പെട്ടു. പേരില്ലാത്തവർ, മുഖമില്ലാത്തവർ അവരെ ശത്രുപക്ഷത്ത് നിർത്തി. ചിലപ്പോഴൊക്കെ ചിരപരിചിതരും. അപ്പോഴും ഒരു കൂട്ടം സുഹൃത്തുക്കൾ അവൾക്കൊപ്പം നിലയുറപ്പിച്ചു.

എന്താണ് ഈ കേസുമായി ദിലീപിനെ ബന്ധിപ്പിച്ചത്? ദിലീപിന് അതിജീവിതയോട് പകയുണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദം. അയാൾ പ്രതികാരം ചെയ്യുകയായിരുന്നു എന്നാണ് അതിജീവിതയുടെ അഭിഭാഷകരുടെ വാദം. എന്താണ് ആ റിവഞ്ച് സ്റ്റോറി?

തന്നേയും കാവ്യാ മാധവനേയും ചേർത്ത് അതിജീവിത ഗോസിപ്പുകൾ പ്രചരിപ്പിച്ചു എന്ന് ദിലീപ് സംശയിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം. മഞ്ജുവുമായി വിവാഹിതനായിരിക്കുന്ന സമയമാണ്. 2013 മാർച്ച് 26 മുതൽ ഏപ്രിൽ ഏഴ് വരെ കൊച്ചിയിലെ അബാദ് പ്ലാസയിൽ വച്ച് 'അമ്മ'യുടെ ഒരു റിഹേഴ്സൽ ക്യാംപ് നടന്നിരുന്നു. ഒരു സ്വകാര്യ ചാനൽ ഷാർജയിൽ നടത്തുന്ന താരനിശയ്ക്ക് വേണ്ടിയായിരുന്നു റിഹേഴ്സൽ. ഈ റിഹേഴ്സലിന് ഇടയിൽ ദിലീപിന്റെയും തന്റെയും ഫോട്ടോ അതിജീവിത പകർത്തിയതായും ഈ ചിത്രം മഞ്ജുവിന് അയച്ചുകൊടുത്തതായുമാണ് കാവ്യ ആദ്യം പൊലീസിന് നൽകിയ മൊഴി. ഇത് ദിലീപിനെ ചൊടിപ്പിച്ചുവെന്നും. എന്നാൽ വിചാരണ വേളയിൽ കാവ്യ ഈ മൊഴി മാറ്റി. സിദ്ദീഖിന്റെയും ഭാമയുടെയും ആദ്യ മൊഴിയും ഇത് സാധൂരിക്കുന്നതായിരുന്നു. എന്നാൽ, കോടതിയിൽ ഇതൊന്നും തങ്ങൾക്ക് അറിയുന്ന കാര്യങ്ങളല്ല എന്ന് സിദ്ദീഖും ഭാമയും മാറ്റിപ്പറഞ്ഞു.

പ്രോസിക്യൂഷന്റെ മറ്റ് ചില വാദങ്ങൾ കൂടി ഇവിടെ പരിശോധിക്കണം. 'അമ്മ'യിലെ സ്വാധീനം ഉപയോഗിച്ച് അതിജീവിതയുടെ കരിയർ തകർക്കാൻ പല മാർഗങ്ങൾ ദിലീപ് സ്വീകരിച്ചു. നടിയുടെയും അവരെ പിന്തുണച്ചവരുടെയും അവസരങ്ങൾ നിഷേധിച്ചു. അവരെ മാനസികമായി തളർത്താനും അപമാനിക്കാനും പൾസർ സുനിയുമായി ഗൂഢാലോചന നടത്തി. നടിയുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ദിലീപ് സുനിക്ക് ഒന്നരക്കോടി രൂപയ്ക്ക് ക്വട്ടേഷൻ നൽകി എന്നുമാണ് പ്രോസിക്യൂഷന്റെ ആരോപണം.

ഇനി വിധിയാണ്. ആറ് വർഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷം വരുന്ന വിധി. ഈ കാലയളവിൽ നമ്മൾ പലതിനും സാക്ഷിയായി. മലയാള സിനിമയിലെ ആണധികാരത്തെ ഒരു കൂട്ടം സ്ത്രീകൾ ചൂണ്ടിക്കാട്ടി; ചോദ്യം ചെയ്തു. ഡബ്ല്യൂസിസി എന്ന വനിതാ സിനിമാ പ്രവ‍ർത്തകരുടെ കൂട്ടായ്മ രൂപപ്പെട്ടു. സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ പഠിക്കാൻ ഹേമാ കമ്മിറ്റി എന്നൊരു സമിതിയുണ്ടായി. അവർ റിപ്പോർട്ട് സമർപ്പിച്ചു. ഇതിനെല്ലാം കാരണമായത് ഈ കേസാണെന്ന് പറയാം.

ലൈംഗിക അതിക്രമ പരാതികളിൽ പേരും പെരുമയും നഷ്ടമായ നിരവധി സിനിമാക്കാരുണ്ട്. അങ്ങ് ഹോളിവുഡ് മുതൽ ഇങ്ങ്‌ മലയാള സിനിമ വരെ. എന്നാൽ ഒരു സഹപ്രവർത്തകയെ ഭീഷണിപ്പെടുത്താൻ, അപമാനിക്കാൻ, ക്വട്ടേഷൻ കൊടുത്തു എന്ന കേസ് ആദ്യമാകും; ഒരു മുൻ നിര നടൻ ഗൂഢാലോചനയ്ക്ക് വിചാരണ നേരിടുന്നതും. ഇവിടെ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് അത്ഭുതപ്പെട്ടവരാണ് അധികവും. ഹേമ കമ്മിറ്റി തങ്ങളുടെ റിപ്പോർട്ട് തുടങ്ങി വയ്ക്കുന്ന വരികളിൽ അവർക്കുള്ള മറുപടിയുണ്ട്.

തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമുള്ള ആകാശം നിഗൂഢതകൾ നിറഞ്ഞതാണ്. പക്ഷേ, ശാസ്ത്രീയ അന്വേഷണത്തിൽ നക്ഷത്രങ്ങൾക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ലെന്നാണ് തെളിഞ്ഞത്. അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുത്. ഉപ്പുപോലും കാഴ്ചക്ക് പഞ്ചസാര പോലെയാണ് '

SCROLL FOR NEXT