കൊച്ചി: ഫർഹാന്‍ അക്തർ ചിത്രം 'ഡോണ്‍ 3' പ്രഖ്യാപിച്ച ദിവസം മുതല്‍ സംസാരവിഷയമാണ്. അമിതാഭ് ബച്ചന്റെ ക്ലാസിക് കൊമേഷ്യല്‍ ഹിറ്റായ 'ഡോണ്‍' ഫർഹാന്‍ പുനഃരവതരിപ്പിച്ചപ്പോള്‍ ഷാരുഖ് ഖാന്‍ ആയിരുന്നു നായകന്‍. ഷാരുഖിന്റെ ഡോണിന് വലിയതോതില്‍ ആരാധകരുമുണ്ട്. എന്നാല്‍, ഡോണ്‍ സീരിസിലെ മൂന്നാം ചിത്രത്തില്‍ ഷാരൂഖിന് പകരം രണ്‍വീർ സിംഗിനെ ആണ് ഫർഹാൻ കാസ്റ്റ് ചെയ്തത്. ഇത് വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, 'ധുരന്ധർ' എന്ന ചിത്രം ബ്ലോക്ക്ബസ്റ്റർ ആയതിന് പിന്നാലെ രൺവീർ സിംഗ് 'ഡോൺ 3'യിൽ നിന്ന് പിന്മാറിയെന്നും ഷാരൂഖ് സിനിമയിലേക്ക് മടങ്ങിവരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.
രൺവീറിന് പുറമെ നായിക കിയാര അദ്വാനിയും വില്ലൻ വേഷം ചെയ്യാനിരുന്ന വിക്രാന്ത് മാസിയും ചിത്രത്തിൽ നിന്ന് നേരത്തെ ഒഴിഞ്ഞിരുന്നു. രൺവീർ പിന്മാറിയ സാഹചര്യത്തിൽ ഷാരൂഖ് ഖാൻ വീണ്ടും 'ഡോൺ' ആയി എത്താൻ തയ്യാറായതായാണ് സൂചനകൾ. എന്നാൽ ഒരു പ്രധാന നിബന്ധന നടൻ മുന്നോട്ട് വച്ചിട്ടുണ്ട്. അറ്റ്‌ലി 'ഡോൺ 3' സംവിധാനം ചെയ്യണം എന്നതാണ് ഷാരൂഖിന്റെ ആവശ്യം. നടന്റെ സമീപകാലത്തെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു അറ്റ്ലി സംവിധാനം ചെയ്ത 'ജവാൻ'. ഈ ചിത്രത്തിലൂടെ ഷാരൂഖിന് ആദ്യമായി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു.
സംവിധായകനായ ഫർഹാൻ അക്തർ തന്നെയാണ് 'ഡോൺ 3' നിർമിക്കുന്നത് . കൃതി സനോൺ നായികയായി ചിത്രത്തിലുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. നിലവിൽ അടുത്ത ചിത്രമായ 'കിംഗിന്റെ' തിരക്കുകളിലാണ് ഷാരൂഖ് ഖാൻ. വമ്പന്‍ ഹിറ്റായി മാറിയ 'പഠാന്' ശേഷം ഷാരൂഖിനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'കിംഗ്'. റെഡ് ചില്ലീസ് എന്റർടൈൻമെന്റും മാർഫ്ലിക്സ് പിക്ചേഴ്സും ചേർന്നാണ് സിനിമയുടെ നിർമാണം. ദീപിക പദുകോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, ജാക്കി ഷ്രോഫ്, അര്‍ഷാദ് വര്‍സി, റാണി മുഖര്‍ജി, രാഘവ് ജുയല്‍, അഭയ് വര്‍മ, സൗരഭ് ശുക്ല, ജയ്‌ദീപ് അഹ്‍ലാവത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് വേഷങ്ങളിലെത്തുന്നത്. ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയും സിനിമയില്‍ ഒരു പ്രധാന റോളില്‍ എത്തുന്നു.