'ബാഡ്സ് ഓഫ് ബോളിവുഡ്' സീരീസിന് എതിരെ സമീർ വാങ്കഡെ Source: X
ENTERTAINMENT

"ബാഡ്‌സ് ഓഫ് ബോളിവുഡിലെ കഥാപാത്രത്തിന് ഞാനുമായി നാല് സാമ്യതകൾ"; ഡൽഹി ഹൈക്കോടതിയിൽ സമീർ വാങ്കഡെ

റെഡ് ചില്ലീസിന് എതിരെ നൽകിയ മാനനഷ്ടക്കേസിൽ തന്റെ മറുപടി സമർപ്പിച്ച് സമീര്‍ വാങ്കഡെ

Author : ന്യൂസ് ഡെസ്ക്

മുംബൈ: ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസിന് എതിരെ നൽകിയ മാനനഷ്ടക്കേസിൽ തന്റെ മറുപടി സമർപ്പിച്ച് മുന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ. റെഡ് ചില്ലീസ് നിർമിച്ച, ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത 'ബാഡ്‌സ് ഓഫ് ബോളിവുഡ്' എന്ന സീരീസ് തന്റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കുന്നു എന്ന് ആരോപിച്ചായിരുന്നു വാങ്കഡെയുടെ കേസ്.

'ബാഡ്‌സ് ഓഫ് ബോളിവുഡി'ല്‍ അവതരിപ്പിക്കുന്ന നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥന് താനുമായി സാമ്യമുണ്ടെന്നാണ് സമീർ വാങ്കഡെയുടെ വാദം. ഇത് സാധൂകരിക്കാന്‍, താനും ഈ കഥാപാത്രവുമായുള്ള നാല് സാമ്യതകളാണ് സമീർ ചൂണ്ടിക്കാട്ടുന്നത്.

കഥാപാത്രത്തിന് തന്റെ മുഖഭാവങ്ങളും ശാരീരിക സവിശേഷതകളുമാണ് നൽകിയിരിക്കുന്നതെന്ന് സമീർ വാങ്കഡെ വാദിക്കുന്നു. കഥാപാത്രത്തിന്റെ സംസാരം, പെരുമാറ്റരീതികൾ എന്നിവ സമാനമാണ്. ലഹരി മരുന്ന് കേസില്‍ ആര്യൻ ഖാന്റെ അറസ്റ്റുമായി നേരിട്ട് ബന്ധമുള്ള സിനിമാ മേഖലയിലെ സ്വാധീനശക്തിയായ ഒരു വ്യക്തിയെ ഈ കഥാപാത്രവും അറസ്റ്റ് ചെയ്യുന്നുണ്ട്."സത്യമേവ ജയതേ" എന്ന വാചകം ഈ കഥാപാത്രം ആവർത്തിച്ച് ഉപയോഗിക്കുന്നു. ആര്യൻ ഖാൻ കേസിന്റെ അന്വേഷണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ താൻ പതിവായി ഉപയോഗിച്ച അതേ വാചകമാണിതെന്ന് വാങ്കഡെ വിശദീകരിക്കുന്നു. ഇത് സീരീസില്‍ ഉപയോഗിക്കുന്നത് ദേശീയ മുദ്രാവാക്യത്തെ അവഹേളിക്കുന്ന രീതിയിലാണെന്നും വാങ്കഡെ പറയുന്നു.

'ദ ബാഡ്സ് ഓഫ് ബോളിവുഡ്' എന്ന സീരീസ് സാങ്കല്‍പ്പിക കഥയാണെന്ന വാദം തെറ്റാണെന്നും സമീർ വാങ്കഡെ അഭിപ്രായപ്പെട്ടു. "ചില യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പരമ്പര നിർമ്മിച്ചതെന്ന്" ആര്യൻ ഖാൻ തന്നെ ഒരു അഭിമുഖത്തിൽ സമ്മതിച്ചിട്ടുണ്ടെന്നും വാങ്കഡെ പറഞ്ഞു. കലാപരമായ കഥ പറയുകയല്ല, മറിച്ച് വ്യക്തിപരമായി പ്രതികാരം തീർക്കുകയും തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുകയാണ് റെഡ് ചില്ലീസിന്റെ ലക്ഷ്യം. തന്റെ ഭാര്യയ്ക്കും സഹോദരിക്കും ആളുകളിൽ നിന്ന് നിരന്തരം അധിക്ഷേപകരവും അശ്ലീലവുമായ സന്ദേശങ്ങൾ ലഭിക്കുന്നു. തന്റെയും കുടുംബത്തിന്റെയും ഭരണഘടനാപരമായ മൗലികാവകാശങ്ങൾ സംരക്ഷിക്കണമെന്നും വാങ്കഡെ കോടതിയോട് ആവശ്യപ്പെട്ടു.

ആര്യന്‍ ഖാന്റെ സംവിധാന അരങ്ങേറ്റമാണ് 'ദ ബാഡ്സ് ഓഫ് ബോളിവുഡ്'. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മാണം. താരങ്ങള്‍, താരങ്ങളുടെ പിറവി, സിനിമാ മേഖലയിലെ കഥകള്‍, ആഘോഷങ്ങള്‍, റൂമറുകള്‍ അതിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്നിങ്ങനെ ആക്ഷേപ ഹാസ്യപരമാണ് സീരീസിന്റെ ആഖ്യാനം.

SCROLL FOR NEXT