ന്യൂഡല്‍ഹി: ബോളിവുഡിന്റെ താര രാജാക്കന്മാരാണ് ആമിർ, ഷാരൂഖ്, സല്‍മാന്‍, ഖാന്‍ ത്രയം. ആയിരം കോടി ക്ലബുകളിലും ആരാധകരുടെ മനസിലും സ്ഥാനം നേടിയവർ. അടുത്തിടെ റിയാദില്‍ നടന്ന ജോയ് ഫോറത്തില്‍ മൂവരും ഒരുമിച്ചാണ് പങ്കെടുത്തത്. ഈ പരിപാടിയില്‍ സല്‍മാന്‍ ഖാന്‍ നടത്തിയ പരാമർശവും അതിന് ഷാരുഖ് നല്‍കിയ മറുപടിയും ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാണ്.
ആമിർ ഖാനും താനും സിനിമാ കുടുംബത്തില്‍ നിന്നാണെന്നും എന്നാല്‍ ഷാരൂഖ് ഡൽഹിയില്‍ നിന്നാണ് വന്നതെന്നും ഒരുപാട് കഷ്ടപ്പെട്ടെന്നുമാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്. സല്‍മാന്‍ ഇത് പറഞ്ഞതും ഷാരൂഖ് ഇടപെട്ടു. താനും സിനിമാ കുടുംബത്തില്‍ നിന്നാണെന്ന് പറഞ്ഞ ഷാരൂഖ് അത് വിശദീകരിച്ചപ്പോള്‍ വേദിയിലും സദസിലും ഇരുന്നവർ പുഞ്ചിരിക്കുന്നത് വീഡിയോസില്‍ കാണാം.
"ഞാനും സിനിമാ കുടുംബത്തില്‍ നിന്നാണ്. സല്‍മാന്റെ കുടുംബമാണ് എന്റെ കുടുംബം. ആമിറിന്റെ കുടുംബം ആണ് എന്റെ കുടുംബം. അതുകൊണ്ടാണ് ഞാന്‍ സ്റ്റാർ ആയത്," ഷാരൂഖ് പറഞ്ഞു. "ഷാരൂഖ് എങ്ങനെയാണ് സ്റ്റാർ ആയതെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായില്ലേ എന്ന് ആമിറും കൂട്ടിച്ചേർത്തു.
ഏതാണ്ട് ഒരേ സമയത്താണ് ആമിറും സല്‍മാനും ഷാരൂഖും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. പതിറ്റാണ്ടുകളായി കോട്ടം തട്ടാതെ ഇവർ താരപദവി നിലനിർത്തുകയും ചെയ്യുന്നുണ്ട്. അടുത്തിടെ, നിരവധി ചടങ്ങുകളില്‍ മൂവരും ഒരുമിച്ച് എത്തിയിരുന്നു. ആമിറിന്റെ മകന്‍ 'നാദാനിയാ'ന്റെ പ്രത്യേക സ്ക്രീനിങ്ങിന് സല്‍മാനും ഷാരൂഖ് ഖാനും പങ്കെടുത്തിരുന്നു.
'ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിള്‍ ഖന്ന' എന്ന ടോക്ക് ഷോയില്‍ ഒരുമിച്ച് എത്തിയ ആമിറും സല്‍മാനും പഴയകാല അനുഭവങ്ങള്‍ പലതും പങ്കുവച്ചിരുന്നു. ഷാരുഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധായകനായി അരങ്ങേറിയ 'ദ ബാ***ഡ്സ് ഓഫ് ബോളിവുഡ്' എന്ന ചിത്രത്തില്‍ ഇരുവരും അതിഥി വേഷത്തിലും എത്തിയിരുന്നു.
അതേസമയം, സീതാരേ സമീൻ പർ എന്ന ചിത്രത്തിലാണ് ആമിർ ഖാൻ അവസാനമായി അഭിനയിച്ചത്. സിനിമയ്ക്ക് മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ലഭിച്ചത്. ഈ വർഷം ആദ്യം ഈദ് റിലീസായി പുറത്തിറങ്ങിയ 'സിക്കന്ദറി'ലൂടെ സൽമാൻ ഖാൻ ബോക്സ്ഓഫീസില്‍ അത്ഭുതം ആവർത്തിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍, സിനിമ പരാജയമായിരുന്നു. ഷാരൂഖ് ഖാൻ അവസാനമായി എത്തിയത് രാജ്കുമാർ ഹിറാനിയുടെ 'ഡങ്കി'യിലാണ്. ഈ സിനിമയും പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.