ENTERTAINMENT

'ടൈമിങ് ഇല്ലെന്നു' പറഞ്ഞ് ഒഴിവാക്കി, കരഞ്ഞുകലങ്ങി മടക്കയാത്ര; കാലം പിന്നീട് സലിം കുമാറിനായി കാത്തിരുന്നു

'സിനിമയാണെന്റെ ചോറ്. അത് ഉണ്ണാതെ ഞാന്‍ പോകില്ല' എന്ന സിനിമാ ഡയലോഗ് സലിം കുമാര്‍ വെറുതെ പറഞ്ഞതല്ല.

Author : എസ്. ഷാനവാസ്

കണ്ണീര്‍ നനവുള്ള ഓര്‍മകളെ ചേര്‍ത്തുപിടിച്ചാണ് സലിം കുമാര്‍ വെള്ളിത്തിരയെ വിസ്മയിപ്പിച്ച നടനായി മാറിയത്. തിരക്കഥയിലില്ലാത്ത സീനുകളും ഡയലോഗുകളുംകൊണ്ടാണ് അയാള്‍ തമാശയ്ക്ക് തിരി കൊളുത്തിയത്. എഴുതിവെച്ച സീനിനുമേല്‍, വൈകാരിക ഭാവങ്ങള്‍ ഇണക്കിച്ചേര്‍ത്ത് മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചെടുത്തു. അങ്ങനെ മലയാളികളെ കുടുകുടെ ചിരിപ്പിച്ചയാള്‍ തന്നെ ചിലപ്പോഴൊക്കെ മനസും പൊള്ളിച്ചു. ഇതൊന്നും അയാള്‍ അത്രവേഗം നേടിയെടുത്തതല്ല. സിനിമയിലേക്ക് വിളിച്ചുവരുത്തിയവര്‍ തന്നെ ആക്ഷേപിച്ച് പറഞ്ഞുവിട്ടിടത്തുനിന്നാണ് അയാള്‍ സ്വതസിദ്ധ ശൈലിയില്‍ ചിരിയും കണ്ണീരുമായി സ്ക്രീന്‍ സ്വന്തമാക്കിയത്. ഒരിക്കല്‍ ആക്ഷേപിച്ചവര്‍ കാലങ്ങള്‍ക്കിപ്പുറം അയാളുടെ സമയത്തിനായി കാത്തിരുന്നു എന്നിടത്താണ് സലിം കുമാര്‍ പകരക്കാരന്‍ ഇല്ലാത്ത നടനാകുന്നത്.

സലിം സിനിമയിലെത്തി കുറച്ചുകാലം കഴിഞ്ഞിരുന്നു. അഭിനയം ഒരു സ്ഥിരം തൊഴിലോ, സ്ഥിരവരുമാനമോ ആയി മാറിയിട്ടുമില്ലായിരുന്നു. ഇഷ്ടമാണ് നൂറുവട്ടം, മേരാ നാം ജോക്കര്‍ എന്നീ സിനിമകള്‍ക്കുശേഷം സലിം വീണ്ടും മിമിക്രിയുടെ വഴിയിലേക്ക് തിരിഞ്ഞു. നന്ദു പൊതുവാള്‍, ജോര്‍ജ് ഏലൂര്‍,സന്തോഷ് കുറുമശേരി എന്നിവര്‍ക്കൊപ്പം കൊച്ചിന്‍ യൂണിവേഴ്സല്‍ മിമിക്രി ട്രൂപ്പുമായിട്ടായിരുന്നു സഞ്ചാരം. അക്കാലത്താണ് സലിമിനൊരു ഫോണ്‍കോള്‍ എത്തുന്നത്. വീട്ടില്‍ ഫോണ്‍ ഇല്ലാതിരുന്നതിനാല്‍, നാട്ടില്‍ മരണാനന്തര സഹായസംഘത്തിന്റെ ഫോണ്‍ നമ്പറായിരുന്നു സലിമിന്റെ കോണ്‍ടാക്ട് പോയിന്റ്. കോട്ടയത്ത് സിബി മലയില്‍ സംവിധാനം ചെയ്യുന്ന 'നീ വരുവോളം' എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ സിദ്ധു പനയ്ക്കലിന്റേതായിരുന്നു കോള്‍. "ചിത്രത്തില്‍ ഒരു വേഷമുണ്ട്. കലാഭവന്‍ മണി ചെയ്യാനിരുന്നതാണ്. മണിക്ക് ഡേറ്റ് ഇല്ലാത്തതുകൊണ്ട് സലിമിനെ പരിഗണിക്കുന്നു. ഇന്ന് തന്നെ എത്തണം" - എന്നായിരുന്നു ആവശ്യം.

