മുംബൈ: അറുപതാം പിറന്നാളിന്റെ നിറവിലാണ് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍. ഇന്ത്യൻ സിനിമയുടെ സൂപ്പർസ്റ്റാർ ആയി മാറിയ ഷാരൂഖിൻ്റെ ജീവിതം സിനിമാ കഥ പോലെ അവിശ്വസനീയമാണ്. മുംബൈയിലെ വാടകമുറിയില്‍ നിന്ന് മന്നത്ത് എന്ന ആഡംബര ഭവനത്തിലേക്ക് ആ താരം എത്തിയത് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയാണ്. ഷാരൂഖിന്റെ കഴിവിൽ മറ്റാരേക്കാളും വിശ്വാസം അര്‍പ്പിച്ചതും ആത്മവിശ്വാസമായതും ജീവിതപങ്കാളി ഗൗരിയും. എന്നാല്‍, തങ്ങളുടെ പ്രണയകാലത്ത് ഷാരൂഖ് മറ്റ് നടിമാരുമായി ഇഴുകിച്ചേർന്ന് അഭിനയിക്കുന്നത് ഗൗരിക്ക് ഇഷ്ടമായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്റെ ദീർഘകാല സുഹൃത്തായ നിർമാതാവും നടനുമായ വിവേക് വാസ്വാനി.
റേഡിയോ നഷയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിനിടെയാണ് വിവേക് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷാരൂഖ് ഖാന്റെ ജീവിതയാത്രയെപ്പറ്റി പറയുന്നതിനിടെയാണ് ഗൗരിയെപ്പറ്റി വിവേക് സംസാരിച്ചത്. "ഷാരൂഖിന്റെ അമ്മയ്ക്ക് അസുഖം മൂർച്ഛിച്ച സമയം. മരുന്ന് വാങ്ങുന്നതിനെപ്പറ്റി എന്നെ വിളിച്ചുപറഞ്ഞു. അച്ഛന്റെ അടുത്തുനിന്നും പണം കടം വാങ്ങി ഞാന്‍ രമണ്‍ എന്ന സുഹൃത്തിന്റെ പക്കല്‍ കൊടുത്തയച്ചു. പിന്നാലെ ഞാനും ഡല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചു. അവിടെവച്ചാണ് ഞാന്‍ ഗൗരിയെ കാണുന്നത്," വിവേക് ഓർമിച്ചു.
ആ സമയത്താണ് നിർമാതാവ് വിക്രം മല്‍ഹോത്ര ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഷാരൂഖിനെ സമീപിക്കുന്നത്. എന്നാല്‍ ആ ഓഫർ ഷാരൂഖ് നിരസിച്ചു. തനിക്ക് സിനിമകള്‍ ചെയ്യേണ്ട എന്ന ഷാരൂഖ് വ്യക്തമാക്കി എന്ന് വിവേക് പറയുന്നു. മറ്റ് നടിമാരെ കെട്ടിപ്പിടിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് ഗൗരി പറഞ്ഞതാണ് ഇതിന് കാരണമായി ഷാരൂഖ് പറഞ്ഞതെന്നാണ് വിവേക് പറയുന്നത്. തന്റെ നിർബന്ധത്തെ തുടർന്നാണ് ഷിംലയില്‍ മൂന്ന് ദിവസത്തെ ഷൂട്ടിനായി ഷാരൂഖ് പോകുന്നത്. ഒപ്പം താനും കൂടി. കേതന്‍ മേത്തയുടെ 'മായാ മേംസാബ്' ആയിരുന്നു സിനിമ. അതൊരു ആർട്ട് പടമായിരുന്നു. അമ്മ മരിക്കും മുന്‍പാണ് ആ സിനിമ ഷാരൂഖ് ചെയ്തതെന്നും വിവേക് വാസ്വാനി കൂട്ടിച്ചേർത്തു.
1991ല്‍ ആണ് ഷാരൂഖ് ഖാന്‍ ഗൗരിയെ വിവാഹം ചെയ്യുന്നത്. മക്കൾ ആര്യനും സുഹാനയും അബ്രാമും ചേരുന്നതാണ് ഇവരുടെ കുടുംബം. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുന്ന വ്യക്തിയാണ് ഷാരൂഖ് ഖാൻ.