മഞ്ജു വാര്യർ, എസ് ശാരദക്കുട്ടി Source: Instagram
ENTERTAINMENT

"എളുപ്പമായിരുന്നില്ല അവളുടെ വളർച്ചയുടെ വഴികൾ; പെൺകുട്ടികൾക്ക് പഠിക്കാൻ ഒരു മികച്ച പാഠപുസ്തകമാണ് മഞ്ജു വാര്യർ"

ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്കിൽ മഴ നനഞ്ഞുള്ള നടിയുടെ യാത്ര വൈറലായിരുന്നു

Author : ശ്രീജിത്ത് എസ്

കൊച്ചി: ബൈക്ക് യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് നടി മഞ്ജു വാര്യർ. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്കിൽ മഴ നനഞ്ഞുള്ള നടിയുടെ യാത്ര വൈറലായിരുന്നു. ധനുഷ്‌കോടിയിലേക്ക് നീണ്ടുകിടക്കുന്ന റോഡിലൂടെയായിരുന്നു മഞ്ജുവിന്റെ ബൈക്ക് യാത്ര.

'ഇപ്പോൾ ജീവിതത്തിൽ ഉള്ളതൊക്കെയും നന്ദിയോടെ സ്വീകരിക്കുന്നു. ഇനി വരാനിരിക്കുന്ന എല്ലാത്തിനെയും പ്രതീക്ഷയോടെയും നന്ദിയോടെയും കാത്തിരിക്കുന്നു.' എന്ന അടിക്കുറിപ്പോടെയാണ് യാത്രയുടെ ദൃശ്യങ്ങൾ മഞ്ജു വാര്യർ പങ്കുവച്ചത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ നിരവധിയാളുകളാണ് സമൂഹമാധ്യമങ്ങളിൽ താരത്തെ അഭിനന്ദിച്ചത്. ഇപ്പോഴിതാ നടിയെ അഭിനന്ദിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടിയും രംഗത്തെത്തിയിരിക്കുന്നു.

"ആണിനും വീടിനും കുടുംബത്തിനും സദാചാരബോധ്യങ്ങൾക്കും കടമകൾക്കും അച്ചടക്കങ്ങൾക്കും നിന്ദകൾക്കും വഴങ്ങാതെ പറന്നു നടന്നു ജീവിക്കുവാൻ കേരളം കണി കണ്ടുണരുന്ന പെണ്മ,"എന്നാണ് എഴുത്തുകാരി ഫേസ്ബുക്കിൽ കുറിച്ചത്. ശാരദക്കുട്ടിയുടെ കുറിപ്പിന് താഴേയും മഞ്ജുവിന് അഭിനന്ദന പ്രവാഹമാണ്.

ശാരദക്കുട്ടിയുടെ കുറിപ്പിന്റെ പൂർണരൂപം:

ആണിനും വീടിനും കുടുംബത്തിനും സദാചാരബോധ്യങ്ങൾക്കും കടമകൾക്കും അച്ചടക്കങ്ങൾക്കും നിന്ദകൾക്കും വഴങ്ങാതെ പറന്നു നടന്നു ജീവിക്കുവാൻ കേരളം കണി കണ്ടുണരുന്ന പെണ്മ .

എളുപ്പമായിരുന്നില്ല അവളുടെ വളർച്ചയുടെ വഴികൾ. കഴിവുകൾ തേച്ചു മിനുക്കി നില നിർത്തുന്ന മിടുക്കിൻ്റെ പേരാണ് മഞ്ജു വാര്യർ .

കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നും തെളിയിച്ച സ്ത്രീ.

പെൺകുട്ടികൾക്ക് പഠിക്കാൻ ഒരു മികച്ച പാഠപുസ്തകം - അതാണ് മഞ്ജു വാര്യർ .

അതിരുകൾ ഭേദിക്കാനുള്ള ഈ കഴിവിനും ധൈര്യത്തിനും ബിഗ് സല്യൂട്ട്.

SCROLL FOR NEXT