സിബി മലയിലിനെ പോലൊരു സംവിധായകന്റെ ചിത്രത്തില്‍ തുടക്കക്കാരന് നല്ലൊരു വേഷം ലഭിക്കുന്നത് ഭാഗ്യമായി കരുതിയ സലിം വേഗം തന്നെ യാത്ര തിരിച്ചു. ഒരു പാരലല്‍ കോളേജിലെ പ്യൂണിന്റെ വേഷമായിരുന്നു സലിമിന്. ചിത്രത്തിന്റെ പ്രൊഡ്യൂസറായിരുന്ന നടന്‍ പ്രേം പ്രകാശിന്റെ താല്‍പ്പര്യപ്രകാരമാണ് മണിക്ക് പകരക്കാരനായി സലിമിനെ വിളിച്ചത്. ഏഷ്യാനെറ്റില്‍ സലിം അവതരിപ്പിച്ചിരുന്ന കോമഡി പരിപാടികള്‍ കണ്ടുള്ള ഇഷ്ടമായിരുന്നു പ്രേം പ്രകാശിനെ അത്തരമൊരു തീരുമാനത്തില്‍ എത്തിച്ചത്. എന്നാല്‍, ഈ പരിപാടികളൊന്നും സംവിധായകനായ സിബി മലയില്‍ കണ്ടിട്ടുമില്ലായിരുന്നു.

ചിത്രത്തില്‍ 11ഓളം സീനുകളാണ് സലിമിന് ഉണ്ടായിരുന്നത്. അതില്‍ ഒമ്പത് സീനുകള്‍ പൂര്‍ത്തിയാക്കി. രണ്ട് സീനുകള്‍ ബാക്കി. അതിലൊന്ന് ജഗതിയും തിലകനും ഒപ്പമുള്ള സീനായിരുന്നു. സീന്‍ മനസിലാക്കി, ഡയലോഗും പഠിച്ച് സലിം തയ്യാറായി. പക്ഷേ, എത്രയൊക്കെ ചെയ്തിട്ടും ആ സീന്‍ ശരിയാകുന്നില്ല. ജഗതിയുടെയും തിലകന്റെയും ടൈമിങ്ങിനൊപ്പം സലിം എത്തുന്നില്ലെന്ന് പറഞ്ഞ് സീനിന് കട്ട് പറഞ്ഞു. ഷൂട്ട് നിര്‍ത്തിയതോടെ, സലിം ലോഡ്ജില്‍ തങ്ങി. പിറ്റേദിവസം രാവിലെ സിദ്ധു പനയ്ക്കലിന്റെ അസിസ്റ്റന്റായ പ്രഭാകരന്‍ സലിമിനെ കാണാനെത്തി. "തിലകന്‍ ചേട്ടന്‍ ഇന്നലെ രാത്രിയോടെ തിരിച്ചുപോയി. ഡ്രസ് എടുത്ത് ഇറങ്ങിക്കോളൂ. തിലകന്‍ ചേട്ടന്‍ വരുമ്പോള്‍ അറിയിക്കാം. അപ്പോള്‍ വന്നാല്‍ മതി" - പ്രഭാകര്‍ അറിയിച്ചു. ആ വാക്കുകള്‍ വിശ്വസിച്ച സലിം പോകാനൊരുങ്ങി.

