

കൊച്ചി: വമ്പൻ തിയേറ്ററിക്കൽ ക്ലാഷ് റിലീസിനാണ് ഇത്തവണ പൊങ്കലിന് തമിഴ് സിനിമ സാക്ഷിയാകുന്നത്. വിജയ് ചിത്രം 'ജന നായക'നും ശിവകാർത്തികേയന്റെ 'പരാശക്തി' ഏറ്റുമുട്ടുമ്പോൾ ആരാകും കളക്ഷനിൽ മുൻപിൽ എന്ന കണക്ക് കൂട്ടലിലാണ് സിനിമാ ലോകം. 'പരാശക്തി' റിലീസ് തീയതി മാറ്റിയത് വിജയ്‌യുടെ അവസാന ചിത്രം എന്ന ലേബലിൽ എത്തുന്ന 'ജന നായക'ന്റെ കളക്ഷനിൽ ഇടിവുണ്ടാക്കാനാണ് എന്ന തരത്തിൽ ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് ശിവകാർത്തികേയൻ.
'പരാശക്തി'യുടെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കവെയാണ് ശിവകാർത്തികേയൻ മനസുതുറന്നത്. യഥാർത്ഥത്തിൽ 2025 ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യാനായിരുന്നു പ്ലാൻ. എന്നാൽ 'ജന നായകൻ' അന്ന് റിലീസ് ചെയ്യുമെന്ന് കേട്ടപ്പോൾ ക്ലാഷ് ഒഴിവാക്കാൻ ചിത്രം മാറ്റിവച്ചു. അങ്ങനെയാണ് പൊങ്കൽ റിലീസ് തീരുമാനിക്കുന്നത്. അപ്പോഴാണ് 'ജന നായക'ന്റെ അണിയറപ്രവർത്തകരും അതേ സമയം തന്നെ തിരഞ്ഞെടുത്തതായി അറിയുന്നത്. ഈ വാർത്ത തന്നെ ഞെട്ടിച്ചുവെന്ന് ശിവകാർത്തികേയൻ പറഞ്ഞു.
ക്ലാഷ് റിലീസ് ഒഴിവാക്കാൻ നിർമാതാവിനെ വിളിച്ച് തീയതി മാറ്റാൻ ആവശ്യപ്പെട്ടിരുന്നതായും ശിവകാർത്തികേയൻ പറഞ്ഞു. എന്നാൽ, സിനിമ പൊങ്കലിന് റിലീസ് ചെയ്യുമെന്ന് നിക്ഷേപകരെ എല്ലാം അറിയിച്ചു കഴിഞ്ഞതിനാൽ അത് സാധ്യമല്ലായിരുന്നു. കൂടാതെ 2026 വേനൽക്കാലത്തേക്ക് മാറ്റിയാൽ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നത് സിനിമയെ ബാധിക്കുമെന്ന ആശങ്കയുമുണ്ടായിരുന്നു.
തുടർന്ന് താൻ വിജയ്‌യുടെ മാനേജർ ജഗദീഷിനെ വിളിച്ച് സംസാരിച്ചായും ശിവകാർത്തികേയൻ വെളിപ്പെടുത്തി. പൊങ്കലിന് രണ്ട് സിനിമകൾ റിലീസ് ആകുന്നതിൽ എന്താണ് പ്രശ്നം എന്നാണ് അദ്ദേഹം ചോദിച്ചത്. "നിങ്ങൾക്ക് പ്രശ്നം ഉണ്ടാകില്ലായിരിക്കാം. പക്ഷേ എനിക്കുണ്ട്. ജന നായകൻ വിജയ് സാറിന്റെ അവസാന ചിത്രമാണ്. സാറിനോട് ഒരുവട്ടം ഈ വിഷയത്തെപ്പറ്റി ചോദിച്ചു കൂടെ," എന്നായിരുന്നു ശിവകാർത്തിയേന്റെ മറുപടി. എന്നാൽ വിജയ്‌യോട് സംസാരിച്ച ശേഷം മാനേജർ അറിയിച്ചത്, പൊങ്കൽ സമയമായതിനാൽ രണ്ട് സിനിമകൾക്കും ആവശ്യമായ സ്പേസ് ഉണ്ടെന്നും ബോക്സ് ഓഫീസിനെ ഇത് ബാധിക്കില്ലെന്നുമാണ്. 'പരാശക്തി'ക്ക് വിജയ് ആശംസകൾ നേർന്നതായും പറഞ്ഞു. എല്ലാവരും ജനുവരി ഒൻപതിന് 'ജന നായകൻ' പോയി കാണണം. നമ്മളെ 33 വർഷത്തോളം രസിപ്പിച്ച ഒരു വ്യക്തിയെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നതെന്നും ഈ പൊങ്കൽ അണ്ണൻ-തമ്പി പൊങ്കൽ ആണെന്നും ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു.
വിജയ്‌യുടെ മുൻ ചിത്രമായ 'ദി ഗോട്ട്' (The GOAT)ൽ താൻ അതിഥി വേഷത്തിൽ എത്തിയത് ഓർമിപ്പിച്ച ശിവകാർത്തികേയൻ, തങ്ങൾക്കിടയിൽ നല്ല ബന്ധമാണുള്ളതെന്നും ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും പറഞ്ഞു.
ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ജയൻ്റ് മൂവീസ് ആണ് 'പരാശക്തി' വിതരണം ചെയ്യുന്നത്. സിനിമയുടെ റിലീസ് തീയതി മാറ്റിയത് ഡിഎംകെ നേതാവ് കൂടിയായ ഉദയനിധിയുടെ രാഷ്ട്രീയപദ്ധതിയാണെന്നാണ് വിമർശനം. ജനുവരി 10ന് ആണ് സുധാ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' തിയേറ്ററുകളിലെത്തുന്നത്. ശിവകാർത്തികേയനൊപ്പം ജയം രവി, ശ്രീലീല, അഥർവ എന്നിവരാണ് 'പരാശക്തി'യിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.