ENTERTAINMENT

'ജയിലർ 2' പാട്ട് ഷൂട്ട് ചെയ്യുമ്പോൾ ഗർഭിണിയായിരുന്നു, അപ്പോഴത് അറിയില്ലായിരുന്നു: ഷംന കാസിം

അനിരുദ്ധ് ഈണമിട്ട ഗാനത്തിന്റെ ഹൈലൈറ്റ് ഷംനയുടെ ചടുലമായ നൃത്തമാണ്

Author : ന്യൂസ് ഡെസ്ക്

രജനികാന്ത് - നെൽസൺ ദിലീപ് കുമാർ ചിത്രം 'ജയിലർ 2'ലെ 'അല ബൊലേലോ' എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചുകഴിഞ്ഞു. അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഗാനത്തിന്റെ ഹൈലൈറ്റ് നടി ഷംന കാസിമിന്റെ ചടുലമായ നൃത്തമാണ്. ഇപ്പോഴിതാ, ഗാനരംഗത്തിൽ അഭിനയിക്കുമ്പോൾ താൻ ഗർഭിണിയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷംന. 'ജയിലർ 2'ലേക്ക് വിളിവന്നപ്പോൾ ആദ്യം വിശ്വസിക്കാൻ സാധിച്ചില്ലെന്നും പ്രാങ്ക് ആണെന്ന് കരുതിയെന്നും താരം വ്യക്തമാക്കി.

"പ്രൊഡക്ഷനിൽ നിന്നാണ് ആദ്യം കോൾ വന്നത്. 'ജയിലർ 2'ൽ ഒരു സ്പെഷ്യൽ സോങ് ഉണ്ടെന്ന് പറഞ്ഞു. പ്രാങ്ക് ആയിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ, വിളിച്ച ആളെ എനിക്ക് പരിചയമുണ്ട്. അതുകൊണ്ട് പ്രാങ്ക് ആവാൻ സാധ്യതയില്ലെന്ന് തോന്നി. എന്നിട്ടും ഭർത്താവിനോട് പോലും അപ്പോൾ ഈ കാര്യം പറഞ്ഞിരുന്നില്ല. വലിയ പടമല്ലേ. രജനികാന്ത് സിനിമയിലേക്ക് വിളിച്ചുവെന്നൊക്കെ പറഞ്ഞാൽ വട്ടാണെന്നല്ലേ പറയൂ. രണ്ടാമത്തെ ദിവസം കാര്യം പറഞ്ഞു. അദ്ദേഹം അഭിനന്ദനങ്ങൾ പറഞ്ഞു. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. എന്റെ മുന്നിലെ അടുത്ത ചോദ്യ ചിഹ്നം എന്റെ കോസ്റ്റ്യൂം ആയിരുന്നു. സാരിയാണെന്നും നിങ്ങളുടെ സൗകര്യമാണ് പ്രധാനം എന്നും അവർ പറഞ്ഞപ്പോൾ എനിക്ക് ആശ്വാസമായി," ഷംന പറയുന്നു.

"എനിക്കിപ്പോൾ അഞ്ച് മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. രണ്ടാമത്തെ കുട്ടി. ആറ് ദിവസമായിരുന്നു 'ജയിലർ 2' പാട്ടിന്റെ ഷൂട്ട്. അടുത്ത ദിവസം ഞാൻ 'അഖണ്ഡ 2' ഷൂട്ട് പൂർത്തിയാക്കാൻ പോയി. അതിനടുത്ത ദിവസമാണ് ഗർഭിണിയാണെന്ന് ഞാൻ മനസിലാക്കിയത്. പാട്ട് ഷൂട്ട് ചെയ്യുമ്പോൾ ഗർഭിണിയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. പ്രൊഡക്ഷൻ ഹൗസും ഞെട്ടി. എന്റെ അമ്മ കേട്ടപാടെ പറഞ്ഞത്, 'ഇത്രയും ഡാൻസ് കളിച്ചിട്ട് നീ എങ്ങനെ പ്രഗ്നന്റ് ആവും? ഒന്നുകൂടി പരിശോധിച്ചുനോക്ക്' എന്നാണ്. വീണ്ടും പരിശോധിച്ചു. അതും പോസിറ്റീവ് ആയിരുന്നു. ദുആ ജമീല എന്നാണ് മോൾക്കിട്ട പേര്. പക്ഷേ ഞാൻ വിളിക്കുന്നത് ജയിലർ ബേബി എന്നാണ്," താരം കൂട്ടിച്ചേർത്തു.

സൂപ്പർ ഹിറ്റായ ‘കുർച്ചി മഡ്ത്തപെട്ടി’ എന്ന തെലുങ്ക് ഗാനത്തിന് ശേഷം ഷംന പ്രത്യക്ഷപ്പെട്ട ഡാൻസ് നമ്പരാണ് 'അല ബൊലേലോ'. 'ഗൂണ്ടൂർകാരം’ എന്ന ചിത്രത്തിലെ ഈ ഗാനത്തിൽ ശ്രീലീലയ്ക്കൊപ്പം തിളങ്ങിയ ഷംനയ്ക്ക് വലിയ പ്രശംസ ലഭിച്ചിരുന്നു. മഹേഷ് ബാബു നായകനായി എത്തിയ ചിത്രത്തിലെ ഗാനരംഗത്തിൽ ഷംന തകർപ്പൻ പ്രകടനം കാഴ്ചവച്ചത് മൂത്ത മകനെ പ്രസവിച്ച ശേഷമായിരുന്നു.

അതേസമയം, 'ജയിലർ 2' ഒക്ടോബർ 15ന് തിയേറ്ററുകളിലെത്തും. സിനിമയുടെ ചിത്രീകരണം പൂർത്തിയായതോടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടന്നിരിക്കുകയാണ് അണിയറപ്രവർത്തകർ. രമ്യ കൃഷ്ണൻ, യോഗി ബാബു, എസ്.ജെ. സൂര്യ, വിദ്യാ ബാലൻ, ജതിൻ ശർമ, മോഹൻലാൽ, ജാക്കി ഷ്റോഫ്, മിഥുൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അതിഥി വേഷത്തിൽ വിജയ് സേതുപതിയും ചിത്രത്തിലുണ്ടാകും.

SCROLL FOR NEXT