പ്രഭാകരന്‍ തന്നെ സലിമിനെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. ടിക്കറ്റുമായി പ്രഭാകരന്‍ വരുമെന്ന് വിശ്വസിച്ച് സലിം അവിടെ കാത്തിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രഭാകരന്‍ വന്നില്ല. കൈയില്‍ പൈസയില്ലാതെ, എന്തു ചെയ്യണമെന്ന് അറിയാതെ സലിം കുഴങ്ങി. കടം വാങ്ങിയ പൈസയുമായാണ് ഷൂട്ടിങ്ങിനെത്തിയത്. തിരികെ പോകാനുള്ള പൈസയൊന്നും കരുതിയിട്ടുമില്ല. ആരും വരില്ലെന്ന് മനസിലാക്കിയ സലിം പ്ലാറ്റ്‌ഫോമില്‍ നിന്നൊരു മനുഷ്യനോട് ടിക്കറ്റിനുള്ള 20 രൂപ കടം ചോദിച്ചു. നാട്ടിലെത്തിയാലുടന്‍ തുക അയച്ചുതരാമെന്നും പറഞ്ഞു. പക്ഷേ അദ്ദേഹത്തിന്റെ മറുപടി സലിമിനെ ഞെട്ടിപ്പിച്ചു. "തന്നെ ഞാന്‍ അറിയും. ടി.വി. പ്രോഗ്രാമുകള്‍ ഞാന്‍ കാണാറുണ്ട്. താന്‍ കാശൊന്നും അയച്ചുതരേണ്ട. തന്നെ സഹായിക്കാന്‍ സാധിച്ചുവെന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമാണ്" -ഇത്രയും പറഞ്ഞശേഷം അയാള്‍ പൈസ നല്‍കി. ആ ട്രെയിന്‍ യാത്രയില്‍ സലിം പൊട്ടിക്കരയുകയായിരുന്നു. ആരോടും ഒന്നും പറയാന്‍ നിന്നില്ല. ദിവസങ്ങള്‍ക്കിപ്പുറം, പിആര്‍ഒ വാഴൂര്‍ ജോസ് വിളിച്ചു. സലിമിനെ ചിത്രത്തില്‍ നിന്ന് മാറ്റിയെന്നും പകരം ഇന്ദ്രന്‍സിന് വേഷം നല്‍കിയെന്നും അറിയിച്ചു. അത് സലിമിന് കടുത്ത സങ്കടമാണ് സമ്മാനിച്ചത്. അടുത്ത സുഹൃത്തായ ദിലീപ് പോലും തന്നെ സിനിമയില്‍ നിന്ന് മാറ്റിയ കാര്യം അറിയിച്ചില്ലെന്ന് സലിം പിന്നീട് എഴുതിയിരുന്നു.

എല്ലാ വീഴ്ചയ്ക്കും തിരിച്ചടികള്‍ക്കും കാലം ഒരു മറുപടി കാത്തുവെച്ചിട്ടുണ്ടാകും. സലിമിന്റെ കാര്യത്തിലും അത് സംഭവിച്ചു. സലിം തിരക്കേറിയ നടനായി മാറിയിരുന്നു. കിളിച്ചുണ്ടന്‍ മാമ്പഴം, തിളക്കം എന്നിങ്ങനെ ചിത്രങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന സമയം. സലിമിനൊരു കോളെത്തി. "പ്രേം പ്രകാശാണ്, സിബി മലയില്‍ സംവിധായകനായ ചിത്രത്തിലേക്ക് സലിമിന്റെ രണ്ട് ദിവസത്തെ ഡേറ്റ് വേണം". ഒരൊറ്റ നിമിഷത്തില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനും 20 രൂപ ടിക്കറ്റുമൊക്കെ സലിമിന്റെ മനസിലൂടെ മിന്നി മാഞ്ഞു. രണ്ട് സിനിമകളുടെ തിരക്കുണ്ടായിരുന്നതിനാല്‍ 'ഇപ്പോള്‍ ഡേറ്റ് ഇല്ലെന്ന്' സലിം അറിയിച്ചു. എന്നാല്‍ പ്രേം പ്രകാശ് വിടുന്ന ഭാവമില്ലായിരുന്നു. രണ്ട് ദിവസം കൂടി വെയ്റ്റ് ചെയ്താല്‍ ഡേറ്റ് തരാമെന്നായി സലിം. ഇരട്ടി പ്രതിഫലവും ചോദിച്ചു. അതും പ്രേം പ്രകാശ് സമ്മതിച്ചു. അങ്ങനെ സലിം സിബി മലയില്‍ ചിത്രത്തിന്റെ ഭാഗമായി.

എന്റെ വീട് അപ്പൂന്റേം എന്ന ജയറാം ചിത്രത്തിലേക്കാണ് സലിം എത്തിയത്. ആലുവയിലായിരുന്നു ഷൂട്ടിങ്. സലിം എത്തിയപ്പോള്‍ എല്ലാവരും എത്തി ഷേക്ക് ഹാന്‍ഡ് നല്‍കി. എന്താണ് ഇത്തരമൊരു സ്വീകരണം എന്ന് സലിമിന് മനസിലായില്ല. കാര്യം തിരക്കിയപ്പോള്‍, അവരിലൊരാള്‍ പറഞ്ഞു. "നീ വരുവോളം എന്ന ചിത്രത്തിന്റെ സെറ്റില്‍നിന്നും സാറിനെ അന്ന് പറഞ്ഞുവിടുമ്പോള്‍ ഞങ്ങള്‍ തന്നെയായിരുന്നു യൂണിറ്റ്. ഇന്നും ഞങ്ങള്‍ തന്നെയാണ് യൂണിറ്റ്. രണ്ട് ദിവസമായി ഞങ്ങള്‍ സാറിനെ കാത്തിരിക്കുകയാണ്". സലിമിന്റെ കണ്ണുകള്‍ നിറഞ്ഞു. ഒരു നിമിഷത്തിനിപ്പുറം സലിം അവരോട് പറഞ്ഞു, "അന്ന് എന്റെ മോശം സമയമായിരുന്നു. ഇന്ന് നല്ല സമയവും. മോശം സമയത്ത് എന്ത് ചെയ്താലും മങ്ങിപ്പോകും. സമയം നന്നാകും അഭിനയം നന്നാകും... എല്ലാം നന്നാകും". പക്ഷേ, സലിം കുമാര്‍ ആ സമയം സ്വന്തം അധ്വാനം കൊണ്ട് നേടിയെടുത്തതാണ്. സലിം ഇല്ലെങ്കില്‍ മറ്റൊരാളെക്കൊണ്ട് ചെയ്യിക്കാമെന്ന് ഒരു കാലത്ത് തോന്നിയവര്‍ക്ക്, സലിം അല്ലാതെ മറ്റാരെക്കൊണ്ടും സാധിക്കില്ലെന്ന് തോന്നിപ്പിച്ച ആ സമയം. 'സിനിമയാണെന്റെ ചോറ്. അത് ഉണ്ണാതെ ഞാന്‍ പോകില്ല' എന്ന ഡയലോഗ് പച്ചക്കുതിര എന്ന ചിത്രത്തില്‍ അയാള്‍ വെറുതെ പറഞ്ഞതാകാനും വഴിയില്ല.

റെഫറന്‍സ്: ഈശ്വരാ വഴക്കില്ലല്ലോ, സലിം കുമാര്‍, മനോരമ ബുക്സ്.

SCROLL FOR NEXT